കാടിന്റെ മക്കൾക്ക് അറിവു പകരാനായി ജീവിതം ഉഴിഞ്ഞുവച്ച ഉഷ ടീച്ചറുടെ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ‘അഞ്ച് മാസമായി ശമ്പളം കിട്ടിയിട്ട്. ഒരു ഘട്ടം കഴിയുമ്പോൾ പടിയടച്ചു പിണ്ഡം വയ്ക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. ’– നെഞ്ചു നീറിയുള്ള ഈ വാക്കുകൾ ഒരു അധ്യാപികയുടേതാണ്. കാടും മേടും പുഴയും താണ്ടി കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്ന ഈ അധ്യാപിക ഇപ്പോൾ പങ്കുവയ്ക്കുന്നത് അവഗണനയുടെ വാർത്തയാണ്. കഴിഞ്ഞ 5 മാസമായി ശമ്പളം കിട്ടിയിട്ട്. അംഗീകാരങ്ങളും ആദരവും കൊണ്ട് പൊതിഞ്ഞ അധികാരികൾ തിരിഞ്ഞു നോക്കാത്ത അവസ്ഥ. പരാധീനതകളുടെ നടുക്കടലിൽ നിൽക്കുമ്പോഴും ഒരു ആശങ്ക മാത്രമാണ് ഉഷ ടീച്ചർ പങ്കുവയ്ക്കുന്നത്.

ഉഷ ടീച്ചറുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

പുരസ്‌കാരങ്ങൾ എന്നെ നോക്കി പല്ലിളിക്കുന്നു. ഇതുവരെ എന്തു നേടി എന്ന്. ഞാൻ തിരുവനന്തപുരം ജില്ലയിൽ അഗസ്ത്യ മലനിരകളുടെ ഭാഗമായ തൊടുമലയിൽ ജലാശയം കടന്ന് വനമേഖലയിൽ കൂടി കിലോമീറ്ററുകൾ നടന്നു സമൂഹത്തിൽ പിന്നോക്കക്കാരുടേയും നിരാലംബരുടേയും മക്കൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകുന്ന അധ്യാപികയാണ്. കഴിഞ്ഞ 20വർഷക്കാലമായി നാമമാത്രമായ ശമ്പളത്തിൽ നിന്നും,ബഹു:ഉമ്മൻചാണ്ടി സർക്കാർ ജീവിച്ചു പോകാൻ സാധ്യമായ ശമ്പളപരിഷ്കരണ ഉത്തരവ് നടത്തി ഞങ്ങളോട് കരുണ കാണിച്ചു. ഇപ്പോഴത്തെ സർക്കാർ ചില നടപടികൾ ചെയ്തു തന്നിട്ടുമുണ്ട്. psc എഴുതുവാനുള്ള പ്രായവും പിന്നിട്ടു.

ഈ ജോലി സ്ഥിരപെടുമോ?അതോ വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞുവിടുമോ? ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം ഇല്ല. ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്നുപറഞ്ഞത്പോലെ കഴിഞ്ഞ 5മാസമായി ശമ്പളവും ഇല്ല. സ്കൂളിൽ പാചകം ചെയ്യുന്നവർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്. അതിന് വളരെ നന്നിയുണ്ട് ? എന്നാൽ പ്യുൺ ജോലിമുതൽ ഹെഡ്മാസ്റ്റർ വരെയുള്ള ജോലികൾ നിർവഹിക്കുന്ന ഞങ്ങൾക്ക് ശമ്പളത്തിന് യാതൊരു കൃത്യതയും ഇല്ല. മടുത്തു. ഞാൻ മാത്രമല്ല കേരളത്തിലെ 340അധ്യാപകരും.

പൊതുപ്രവർത്തകരും മാധ്യമ പ്രവർത്തകരും ഒരുപിടി അംഗീകരവും പുരസ്‌കാരങ്ങളും തന്നു. അതിനു സന്തോഷവും നന്ദിയും ഉണ്ട്. പക്ഷെ മുകളിൽ പറഞ്ഞത് പോലെ തുടർന്നാൽ അധികാരിവർഗ്ഗം ഒരു ഘട്ടം കഴിയുമ്പോൾ പടിയടച്ചു പിണ്ഡം വയ്ക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. എന്റെ മക്കൾ എന്നോട് ചോദിച്ചഒരു ചോദ്യം ഉണ്ട്.ഞങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതെ വീട്ടിൽ നിന്നും കൂടി കൊണ്ട് പോയി കാട്ടിന്റെ മക്കളെ നോക്കുന്ന അമ്മക്ക് അവസാനം അവർ കാണുമോ?... എന്ന്. അവർ തരുമോ എന്ന്??. സർക്കാർ നോക്കുമോ?.. എന്ന്. ഈ ചോദ്യങ്ങളെ ആണ് ഞാൻ കൂടുതൽ ഭയപ്പെടുന്നത്. ഞാൻ ഒരു ആസ്മരോഗിയും കൂടിയാണ്. മാസംതോറും ഉള്ള ഗുളിക വാങ്ങിക്കാൻ തന്നെ വളരെ ബുദ്ധി മുട്ടുന്നു. ഞങ്ങൾക്ക് ഒരു ഇൻഷുറൻസ്സ് പരിരക്ഷ പോലും ഇല്ല ഇടുക്കിയിലെ ലിസി ടീച്ചറെ ഞാൻ ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു.

വിദ്യാഭ്യാസ പരിഷ്കരണകർത്താക്കളും സാമൂഹിക സാംസ്‌കാരിക നിരീക്ഷകരും തിരിച്ചറിയാത്ത കണ്ണ് തുറന്നു കാണാത്ത കാടിന്റെ മക്കളെ പഠിപ്പിക്കുന്നകേരളത്തിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ പണിയെടുക്കുന്ന അധ്യാപകർക്കു വേണ്ടി.. തൊഴിലിനു സ്ഥിരനിയമനം തരാത്ത,ഞങ്ങൾക്ക് മാസംതോറും ശമ്പളം പോലും തരാതെ കൃത്യമായി അവരവരുടെ ശമ്പളം മാസം തോറും എഴുതി എടുക്കുന്ന ഉദ്യൊഗസ്ഥഭരണ മേധാവികളുടെ അവഗണനയ്ക്ക് എതിരെ സ്വന്തം ജീവൻ എടുക്കാൻ ഞാൻ തയ്യാറെടുക്കുന്നു? ഇതിന് ആരെങ്കിലും ഉത്തരവാദി എങ്കിൽ അത് മേൽ പറഞ്ഞ ആളുകൾ മാത്രം. ഇത് കേൾക്കുമ്പോൾ സഹതപിക്കുന്നവരുണ്ടാകാം, അരുതേ എന്നു പറയുന്നവർ ഉണ്ടാകാം ആശ്വസിപ്പിക്കുന്നവർ ഉണ്ടാകാം, പരിഹസിക്കുന്നവർ ഉണ്ടാകാം. അതിനുമാപ്പുറം തീരുമാനങ്ങളും ഉത്തരവുകളും ആണ് ഉണ്ടാകേണ്ടത്. ഞാൻ അക്ഷരം പഠിപ്പിച്ചവരും എന്നെ സ്നേഹിന്നവരുംഎന്നോട് ക്ഷമിക്കണം. എന്റെ തീരുമാനം എന്റെ കുടുമ്പത്തിനും എനിക്കും ഒരുപാട് നഷ്ടം ഉണ്ടാക്കും എന്ന് എനിക്ക് അറിയാം. എങ്കിലും ജീവിതത്തിന്റെ നല്ല കാലഘട്ടം മുഴുവൻ അധ്യാപന രംഗത്ത് സേവനം അനുഷ്ഠിച്ച ഏകാധ്യാപകരായ സഹപ്രവർത്തകർക്കെങ്കിലും എന്റെ വേർപാട് ഒരു മോചനം ആകട്ടെ? എന്തിനാണ് ഞാൻ ഇങ്ങനെ ചെയ്യേണ്ടി വരുന്നത് എന്ന് എന്റെ കൂട്ട്കാർക്ക് ബോധ്യപ്പെടുന്നതി ന് ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. എല്ലാവരും എന്നോട് ക്ഷമിക്കണം.

English Summary: Kaadinte Makkal Usha Viral Facebook Post

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT