പുതിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടുകൊണ്ട്, യുഎസ് മുന്‍ പ്രഥമ വനിത ഹിലറി ക്ലിന്റന്റെ ജീവിതത്തിലേക്കു വെളിച്ചം വീശുന്നഡോക്യുമെന്ററി. ഹിലറി എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയില്‍ സമര്‍ഥയായ വിദ്യാര്‍ഥിയെന്ന നിലയിലുള്ള ജീവിതകാലം മുതല്‍ 2016 ല്‍ ഡോണള്‍ഡ് ട്രംപിനോട് തോല്‍ക്കുന്ന കാലം വരെയുള്ള ഹിലറിയുടെ ജീവിതമാണ് പറയുന്നത്. കഷ്ടപ്പാടിന്റെ കാലത്തുനിന്നുമുള്ള ഉയര്‍ച്ചയും പ്രഥമവനിത കാലത്ത് നേരിട്ട വിവാദവും അപമാനഭാരത്താല്‍ തലകുനിച്ചുള്ള പടിയിറക്കവും പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിലെ തോല്‍വിയും. ഒരു സിനിമയെ വെല്ലുന്ന നാടകീയതകളുള്ളതാണ് ഹിലറിയുടെ ജീവിതം. എന്നാല്‍ ഡോക്യുമെന്ററി ഇപ്പോള്‍ വിവാദമാകാന്‍ കാരണം ഭര്‍ത്താവ് ക്ലിന്റന്റെ ജീവിതത്തിലെ വിവാദവും അദ്ദേഹത്തിന്റെ ഇംപീച്ച്മെന്റിലേക്കു നയിച്ച നടപടിക്രമങ്ങളുമാണ്. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കുപ്രശസ്തമായ മോനിക്ക ലെവിന്‍സ്കി എപ്പിസോഡ്. 

ഡോക്യുമെന്ററിയിലെ അഭിമുഖത്തില്‍ ക്ലിന്റന്‍ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നുണ്ട്; ഹിലറിയും. രണ്ടുപേരും പരസ്യ പ്രസ്താവനകള്‍ നടത്താന്‍ മടിച്ചിരുന്ന മോനിക്ക ലെവിന്‍സ്കി വിവാദത്തെക്കുറിച്ചും ഇരുവരും തുറന്നുപറയുന്നു. സ്ഫോടനാത്മകമാണ് പല വിവരങ്ങളും. വൈറ്റ് ഹൗസ് ജീവനക്കാരി മോനിക്ക ലെവിന്‍സ്കി ക്ലിന്റനുമായുള്ള ബന്ധത്തിന്റെ പേരില്‍ അപമാനം നേരിട്ട വ്യക്തിയാണ്. ഹിലറിയോടു സഹതാപം തോന്നിയവര്‍  പഴിച്ചതും ശപിച്ചതും മോനിക്കയെയാണ്. പക്ഷേ, താന്‍ മോനിക്കയോട് മാപ്പ് പറഞ്ഞെന്നാണ് ഡോക്യുമെന്ററിയില്‍ ക്ലിന്റന്‍ വെളിപ്പെടുത്തുന്നത്. താനുമായുണ്ടായ ലൈംഗിക ബന്ധം അവരുടെ ജീവിതം മുഴുവന്‍ നിഴല്‍ വീഴ്ത്തുന്ന സംഭവമാകുമെന്ന് മനസ്സിലാക്കിയാണു മാപ്പപേക്ഷിച്ചതെന്നും ക്ലിന്റന്‍ തുറന്നുപറയുന്നു. 

ചില സംഭവങ്ങള്‍ ജീവിതത്തില്‍ ഒഴിവാക്കാനാവാത്തതാണ്. അവ സംഭവിച്ചുകഴിഞ്ഞാല്‍ പിന്നെ ചെയ്യാവുന്നത്, മുന്നോട്ടുപോകുക എന്നതു മാത്രമാണ്. സംഭവിച്ചതു മറന്നും ഭാവിയിലേക്കു നോക്കിയും മുന്നോട്ടുനടക്കുക. അതാണ് താന്‍ മോനിക്കയോട് ഉപദേശിച്ചതെന്നും ക്ലിന്റന്‍ പറയുന്നു. വിവാദം ക്ലിന്റന്റെ ഇംപീച്ച്മെന്റിലേക്ക് നയിച്ചെങ്കിലും സെനറ്റിലെ വിചാരണ അതിജീവിച്ച് അദ്ദേഹം രണ്ടാം തവണയും ഭരണത്തില്‍ തുടര്‍ന്നു. ഇതിനുമുമ്പ് 2018 ല്‍ മോനിക്കയെക്കുറിച്ച് ക്ലിന്റന്‍ പരസ്യപ്രസ്താവന നടത്തിയിരുന്നു. താന്‍ മാപ്പ് പറഞ്ഞില്ലെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. അത് ഹിലറിക്കു തിരിച്ചടിയാകുകയും ചെയ്തു.

മോനിക്കയുമായുള്ള ലൈംഗിക ബന്ധത്തിന്റെ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഗ്രാന്‍ഡ് ജ്യൂറിയോട് ക്ലിന്റന്‍ കള്ളമാണ് പറഞ്ഞത്. അദ്ദേഹം സംഭവം പൂര്‍ണമായി നിഷേധിച്ചു.   മോനിക്കയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല എന്നാണ് ഹിലറിയോടും അദ്ദേഹം പറഞ്ഞിരുന്നത്. ഹിലറി അതു വിശ്വസിക്കുകയും ചെയ്തു. പക്ഷേ പിന്നീട് കുറ്റസമ്മതം നടത്തി. ‘ ഞാന്‍ മുറിയിലേക്കു കടന്നുചെന്ന് കിടക്കയില്‍ ഇരുന്നു. ഹിലറിയോട് സംസാരിച്ചു. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിത്തന്നെ പറഞ്ഞു. എപ്പോള്‍ എവിടെവച്ച് എന്തു സംഭവിച്ചു എന്ന്. അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നോടുതന്നെ ദേഷ്യം തോന്നുന്നുവെന്നും ഞാന്‍ പറഞ്ഞു. കുറച്ചുനാളായി ഞങ്ങളുടെ ബന്ധം അത്രനല്ല അവസ്ഥയിലായിരുന്നില്ല. ഞാന്‍ എന്നെ പ്രതിരോധിക്കുന്നില്ലെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. ചെയ്തത് മാപ്പര്‍ഹിക്കാത്ത പ്രവൃത്തിയാണെന്നും തീര്‍ത്തുപറഞ്ഞു- ക്ലിന്റന്‍ ഓര്‍മിക്കുന്നു. 

ഈ സംഭവത്തെക്കുറിച്ച് ഹിലറിയും ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ട്. ‘‘ ഞാന്‍ ആകെ തകര്‍ന്നുപോയി. എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വ്യക്തിപരമായി മുറിവേറ്റതുപോലെയാണ് എനിക്ക് തോന്നിയത്. എന്നോട് അദ്ദേഹം കള്ളം പറഞ്ഞല്ലോ എന്ന് ഓര്‍ത്തപ്പോള്‍ ഞാന്‍ പാടേ തകര്‍ന്നുപോയി- ഹിലറി പറയുന്നു. പ്രസിഡന്റ് പദവിയില്‍ ഇരുന്നകാലത്ത് അനുഭവിച്ച സമ്മര്‍ദത്തില്‍നിന്നു രക്ഷപ്പെടാനാണ് താന്‍ മോനിക്കയുമായി ബന്ധം തുടങ്ങിയതെന്നാണ് ക്ലിന്റന്‍ വിശദീകരിക്കുന്നത്. ജോലിയുടെ സമ്മര്‍ദം അക്കാലത്ത് എന്നെ വല്ലാതെ വേട്ടയാടിയിരുന്നു. 30 റൗണ്ട് മത്സരത്തില്‍ പങ്കെടുത്തതിനുശേഷം തളര്‍ന്നവശനായ ബോക്സറെപ്പോലെയാണ് എനിക്ക് തോന്നിയത്. എല്ലാ സമ്മര്‍ദങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ ഒരവസരം എന്ന നിലയിലാണ് മോനിക്കയുമായുള്ള ബന്ധം എനിക്ക് തോന്നിയത്. എല്ലാം മറക്കാന്‍ ഒരവസരം- ക്ലിന്റന്‍ ഓര്‍മിക്കുന്നു. 

സംഭവം വലിയ വിവാദമാകുകയും കുടുംബജീവിതം തകരുകയും ചെയ്തപ്പോള്‍ തങ്ങള്‍ കൗണ്‍സലിങ്ങിനു വിധേരായി എന്നും ഡോക്യുമെന്ററിയിലെ അഭിമുഖത്തില്‍ ഹിലറി പറയുന്നുണ്ട്. ലൈംഗിക വിവാദത്തെക്കുറിച്ച് മകള്‍ ചെല്‍സിയോട് ക്ലിന്റന്‍ തന്നെ പറയണമെന്നു നിര്‍ദേശിച്ചതും ഹിലറി തന്നെയായിരുന്നു. ഭാര്യയോട് എങ്ങനെയെങ്കിലും പറയാം. 18 വയസ്സ് മാത്രമുള്ള മകളോട് എങ്ങനെ മോനിക്കയെക്കുറിച്ച് സംസാരിക്കും.. അതായിരുന്നു ഏറ്റവും വേദനാജനകമെന്നും ക്ലിന്റന്‍ തുറന്നുസമ്മതിക്കുന്നു.  

എല്ലാവരുടെയും ജീവിതത്തില്‍ സമ്മര്‍ദങ്ങളുണ്ട്. നല്ലതും ചീത്തയുമായ അനുഭവങ്ങളുണ്ട്. നൈരാശ്യങ്ങളും പേടികളുമുണ്ട്. അവയെല്ലാം എന്നെ തെറ്റായ തീരുമാനമെടുക്കാനാണ് പ്രേരിപ്പിച്ചത്. ആദ്യകാലത്ത് കള്ളം പറയാനും- ക്ലിന്റന്‍ പറയുന്നു. ഒടുവില്‍ താന്‍ പൂര്‍ണമായും മാറ്റം സംഭവിച്ച മനുഷ്യനായെന്നും അദ്ദേഹം സമ്മതിക്കുന്നു. വിവാദം കൊടുമ്പിരിക്കൊണ്ട സമയത്തുതന്നെയാണ് ക്ലിന്റന്‍ കുടുംബവുമൊത്ത് ഒരു അവധിക്കാല യാത്രയ്ക്കു പോകുന്നത്. ആ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഹിലറി ഒരു തീരുമാനത്തില്‍ എത്തിയിരുന്നു. തന്റെ ഭര്‍ത്താവിനൊപ്പം നില്‍ക്കുക. അദ്ദേഹത്തെ പിന്തുണയ്ക്കുക. ഈംപീച്ച്മെന്റിനെ നേരിടുക. അവധിക്കാല യാത്ര പൂര്‍ത്തിയാക്കി തിരിച്ച് ഹെലികോപ്റ്ററില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കു മടങ്ങുമ്പോള്‍ ചെല്‍സി മാതാപിതാക്കളുടെ രണ്ടുപേരുടെയും കൈകള്‍ തന്റെ കയ്യിലെടുത്തു. ആ നിമിഷം ഞാന്‍ ഒന്നേ വിചാരിച്ചുള്ളൂ. എന്റെ ദൈവമേ... എത്ര ശക്തയാണ് എന്റെ മകള്‍. എത്രമാത്രം ബുദ്ധിമതിയും.  ഹിലറി ഓര്‍മിക്കുന്നു. 

പില്‍ക്കാല ജീവിതത്തെ മോനിക്ക എങ്ങനെ നേരിടുമെന്ന് ആലോചിച്ച് താന്‍ വിഷമിച്ചിട്ടുണ്ടെന്നും ക്ലിന്റന്‍ അഭിമുഖത്തില്‍ സമ്മതിക്കുന്നു.  ഒരു സ്ത്രീയുടെ ജീവിതം നശിപ്പിച്ചു എന്ന ചിന്ത തന്നെ വേട്ടയാടിയെന്നും അദ്ദേഹം സമ്മതിക്കുന്നു. ഡോക്യുമെന്ററിക്കുവേണ്ടി 35 മണിക്കൂറാണ് ഹിലറിയെ അഭിമുഖം നടത്തിയത്.. ജീവിതത്തില്‍ ഇനി ഒരു മത്സരത്തിനുമില്ല എന്നതുകൊണ്ടാണ് അവസാനമായി എല്ലാം തുറന്നുപറയാന്‍ താന്‍ തീരുമാനിച്ചതെന്നാണ് ഡോക്യുമെന്ററിയെക്കുറിച്ച് ഹിലറി പറയുന്നത്. 

എന്റെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് ഞാനല്ലെങ്കില്‍ മറ്റാരാണ് പറയേണ്ടത്. ഞാന്‍ പറയുന്നതായിരിക്കും ജനങ്ങള്‍ വിശ്വസിക്കുന്നത്. ഞാന്‍ എല്ലാം പറയുക തന്നെ വേണം- തന്റെ തീരുമാനത്തെക്കുറിച്ച് ഹിലറി പശ്ചാത്താപമില്ലാതെ പറയുന്നു. 1995 ലാണ് ക്ലിന്റനും മോനിക്കയും തമ്മില്‍ വൈറ്റ് ഹൗസില്‍വച്ച് അവഹിതബന്ധമുണ്ടാകുന്നത്. അപ്പോള്‍ ക്ലിന്റന് 49 വയസ്സ്. മോനിക്ക ലെവിന്‍സ്കിക്ക് 22 ഉം. രണ്ടു വര്‍ഷം അവരുടെ ബന്ധം നീണ്ടുനിന്നു. ഇതിനിടെ, 9 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവന്ന് മോനിക്ക പിന്നീട് തുറന്നു സമ്മതിച്ചു. 1998 ജനുവരി 17 നാണ് സംഭവത്തെക്കുറിച്ചുള്ള ആദ്യത്തെ വാര്‍ത്ത പുറത്തുവരുന്നത്. അതു പിന്നീട് അമേരിക്കയെ പിടിച്ചുലച്ച വിവാദമായി മാറുകയും ചെയ്തു. 

English Summary: Bill Clinton Monica Lewinsky Affair