ഏതു വാക്കിൽ നന്ദി പറയണം? കൊറോണക്കാലത്ത് സഹായിച്ചില്ലെങ്കിലും അവരെ ഉദ്രവിക്കരുത്...!
ജോലി സ്ഥലത്തോ, യാത്രയിലോ എവിടെയുമാകട്ടെ, തൊട്ടടുത്തിരിക്കുന്ന വ്യക്തി ഒന്നു തുമ്മിയാലോ ചുമച്ചാലോ അൽപം സംശയത്തോടെയാണ് നമ്മൾ നോക്കുന്നത്. ഇനി കൊറോണ വല്ലതും...? അത്രയേറെ ജാഗ്രതയോടെയാണ് ശരാശരി മനുഷ്യന്റെ ഓരോ ദിനവും ഇപ്പോൾ കടന്നു പോകുന്നത്. കോവിഡ്–19 എന്ന മഹാമാരിയെ അത്രയേറെ ഭയക്കുന്നുണ്ട് ലോകം. കൊറോണ വൈറസ് ബാധിച്ചവരിൽ നിന്നും നമ്മൾ അകന്നു പോകുമ്പോൾ അവരെ ചേർത്തു നിർത്തുകയാണ് ചിലർ. അതെ, അവരാണ് യഥാർഥത്തിൽ ഭൂമിയിലെ മാലാഖമാർ.
സ്നേഹ പൂർവം പരിചരിച്ച് അവർക്കൊപ്പം നിൽക്കുന്ന നഴ്സുമാർ. സ്വന്തം ജീവനും ജീവിതവും മറന്നാണ് അവർ രോഗബാധിതർക്കൊപ്പം നിൽക്കുന്നത്. മനുഷ്യവർഗത്തിനായി ഈ മഹാമാരിയോട് പടപൊരുതുന്നത്. കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച ചൈനയിലെ വുഹാനിൽ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള നഴ്സുമാരുടെ ആതുര സേവനം ഏറെ പ്രശംസിക്കപ്പെടുകയാണ്. അഭിനന്ദനം കൊണ്ട് ലോകം അവരെ മൂടുമ്പോഴും വേണ്ടത്ര സുരക്ഷ നഴ്സുമാർക്ക് ലഭ്യമാകുന്നില്ല എന്നതാണ് വസ്തുത.
അമിത ജോലിഭാരവും വേണ്ടത്ര സുരരക്ഷിതത്വമില്ലാതെയുള്ള പരിചരണവും ഇവരെ കൂടി രോഗികളാക്കി മാറ്റിയേക്കുമെന്നതാണ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇറ്റലിയിൽ നിന്നുള്ള നഴ്സ് എലീസ ബോനാരിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. സുരക്ഷാ ഉപകരണങ്ങൾ മോശമാണ്. ഒരിക്കൽ കോട്ട് ധരിച്ചാൽ ആറുമണിക്കൂർ ബാത്ത് റൂമിൽ പോകാനോ വെള്ളം കുടിക്കാനോ സാധിക്കില്ല. ശാരീരികമായും മാനസീകമായും അവശത അനുഭവപ്പെടാറുണ്ട്. എലീസ പറഞ്ഞു. ചുവന്നു തടിച്ച പാടുകളുള്ള ചിത്രവും എലീസ പങ്കുവച്ചു. ഇറ്റലിയിലെ നഴ്സുമാരുടെ ദുരിതം ലോകത്തെ അറിയിക്കും വിധമായിരുന്നു ആ ഫോട്ടോ.
കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ല. കൊറോണ രോഗികളെ പരിചരിച്ച നഴ്സുമാരെ താമസസ്ഥലത്തു നിന്നും ഇറക്കിവിട്ട വാർത്തയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലൂടെ എല്ലാം കടന്നു പോകുമ്പോഴും മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സോഷ്യൽ മീഡിയ പേജിൽ തങ്ങൾക്ക് കഴിയുന്ന പരമാവധി സഹായം നൽകാൻ തയ്യാറാണെന്നു പറഞ്ഞ് നൂറുകണക്കിനു നഴ്സുമാരാണ് എത്തിയത്. സ്വന്തം ജീവൻ പോലും പണയം വച്ച് സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന നഴ്സുമാരോട് ഒറ്റവാക്കിൽ നന്ദി പറയാനാകില്ല. ഈ ദുരന്തകാലത്ത് അവരെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്...!