ഭർത്താവിനെ പാർപ്പിച്ചിരിക്കുന്നത് ഗ്യാരേജിൽ; ഞാനും കുഞ്ഞുങ്ങളും മാത്രം; കൊറോണ ഭയത്തിൽ യുവതി
കൊറോണ വൈറസിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ് ലോകം. ആയിരങ്ങൾക്കാണ് കോവിഡ്–19ലൂടെ ജീവൻ നഷ്ടമായത്. ലക്ഷക്കണക്കിന് ആളുകൾ കൊറോണയിലെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. നിത്യജീവിതം പലയിടത്തും താളം തെറ്റിയിരിക്കയാണ്. ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥർ ഒന്നടംങ്കം രാപകലില്ലാതെ രോഗികളെ പരിചരിക്കുന്നതിൽ വ്യാപൃതരായിരിക്കുകയാണ്. ഇത്തരത്തിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കോവിഡ്–19 രോഗികളെ പരിചരിക്കുന്ന ഒരാളുടെ ഭാര്യ എഴുതിയ അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
റേച്ചൽ പാട്സർ എന്ന യുവതിയുടെതാണ് കുറിപ്പ്. കൊറോണ വൈറസ് രോഗികളുമായി അടുത്ത് ഇടപഴകിയ ആളാണ് തന്റെ ഭർത്താവെന്നു പറഞ്ഞാണ് യുവതിയുടെ കുറിപ്പ്. ഈ കൊറോണക്കാലം എങ്ങനെ തങ്ങളുടെ ജീവിതത്തെ ബാധിച്ചു എന്നും യുവതി ട്വിറ്ററില്‍ കുറിച്ചു. രോഗികളുമായി വളരെ അടുത്ത് ഇടപഴകിയതിനാൽ വേദനയോടെ അദ്ദേഹത്തെ ഐസൊലേറ്റ് ചെയ്യാൻ തീരുമാനിച്ചതായും യുവതി വ്യക്തമാക്കി. വീടിനകത്ത് ഐസൊലേറ്റ് ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ ഗ്യാരേജിൽ അദ്ദേഹത്തെ പാർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു
‘ഞങ്ങൾക്ക് മൂന്നു കുട്ടികൾ ഉണ്ട്. ഇളയകുഞ്ഞിന് മൂന്നാഴ്ച മാത്രമാണ് പ്രായം. എത്രകാലം കുഞ്ഞുങ്ങളിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്താൻ കഴിയുമെന്ന് അറിയില്ല. വിഷമകരമായ അവസ്ഥയിലൂടെയാണ് ഞങ്ങൾ കടന്നു പോകുന്നത്. ആരോഗ്യരക്ഷാ പ്രവർത്തകരുടെ ജീവിതം എത്രമാത്രം ദുസ്സഹമാണെന്നതിന് ഒരു ഉദാഹരണം മാത്രമാണ്. ഇത് ഹൃദയഭേദകമാണ്. എല്ലാകാര്യങ്ങളും ഇപ്പോൾ ഒറ്റയ്ക്കാണ് കൈകാര്യം ചെയ്യുന്നത്. എന്റെ ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും ആരോഗ്യകാര്യത്തിൽ എനിക്ക് വലിയ ആശങ്കയുണ്ട്. സമൂഹവുമായുള്ള ഇടപഴകൽ കുറയ്ക്കണമെന്ന ആവശ്യം തള്ളിക്കളയുന്ന ജനങ്ങളെ കാണുമ്പോൾ ഭയമാണ്. രോഗികളുമായി അടുത്ത് ഇടപഴകുന്ന ആരോഗ്യ രക്ഷാപ്രവർത്തകരുടെ കുടുംബം എത്രമമാത്രം ആശങ്കയിലായിരിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് ദയവായി നിർദേശങ്ങൾ പാലിക്കണം.’– റേച്ചൽ വ്യക്തമാക്കി. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ഇത്തരം അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്.
English Summary: Her husband treats coronavirus patients, she shares how it changed their lives