ലോക സുന്ദരി ഐശ്വര്യ റായ് ബച്ചന്‍ ബോളിവുഡില്‍ സജീവമല്ലെങ്കിലും, അവരുടെ അപരയെ കണ്ടെത്തി സന്തോഷിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. മറാഠി നടിയും ടിക് ടോക് താരവുമായ മാനസി നായിക് ആണ് ഐശ്വര്യയുമായുള്ള സാദ്യശ്യത്തിന്റെ പേരില്‍ ജനപ്രിതി നേടിയിരിക്കുന്നത്. 

ടിക്ടോകില്‍ 4 ദശലക്ഷം പേര്‍ പിന്തുടരുന്ന മാനസിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അവരുടെ വിവിധ കാലത്തെ ചിത്രങ്ങളുണ്ട്. വിഡിയോ പോസ്റ്റുകളും. പല പഴയ ചിത്രങ്ങളിലും മാനസിക്ക് ഐശ്വര്യയുമായി പ്രകടമായ സാദൃശ്യം ഉണ്ടെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ചും ജോധ അക്ബര്‍ എന്ന സിനിമയിലെ ഐശ്യര്യയുടെ വേഷവുമായുള്ള സാദൃശ്യം അപാരം തന്നെയെന്നു പറയുന്നു സമൂഹ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്നവര്‍. 

ഐശ്വര്യയുടെ ഡ്യൂപ്ലിക്കേറ്റ് എന്നും കാര്‍ബണ്‍ കോപ്പിയെന്നും മാനസിയെ വിശേഷിപ്പിക്കുന്നവരും ഒട്ടേറെ. ജാബര്‍ഡസ്റ്റ് ഉള്‍പ്പെടെ ഏതാനും മറാഠി സിനിമകളിലും ടിവി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട് മാനസി. നേരത്തെ ഇറാനിയന്‍ മോഡലായ മഹലാഗ ജബേറിയുമായി ഐശ്യര്യയ്ക്ക് സാമ്യമുണ്ടെന്ന് കണ്ടെത്തലുണ്ടായെങ്കിലും ഭൂരിപക്ഷം പേരും അത് അംഗീകരിച്ചിരുന്നില്ല. സ്നേഹ ഉല്ലാല്‍ എന്ന നടി ബോളിവുഡില്‍ എത്തിയപ്പോഴും ചിലര്‍ അവര്‍ക്ക് ഐശ്വര്യയുമായുള്ള സാമ്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. 

ഇതിനിടെ, ഐശ്വര്യ പ്രശസ്ത സംവിധായകന്‍ മണി രത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിലൂടെ മടങ്ങിവരവിനുള്ള ഒരുക്കത്തിലാണ്. അനുരാഗ് കശ്യപിന്റെ ഗുലാബ് ജാമുന്‍ എന്ന ചിത്രത്തില്‍ അഭിഷേക് ബച്ചനൊപ്പവും ഐശ്വര്യ അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

English Summary: The Internet Found Another Aishwarya Rai Bachchan Lookalike. Meet Manasi Naik