പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കഥകള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും വരുന്നു. ബുന്‍ഡേല്‍ഖണ്ട് പ്രദേശത്തെ ചിത്രകൂട് എന്ന സ്ഥലത്താണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഖനികളില്‍ വ്യാപകമായി പണിയെടുപ്പിക്കുന്നത്. മാന്യമായ വേതനം കൊടുക്കുന്നില്ലെന്നു മാത്രമല്ല, പല കുട്ടികളെയും ഇടനിലക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂഷണം ചെയ്യുന്നുമുണ്ട്. 

സന്തോഷത്തോടെ കളിച്ചും ചിരിച്ചും ജീവിതം ആസ്വദിക്കേണ്ട കാലത്തു തന്നെയാണ് ചിത്രകൂടില്‍ പെണ്‍കുട്ടികള്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നത്. കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്നതും. 12 ഉം 14 ഉം വയസ്സുള്ള കുട്ടികള്‍ പോലും ചൂഷണം ചെയ്യപ്പെടുകയാണ് ഇവിടെ. ദിവസം 200 മുതല്‍ 300 രൂപയ്ക്കുവേണ്ടി ശരീരം വില്‍ക്കേണ്ടിയും വരുന്നു. കാര്‍വി ഗ്രാമത്തിലെ ഒരു പെൺകുട്ടി പറയുന്നത് പരിഷ്കൃത സമൂഹം ഞെട്ടിപ്പോകുന്ന കഥകളാണ്. ജോലിക്കു ചെല്ലുമ്പോള്‍ തന്നെ വേതനം കിട്ടണമെങ്കില്‍ ശരീരവും വില്‍ക്കേണ്ടിവരുമെന്ന് കോണ്‍ട്രക്ടര്‍മാര്‍ പറയുമത്രേ. 

ഞങ്ങള്‍ നിസ്സഹായരാണ്. അനുസരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അവര്‍ ഞങ്ങള്‍ക്ക് ജോലി തരും. ചൂഷണം ചെയ്യും. വേതനം പൂര്‍ണമായി തരികയുമില്ല. ശരീരം ചൂഷണം ചെയ്യുന്നതു ചെറുത്താല്‍ ജോലി തരില്ലെന്നു പറഞ്ഞു ഭീഷണിപ്പെടുത്തും. ജോലിയില്ലാതെ ഞങ്ങള്‍ എങ്ങനെയാണ് ഭക്ഷണം കഴിക്കുന്നത്. ഒടുവില്‍ അവരുടെ വ്യവസ്ഥകള്‍ക്കു കീഴടങ്ങേണ്ടിവരുന്നു- അവളുടെ വാക്കുകളില്‍ ഗ്രാമത്തിലെ ഒട്ടേറെ പെണ്‍കുട്ടികളുടെ വേദനയും ദയനീയതയുമുണ്ട്. കോണ്‍ട്രക്ടര്‍മാര്‍ അവരുടെ യഥാര്‍ഥ പേര് ഒരിക്കലും വെളിപ്പെടുത്താറുമില്ലത്രേ. 

പെണ്‍കുട്ടികളുടെ കുടുംബങ്ങളിലും സ്ഥിതിയുടെ ഗൗരവം അറിയാം. എന്നാല്‍ അവര്‍ക്കും നിശ്ശബ്ദ സാക്ഷികളായി നില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. കുടുംബം പോറ്റാനുള്ള വരുമാനം എങ്ങനെ കണ്ടെത്തുമെന്നതാണ് അവരുടെയും പ്രധാന വെല്ലുവിളി. ഖനികള്‍ക്കു സമീപം ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ കോണ്‍ട്രാക്ടര്‍മാര്‍ കിടക്കകളുമായി കാത്തിരിക്കുന്ന കഥകള്‍ മറ്റൊരു പെണ്‍കുട്ടിയും പറയുന്നു. 

ജോലി കഴിഞ്ഞാല്‍ ഓരോരുത്തരായി ഊഴം കാത്തുനില്‍ക്കണമത്രേ. സമ്മതിച്ചില്ലെങ്കില്‍ അടിക്കും. കരഞ്ഞാലും അവര്‍ പരിഗണിക്കാറില്ല. എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്നു വിചാരിക്കാറുണ്ട്. മരിച്ചുപോകുമോ എന്നാണു പേടി. മലയുടെ മുകളില്‍ നിന്നു താഴോട്ടിട്ട് കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്താറുമുണ്ടെന്ന് മറ്റൊരു പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. സ്കൂളില്‍ പഠനം തുടര്‍ന്നിരുന്നെങ്കില്‍ ഇപ്പോള്‍ ഏഴാം ക്ലാസ്സിലെത്തിയേനേ ആ കുട്ടി. എന്നാല്‍ പഠനം എന്നതു മോഹം മാത്രം. 

വേതനം കിട്ടുന്ന പണത്തില്‍ നിന്നു കുറച്ചെടുത്ത് നല്ല വസ്ത്രം വാങ്ങണമെന്നും ആഭരണങ്ങള്‍ അണിയണമെന്നും കോണ്‍ട്രാക്ടര്‍മാര്‍ പറയാറുണ്ടത്രേ. അതിനു കൂടി ചെലവാക്കിക്കഴിയുമ്പോള്‍ പിന്നെ മിച്ചം വയ്ക്കാന്‍ ഒന്നും കാണില്ല. 

ലോക് ഡൗണ്‍ കൂടിയായതോടെ ഈ ഗ്രാമീണരുടെ ജീവിതം പൂര്‍ണമായി ഒറ്റപ്പെട്ടു. ജീവിക്കാന്‍ നിവൃത്തിയില്ലാതെയായി. ശരീരത്തിനുപോലും ആവശ്യക്കാരില്ലാത്ത സ്ഥിതിയിലാണ് തങ്ങളെന്നു പെണ്‍കുട്ടികള്‍ പറയുമ്പോള്‍ അവിശ്വസനീയതയോടെ കേട്ടുനില്‍ക്കാനേ പൊതുസമൂഹത്തിനു കഴിയുന്നുള്ളൂ. ചിത്രകൂടില്‍ മാത്രം 50-ല്‍ അധികം കഷറുകള്‍ ഉണ്ട്. ഇവിടെ നടക്കുന്ന അനീതികളെക്കുറിച്ചും ചൂഷണത്തെക്കുറിച്ചും വാര്‍ത്ത പുറത്തുവന്നതോടെ മജിസ്റ്റീരിയല്‍ തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കലക്ടര്‍. ഉടന്‍ നടപടിയുണ്ടാകുമെന്ന് സംസ്ഥാന ഭരണകൂടവും പറയുന്നു. 

English Summary: Raped in Chitrakoot: Minor girls forced to trade bodies for Rs 150-200 daily during lockdown

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT