നീതിക്കുവേണ്ടി കാത്തിരിക്കുന്നത് ഒന്നും രണ്ടും പേരല്ല, പതിനായിരങ്ങളാണ് ബോസ്നിയ ഹെര്‍സെഗോവിനയില്‍. സ്ത്രീകള്‍. ലൈംഗിക അതിക്രമത്തിന് ഇരയായവര്‍. 1990-കളാണ് അക്രമങ്ങള്‍ ഏറെയും നടന്നത്. എന്നാല്‍, പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് ഇക്കഴിഞ്ഞ ദിവസം. ഐക്യരാഷ്ട്ര സംഘടനയുടെ, സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമം അന്വേഷിക്കുന്ന പ്രത്യേക കമ്മിഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

1992 മുതല്‍ 95 വരെയുള്ള കാലത്ത് ബോസ്നിയ ഹെര്‍സെഗോവിനയില്‍ സൈനികരുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സംഖ്യ 50.000 അടുത്തുവരുമത്രേ. ഇവരില്‍ ഒരാളാണ് എസ്എച്ച് (യഥാര്‍ഥ പേരല്ല)  എന്ന പേരില്‍ അറിയപ്പെടുന്ന സ്ത്രീ. പ്രിജിഡൊര്‍ എന്ന സ്ഥലത്തുവച്ചാണ് എസ്എച്ച് പീഡിപ്പിക്കപ്പെട്ടത്. പൊലീസില്‍ അവര്‍ ഉടന്‍ തന്നെ സംഭവം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അന്വേഷണം തുടങ്ങിയില്ല എന്നുമാത്രമല്ല, പരാതിയുടെ കോപ്പി പോലും അവര്‍ക്കു ലഭിച്ചില്ല. എസ്എച്ച് നല്‍കിയ പരാതി പൊലീസ് സ്റ്റേഷനില്‍ നശിപ്പിക്കപ്പെട്ടതായാണ് അവര്‍ പിന്നീട് മനസ്സിലാക്കിയത്.

ഐക്യരാഷ്ട്ര സംഘടന ഇടപെട്ട് കേസുകളുടെ അന്വേഷണ പുരോഗതിയെക്കുറിച്ച് തിരക്കിയപ്പോള്‍ എസ്എച്ചിന്റെ മാത്രമല്ല മറ്റനേകം പേരുടെ പരാതികളും തീര്‍പ്പാക്കിയില്ലെന്നു കണ്ടെത്തി. പല കേസുകളിലും അന്വേഷണം പോലും തുടങ്ങിയിട്ടില്ലത്രേ.

പീഡനം എസ്എച്ച് എന്ന യുവതിയെ ശാരീരികമായും മാനസികമായും പൂര്‍ണമായും തകര്‍ത്തു. അവരുടെ പ്രത്യുല്‍പാദന അവയവത്തിനു മാരകമായി പരുക്കേറ്റു.  അണുബാധയുണ്ടാകുകയും ചെയ്തു. എന്നാല്‍, ചികിത്സ തേടാനുള്ള പണം എസ് എച്ചിന്റെ കൈവശം ഉണ്ടായിരുന്നില്ല. പീഡനം നടന്ന് കുറച്ചുനാളുകള്‍ക്കു ശേഷം അവര്‍ വിഷാദരോഗത്തിന് അടിമയായി. വ്യക്തിത്വ വൈകല്യങ്ങളും അവരില്‍ പ്രകടമായി. 2009 ല്‍ വിവാഹ മോചനം നേടിയ ശേഷം ദരിദ്രയായിട്ടാണ് അവര്‍ ജീവിക്കുന്നത് എന്ന വിവരവും വെളിപ്പെട്ടു.

നിവേദനങ്ങള്‍ക്കും നിരന്തരമായ അഭ്യര്‍ഥനകള്‍ക്കും ഒടുവില്‍ എസ് എച്ചിനെ ലൈംഗിക അക്രമത്തിന്റെ ഇര എന്ന നിലയില്‍ സര്‍ക്കാര്‍ അംഗീകരിച്ചത് 2019 ല്‍. മാസം 66 ഡോളര്‍ എന്ന സാഹയധനവും സര്‍ക്കാര്‍ അവര്‍ക്ക് അനുവദിച്ചു. 25 വര്‍ഷത്തോളം അസഹനീയമായ വേദന സഹിക്കുകയും പീഡനത്തെത്തുടര്‍ന്നുള്ള ശാരീരിക മാനസിക കഷ്ടപ്പാടുകള്‍ക്കു വിധേയയാകുകയും ചെയ്തതിനുശേഷമാണ് നാമമാത്രമായ സഹായധനം പോലും അവര്‍ക്കു നല്‍കാന്‍ തുടങ്ങിയത്. 

ബോസ്നിയ ഹെര്‍സെഗോവിനയില്‍ ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ടവരില്‍ 62 ശതമാനം പേര്‍ക്കും തൊഴിലില്ല. 64 ശതമാനം പേരെയും സമൂഹം പിന്തുണയ്ക്കുന്നില്ല. പകുതിയില്‍ അധികം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് താമസിക്കുന്നത്. ലൈംഗിക അതിക്രമത്തിന് ഇരയാകുന്നവരെ അംഗീകരിച്ച് അവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അവരെ സംരക്ഷിക്കണമെന്നുമാണ് ഐക്യരാഷ്ട്ര സംഘനട ഇപ്പോള്‍ ബോസ്നിയ ഹെര്‍സെഗോവിനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ആവശ്യം പൂര്‍ണമായും നടപ്പിലാക്കുന്ന നാളുകളെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് എസ്എച്ച് ഉള്‍പ്പെടെയുള്ള സ്ത്രീകള്‍. 

English Summery: Bosnia and Herzegovina should recognise sex crime survivors’ rights, say experts