ഒരുപാടു പ്രതീക്ഷകള്‍ നെയ്താണ് പലരും വിവാഹജീവിതത്തിലേക്കു കാലെടുത്തു വയ്ക്കുന്നത്. പരസ്പരം മനസിലാക്കാനും താങ്ങും തണലുമേകാനും ഒരു തുണ– അതു വലിയൊരു അനുഗ്രഹം തന്നെയാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ചിലര്‍ക്കു കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നു. വിവാഹജീവിതത്തിലെ താളപ്പിഴകള്‍ ഇന്നു കൂടി വരുന്നെണ്ടെന്നത് യാഥാര്‍ഥ്യമാണ്. നിരവധി വ്യക്തികളുടെ ജീവിതകഥകള്‍ പങ്കുവയ്ക്കുന്ന ‘ഹ്യൂമന്‍സ് ഓഫ് ബോംബൈ’ എന്ന സോഷ്യൽ മീഡിയ പേജിലൂടെ യുവതി വിവരിച്ച തന്റെ അനുഭവങ്ങള്‍ വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. 

‘വിവാഹത്തിനു മുന്‍പ് മൂന്നു തവണ ഞങ്ങള്‍ പരസ്പരം കാണുകളും സംസാരിക്കുകയും ചെയ്തു. നന്നായി ഫിറ്റ്നസ് ശ്രദ്ധിക്കുന്നയാളായിട്ടും എന്തുകൊണ്ടായിരുന്നു നിന്റെ ശരീരത്തിന്റെ താഴ്ഭാഗം തടിച്ചിരിക്കുന്നതെന്നായിരുന്നു ആദ്യത്തെ കൂടിക്കാഴ്ചയില്‍ തന്നെ ചോദിച്ചത്. രണ്ടു മാസം കഴിഞ്ഞപ്പോള്‍ വിവാഹനിശ്ചയം നടന്നു. തുടര്‍ന്ന് വിവാഹവും. ഒരു ദിവസം അദ്ദേഹത്തിന്റെ അമ്മ പണം അയക്കാത്തതിന് എന്നെ വിളിച്ച് വഴക്ക് പറഞ്ഞു. ആ രാത്രി മറക്കാനാകാത്തതായിരുന്നു. അയാളിലെ ക്രൂരമുഖം അന്നാണ് ആദ്യമായി കണ്ടത്. എന്റെ അമ്മയെ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ അയാളുടെ ബാല്യകാലസുഹൃത്തിനൊപ്പം ബന്ധം തുടങ്ങി. ചതി ഞാന്‍ നേരിട്ട് കണ്ടുപിടിച്ചു. ഉറക്കം നഷ്ടപ്പെട്ട ദിനങ്ങളായിരുന്നു അത്. അവര്‍ തമ്മില്‍ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടു. സന്ദേശങ്ങള്‍ കാണിക്കാന്‍ പറഞ്ഞപ്പോള്‍ ക്രൂരമര്‍ദനമായിരുന്നു നേരിടേണ്ടി വന്നത്.

മുപ്പതു തവണയെങ്കിലും എന്നെ അടിച്ചു, തൊഴിച്ചു. പിന്നീടൊരിക്കല്‍ ഷോപ്പിങ്ങിനു പോയപ്പോള്‍ നടുറോഡില്‍ വച്ച് അസഭ്യം പറഞ്ഞു. വീട്ടിലെത്തിയിട്ടും പീഡനം തുടര്‍ന്നു. ബോധം പോകുന്നതു വരെ കഴുത്തു പിടിച്ചു ഞെരിച്ചു. അപ്പോഴൊക്കെ എന്റെ വീട്ടുകാരില്‍ നിന്നു ഞാന്‍ എല്ലാം മറച്ചു പിടിച്ചു. എന്റെ വീട്ടുകാര്‍ അദ്ദേഹത്തോടു സംസാരിക്കാന്‍ തുനിയുമ്പോള്‍ വെള്ളക്കുപ്പിയെടുത്ത് അച്ഛന്റെ നേര്‍ക്കെറിഞ്ഞു. പിന്നീട് ഞാന്‍ കുറച്ചു ദിവസം മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചു. വീണ്ടും തിരിച്ചു വന്നു. കാരണം ഉപേക്ഷിക്കല്‍ അത്ര എളുപ്പമായിരുന്നില്ല. 

വീണ്ടും പീഡനം തുടര്‍ന്നു. വധഭീഷണി മുഴക്കി. തല ചുമരിനോടു ചേര്‍ത്തു നിര്‍ത്തി. കത്തി കാണിച്ചു. ഞാന്‍ അയാളുടെ രീതികള്‍ മനസിലാക്കി പിന്തുടരുന്നില്ലെന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. അതോടെ മുന്നോട്ടുള്ള പോക്ക് സുഗമമല്ലെന്നു മനസിലാക്കി. അമ്മയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ വീട്ടിലേക്കു വരികയാണെന്നു പറഞ്ഞു. അങ്ങനെ വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്യുകയും ഗാര്‍ഹികപീഡനത്തിനു പരാതി നല്‍കുകയും ചെയ്തു. 

അപ്പോഴേക്കും ഞാന്‍ വല്ലാതെ തകര്‍ന്നിരുന്നു. ഉറക്കമില്ലാത്ത കണ്ണീര്‍ ദിനങ്ങള്‍. രണ്ടു വര്‍ഷം അതായിരുന്നു എന്റെ ജീവിതം. ചെറിയ കാര്യങ്ങള്‍ക്കു പോലും വല്ലാതെ ഉലഞ്ഞു പോകുന്ന ദിവസങ്ങള്‍. ഉറക്കത്തില്‍ വിറക്കുമായിരുന്നു. ഇപ്പോഴും ആഘാതത്തില്‍ നിന്നും മോചിതയല്ല. ക്രമേണ എന്റെ സുഹൃത്തുക്കള്‍ തെറാപ്പി സെഷനു പ്രേരിപ്പിച്ചു. ഫിറ്റ്നസിലും ജോലിയിലും ശ്രദ്ധ ചെലുത്താന്‍ പ്രോത്സാഹിപ്പിച്ചു. മുറിവുകള്‍ ഉണക്കുക അത്ര എളുപ്പമല്ല. പക്ഷെ അത് ചെയ്തേ തീരൂ. പ്രതീക്ഷയോടെ ഞാന്‍ അതിനു ശ്രമിക്കുന്നു. അതാണ് ഞാനിപ്പോള്‍ ചെയ്യുന്നത്