ഗർഭിണിയായ യുവതിയെ കൊന്ന് കുഞ്ഞിനെ പുറത്തെടുത്ത സംഭവത്തിൽ ലിസാ മോണ്ട് ഗോമറി എന്ന 52 കാരിയുടെ വധശിക്ഷ കോടതി സ്റ്റേ ചെയ്തു.70 വർഷത്തിനിടെ അമേരിക്കയിൽ ആദ്യമായി വധ ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന സ്ത്രീയാണ് ലിസ. ലിസ ചെയ്ത കുറ്റകൃത്യം ക്രൂരമാണെന്ന് വിധി എഴുതപ്പെടുമ്പോഴും തിരിച്ചറിവാകുന്ന പ്രായത്തിനു മുൻപു മുതൽ അവർ നേരിട്ട സമാനതകളില്ലാത്ത ക്രൂര ലൈംഗിക അതിക്രമങ്ങളുടെ വാർത്തകളും മാധ്യമങ്ങളിൽ ഇടം നേടുകയാണ്.

ഒരുതരത്തിൽ മൂന്നാം വയസ്സു മുതൽ മുതൽ ലിസ ലൈംഗികാതിക്രമങ്ങളുടെ ഇരയായിരുന്നു എന്ന് വേണം പറയാൻ . ലിസ കഴിഞ്ഞിരുന്ന അതേ മുറിയിൽ വച്ച് എട്ടു വയസ്സുള്ള അർദ്ധ സഹോദരി ഡയാനയെ ഇരുവരെയും  പരിപാലിക്കുന്നതിന് വേണ്ടി മാതാപിതാക്കൾ ഏർപ്പെടുത്തിയ ബേബി സിറ്റർ പീഡിപ്പിക്കുന്നത് സ്ഥിര സംഭവമായിരുന്നു.11 വയസ്സ് എത്തിയതോടെ ലിസയുടെ  ജീവിതം തന്നെ മാറി മറിഞ്ഞു. മദ്യപാനിയായ രണ്ടാനച്ഛൻ ജാക്ക് ലിസയെയും അമ്മയെയും  മർദ്ദിക്കുന്നത് പതിവായി .പിന്നീട് അത് ലിസയ്ക്ക് നേരെയുള്ള  ബലാത്സംഗമായി മാറി.

ആഴ്ചയിൽ ഒന്നിലധികം തവണ രണ്ടാനച്ഛന്റെ ലൈംഗികാതിക്രമങ്ങൾ ലിസ നേരിട്ടു കൊണ്ടിരുന്നു. പിന്നീടങ്ങോട്ട് ലിസയെ പീഡിപ്പിക്കുക എന്നത് ജാക്കിന് ലഹരിയായി മാറി. ഇതിനു വേണ്ടി മാത്രം ആരും കടന്നെത്താത്ത തരത്തിൽ ഒരു മുറി തന്നെ അയാൾ സജ്ജീകരിച്ചു. ലിസയുടെ നിലവിളികൾ പുറത്തേക്ക് കേൾക്കാനാവാത്ത വിധമാണ് മുറി ഒരുക്കിയത്. പലപ്പോഴും തലയിണ ഉപയോഗിച്ച്  ശ്വാസംമുട്ടിച്ചു കൊണ്ടായിരുന്നു  പീഡനങ്ങൾ അത്രയും.  എതിർക്കാൻ ശ്രമിച്ചാൽ അപ്പോഴെല്ലാം  കോൺക്രീറ്റ് തറയിൽ ലിസയുടെ തല ശക്തമായി 

ഇടിപ്പിച്ചിരുന്നു. ഇതുമൂലം മൂലം ലിസയുടെ തലച്ചോറിന് കാര്യമായ തകരാറും  ചെറിയ പ്രായത്തിൽ തന്നെ തന്നെ സംഭവിച്ചു. ഒരിക്കൽ രണ്ടാനച്ഛന്റെ പീഡനങ്ങൾക്ക് ഇരയായി കൊണ്ടിരിക്കുന്ന സമയത്ത് ലിസയുടെ അമ്മ  യാദൃച്ഛികമായി ആ മുറിയിലേക്ക് എത്താൻ ഇടയായി.എന്നാൽ മകളെ കുറ്റക്കാരിയായി കണ്ടുകൊണ്ട് ലിസയുടെ നേർക്ക് തോക്കു ചൂണ്ടുകയാണ് അവർ ചെയ്തത്. പിന്നീടങ്ങോട്ട് ലിസയ്ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ  എല്ലാ പരിധികളും ലംഘിച്ചു തുടങ്ങി.

ജാക്ക് തന്റെ സുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടുവന്ന് ലിസയെ കൂട്ടബലാത്സംഗം ചെയ്യുന്നത് പതിവാക്കി. മണിക്കൂറുകളോളം നീണ്ട ക്രൂര പീഡനങ്ങൾക്കൊടുവിൽ അവശിഷ്ടങ്ങളിലേക്ക് എന്നപോലെ ലിസയുടെ ശരീരത്തിൽ മൂത്രമൊഴിച്ച ശേഷമാണ് അവർ മടങ്ങിയിരുന്നത്. പോകെപ്പോകെ മകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ലിസയുടെ അമ്മയും പങ്കാളിയായി. വീട്ടിലെ അറ്റകുറ്റപ്പണികൾക്കായി പ്ലംബർമാരെയോ ഇലക്ട്രീഷ്യൻമാരെയോ വിളിക്കേണ്ടി വന്നാൽ ലിസയുടെ ശരീരമാണ് പണത്തിനു പകരമായി അവർക്ക് കാഴ്ച വച്ചിരുന്നത്. വർഷങ്ങളോളം ഇത്രയധികം ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായതാണ് ലിസയുടെ മാനസികനില തന്നെ തകരാറിൽ ആക്കിയത് എന്ന് മാനസികരോഗ വിദഗ്ധരും സാമൂഹിക പ്രവർത്തകരും വാദിക്കുന്നു.

വയറുപിളര്‍ന്ന് പുറത്തെടുത്ത കുട്ടിയുമായി കടന്നുകളയാന്‍ ശ്രമിച്ചു എന്നതാണ് ലിസക്ക് എതിരെയുള്ള കേസ്. കുട്ടി തന്റേതാണെന്ന് വരുത്തി തീർക്കാനായിരുന്നു ലിസയുടെ ശ്രമം.വളര്‍ത്തുനായയെ വാങ്ങാന്‍ എന്ന വ്യാജേന ബോബി ജോ സ്റ്റിനെറ്റ് എന്ന 23 കാരിയായ യുവതിയെ സമീപിച്ച ശേഷം  ലിസ അവരെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. അതിനുശേഷം  ബോബിയുടെ വയറു പിളർന്ന് കുഞ്ഞിനെയും പുറത്തെടുത്തു.സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ ലിസ അറസ്റ്റിലാവുകയായിരുന്നു.നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പ്രഡിഡന്റായി സ്ഥാനമേല്‍ക്കുന്നതിന് എട്ടുദിവസം മുന്‍പ് ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. അതിനിടെയാണ് ജഡ്ജി പാട്രിക് ഹാന്‍ലോണ്‍ വധശിക്ഷ സ്‌റ്റേ ചെയ്തിരിക്കുന്നത്. ലിസയുടെ മാനസികനില  പരിശോധിക്കേണ്ടതുണ്ട് എന്ന നിഗമനത്തിലാണ് കോടതിയുടെ സ്റ്റേ.

English Summary: Life Story Of Lisa