ബ്രിട്ടിഷ് രാജകുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ജീവിതത്തില്‍ വംശീയ വിവേചനം നേരിട്ടെന്നതുള്‍പ്പെടെയുള്ള സ്ഫോടനാത്മകമായ വിവരങ്ങള്‍ മേഗന്‍ മാര്‍ക്കിള്‍ വെളിപ്പെടുത്തുന്ന അഭിമുഖം തിരുത്തിക്കുറിച്ചത് സമീപകാല ടെലിവിഷന്‍ ചരിത്രത്തിലെ റെക്കോര്‍ഡുകള്‍. ഓപ്ര വിന്‍ഫ്രിയുമൊത്തുള്ള മേഗന്റെയും ഹാരിയുടെയും അഭിമുഖം അമേരിക്കയില്‍ മാത്രം 17.1 ദശലക്ഷം പേരാണു കണ്ടത്. പ്രാഥമിക കണക്കുകള്‍ പുറത്തുവന്നപ്പോഴാണിത്. വിശദമായ കണക്കെടുമ്പോള്‍ ഒരുപക്ഷേ അഭിമുഖം കണ്ടവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാം. 

യുഎസിലെ സിബിഎസ് നെറ്റ്‍വര്‍ക്ക് ഞായറാഴ്ചയാണ് അഭിമുഖം സംപ്രേഷണം ചെയ്തത്. ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സമയത്താണ് സിബിഎസ് അഭിമുഖം സംപ്രേഷണം ചെയ്തതെന്നും ശ്രദ്ധേയം. ഇതോടെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ടെലിവിഷനില്‍ കണ്ട പരിപാടി എന്ന റെക്കോര്‍ഡും അഭിമുഖം കരസ്ഥമാക്കി. ആത്മഹത്യ ചെയ്യാന്‍ താന്‍ പല തവണ ചിന്തിച്ചു എന്നതുള്‍പ്പെടെയുള്ള വിവരങ്ങളാണ് മേഗന്‍ വെളിപ്പെടുത്തിയത്. 

രാജകുടുംബത്തില്‍ അമേരിക്കക്കാരിയായ മേഗന് വംശീയ വിവേചനം നേരിട്ടു എന്ന ആരോപണം അമേരിക്കന്‍- ബ്രിട്ടന്‍ ബന്ധത്തെ ബാധിക്കുമോ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചു പ്രതികരണം ചോദിച്ചപ്പോള്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി കരുതലോടെയാണ് തന്റെ അഭിപ്രായം അറിയിച്ചത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ജില്ലും സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അസാധാരണമായ ധൈര്യമുള്ള വ്യക്തികള്‍ക്കുമാത്രമേ ഇത്തരത്തില്‍ സ്വന്തം മാനസിക യാതനകളെക്കുറിച്ച് തുറന്നുപറയാന്‍ കഴിയൂ എന്ന് പ്രസ് സെക്രട്ടറി പറഞ്ഞു. അവര്‍ രണ്ടുപേരും സ്വകാര്യ വ്യക്തികള്‍ എന്ന നിലയിലാണ് അവരുടെ ജീവിത സമരങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. 

അതേക്കുറിച്ച് ലോകം തീര്‍ച്ചയായും ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു. ബ്രിട്ടനുമായും ബ്രിട്ടിഷ് രാജകുടുംബവുമായും യുഎസിനുള്ള സവിശേഷ ബന്ധത്തെ മേഗന്റെ വെളിപ്പെടുത്തല്‍ ബാധിക്കില്ലെന്ന ശുഭപ്രതീക്ഷയും അവര്‍ പങ്കുവച്ചു. അഭിമുഖത്തെക്കുറിച്ചു പ്രതികരിക്കാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വിസമ്മതിച്ചു. ബ്രിട്ടിഷ് രാജ്ഞിയോട് തനിക്ക് അങ്ങേയറ്റത്തെ ബഹുമാനമാണുള്ളതെന്നും അതു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, ആരോപണം ഗൗരവമുള്ളതാണെന്ന് 

പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് കൈര്‍ സ്റ്റാമര്‍ പ്രതികരിച്ചു. 21-ാം നൂറ്റാണ്ടിലും ബ്രിട്ടനിലും പലരും വംശീയ വിവേചനത്തിന് ഇരയാകുന്നു എന്നതു ഗൗരവത്തോടെ കാണേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതിനിടെ, ആര്‍ച്ചിയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജനിക്കാനിരിക്കുന്ന കുഞ്ഞിനെ നിറത്തെക്കുറിച്ച് കൊട്ടാരത്തില്‍ ആരാണ് ചര്‍ച്ച ചെയ്തതെന്ന് ഹാരിയോ മേഗനോ തന്നോട് വെളിപ്പെടുത്തിയില്ലെന്ന് ഓപ്ര വിന്‍ഫ്രി അറിയിച്ചു. കൊട്ടാരത്തിലെ തന്റെ മുത്തഛനോ മുത്തശ്ശിയോ ഇത്തരം സംഭാഷണങ്ങളുടെ ഭാഗമായിരുന്നില്ലെന്ന് ഹാരി പറഞ്ഞതായുംവിന്‍ഫ്രി പറയുന്നു. 

അഭിമുഖം കണ്ടശേഷം, മേഗനെക്കുറിച്ചോര്‍ത്ത് താന്‍ അഭിമാനിക്കുന്നുവന്നൊണ് പ്രശസ്ത ടെന്നീസ് താരം സെറീന വില്യംസ് അഭിപ്രായപ്പെട്ടത്. മേഗന്റെ മക്കളായാലും തന്റെ മക്കളായാലും ലോകത്തെ എല്ലാവരും തുല്യ ബഹുമാനത്തോടെ ജീവിക്കുന്ന ലോകമാണ് തന്റെ സ്വപ്നമെന്നും സെറീന വെളിപ്പെടുത്തി. അഭിമുഖത്തെക്കുറിച്ച് പ്രതികരിക്കാന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേനും വിസമ്മതിച്ചു.

English Summary: Prince Harry-Meghan Markle’s explosive interview with Oprah Winfrey watched by estimated 17.1 million