കൗമാരപ്രായത്തില്‍ താന്‍ പീഡിക്കപ്പിക്കപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടിഷ് നടിയും ഗായികയുമായ ഡെമി ലൊവാറ്റോ രംഗത്ത്. തന്നെ പീഡിപ്പിച്ച വ്യക്തിയുമായി വീണ്ടും തനിക്കു സഹകരിക്കേണ്ടിവന്നുവെന്നും എന്നാല്‍ അയാള്‍ക്ക് ഒരിക്കലും അതേക്കുറിച്ച് ഒരു കുറ്റബോധവും തോന്നിയില്ലെന്നും കൂടി അവര്‍ വെളിപ്പെടുത്തി. ആരാണു തന്നെ പീഡിപ്പിച്ചതെന്നു വ്യക്തമാക്കിയില്ലെങ്കിലും 2000-ന് ഒടുവിലാണു സംഭവം നടന്നതെന്നു ഗായിക വ്യക്തമാക്കി. 

ഡെമി ലൊവാറ്റോ: ഡാന്‍സിങ് വിത് ദ് ഡെവിള്‍ എന്ന പേരില്‍ യൂ ട്യൂബില്‍ സംപ്രേഷണം ചെയ്യുന്ന ഡോക്യു സിരീസിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പീഡനത്തെത്തുടര്‍ന്ന് വര്‍ഷങ്ങളോളം മദ്യത്തിനും ലഹരിമരുന്നിനും അടിമയാകുകയും മരണത്തെ സമീപിക്കുകയും ചെയ്തിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഇപ്പോള്‍ 28 വയസ്സുള്ള ഗായിക മുന്‍പും മാനസിക സമ്മര്‍ദത്തെക്കുറിച്ചും വിഷാദ രോഗത്തെക്കുറിച്ചും ജീവിതത്തില്‍ നേരിടുകയും അതിജീവിക്കുകയും ചെയ്ത പ്രതിസന്ധികളെക്കുറിച്ചും തുറന്നുപറ‍ഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവര്‍ നടത്തിയ പീഡനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ആരാധകര്‍ക്കും ഞെട്ടലായിരിക്കുകയാണ്. മദ്യവും ലഹരിമരുന്നുകളും പലപ്പോഴും ഗായികയെ ആപത് ഘട്ടങ്ങളിലെത്തിച്ചിട്ടുണ്ട്. അത്ഭുതകരമായാണു പലപ്പോഴും രക്ഷപ്പെട്ടതും. പുനരധിവാസ കേന്ദ്രങ്ങളില്‍ ചികിത്സ തേടേണ്ടിവന്നിട്ടുള്ള അവര്‍ തുടര്‍ന്ന് ആറു വര്‍ഷം എല്ലാത്തരം ലഹരി വസ്തുക്കളും ഉപേക്ഷിച്ചു ജീവിച്ചാണ് കരിയറിലേക്കും ജീവിതത്തിലേക്കും ടങ്ങിയെത്തിയത്. 

കൗമാരത്തില്‍ പീഡനത്തിനൊടുവിലാണ് എനിക്കു കന്യകാത്വം നഷ്ടപ്പെട്ടത്. ആ സംഭവത്തിന് ഒരു മാസത്തിനു ശേഷം ഞാന്‍ അയാളെ വിളിച്ചു. എന്നാല്‍ ഒന്നും സംഭവിക്കാത്തതുപോലെയായാരുന്നു പ്രതികരണം. അതെന്നെ വീണ്ടും ആശങ്കയിലാഴ്ത്തി- ലൊവാറ്റോ പറയുന്നു. അന്നത്തെ ദുരനുഭവം ഓര്‍ത്ത് പിന്നീട് പല തവണ ഞാന്‍ എന്റെ തലയില്‍ അടിച്ചിട്ടുണ്ട്. എന്നെത്തന്നെ നിയന്ത്രിക്കാനും ഞാന്‍ വളരെയേറെ ബുദ്ധിമുട്ടി. അതൊരു പീഡനം ആയിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും എനിക്ക് എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു- ഗായിക പറയുന്നു. ഡിസ്നി ചാനലുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കിടെയാണു തനിക്കു കന്യകാത്വം നഷ്ടപ്പെട്ടതെന്നു ലൊവാറ്റോ പറയുന്നു. 

15-ാം വയസ്സില്‍ അഭിനയിച്ച ഡിസ്നി ചാനലിലെ സിനിമ ക്യാംപ് റോക്കിലൂടെയാണ് ലോവാറ്റോ പ്രശസ്തിയിലേക്ക് ഉയരുന്നത്. 2008 ലായിരുന്നു ആ സിനിമ. പിന്നീട് 2010-ല്‍ രണ്ടാം ഭാഗത്തിലും ലൊവാറ്റോ ആഭിനയിച്ചിരുന്നു. ഭീകരമായ പീഡനമായിരുന്നെങ്കിലും എന്തുകൊണ്ടാണ് അക്രമിയുടെ പേര് വെളിപ്പെടുത്താത്തതെന്നും ലോവാറ്റോ പറഞ്ഞു. പരസ്പര സമ്മതത്തോടെയായിരുന്നു അന്നത്തെ അനുഭവം. എന്നാല്‍ അന്നതൊരു പീഡനമാണെന്നു മനസ്സിലാക്കാന്‍ താന്‍ വൈകിപ്പോയെന്നും അവര്‍ വ്യക്തമാക്കി. താന്‍ പൂര്‍ണമായും ശാരീരിക ബന്ധത്തിനു തയ്യാറായിരുന്നില്ലെന്നും പാടില്ലെന്നും വിലക്കിയെങ്കിലും അയാള്‍ അതൊന്നും ചെവിക്കൊണ്ടില്ലെന്ന് അവര്‍ പറയുന്നു. പീഡനത്തിലൂടെ കന്യകാത്വം നഷ്ടപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ അപ്പോഴേക്കും എല്ലാം വൈകിപ്പോയിരുന്നു. അവസാനം, സംഭവിച്ചത് തന്റെ തന്നെ പിഴവാണെന്ന് അവര്‍ സമ്മതിച്ചു. ആ മുറിയില്‍ സ്വയം ശപിച്ച് അവര്‍ മണിക്കൂറുകള്‍ ചെലവഴിച്ചു. 

ഇപ്പോള്‍ താന്‍ ദുരനുഭവം തുറന്നുപറയാന്‍ കാരണമുണ്ടെന്നും ലോവാറ്റോ പറയുന്നു. എന്നെപ്പോലെയുള്ള അനുഭവങ്ങള്‍ ഉണ്ടായവര്‍ അതേക്കുറിച്ചു തുറന്നുപറയുക തന്നെ വേണം. അങ്ങനെ മാത്രമേ അവര്‍ക്കു സ്വാതന്ത്ര്യവും സമാധാനവും ലഭിക്കൂ. അതിനുവേണ്ടിയാണ് ഞാന്‍ എന്റെ ജീവിതം തുറന്നുപറയുന്നത്- ലൊവാറ്റോ വ്യക്തമാക്കി. 

English Summary: Demi Lovato says she was raped as a teenager by someone she knew

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT