ജീവിതകാലം മുഴുവൻ ഒരാളെ മാത്രം പ്രണയിക്കുന്നതെങ്ങനെ? ട്വിങ്കിളിന്റെ ഉത്തരം കേട്ട് ചിരിച്ച് സോഷ്യൽ മീഡിയ
ജീവിതത്തിലെ വലിയൊരു പ്രശ്നത്തിന് ഉത്തരവുമായി മുന്‍ ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന. ജീവിതകാലം മുഴുവന്‍ ഒരാളെത്തന്നെ പ്രണയിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരമാണു ട്വിങ്കിള്‍ കണ്ടെത്തിയിരിക്കുന്നത്. അഭിനയകാലത്തിനു ശേഷം കോളമെഴുത്തുകാരിയും പുസ്തക രചയിതാവുമായും അറിയപ്പെടുന്ന ട്വിങ്കിള്‍ തമാശയിലൂടെയാണ് പ്രണയത്തെക്കുറിച്ചുള്ള കടംങ്കഥയ്ക്ക് ഉത്തരം പറഞ്ഞിരിക്കുന്നത്. അതു വായിച്ച് സമൂഹ മാധ്യമങ്ങളില്‍ താരത്തിന്റെ ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ത്താതെ ചിരിക്കുകയാണ്. ഓരാളെത്തന്നെ പ്രണയിച്ച് ജീവിതം പൂര്ണമാക്കണമെങ്കില് ഒരു മാര്‍ഗം മാത്രമേയുള്ളൂ. പെട്ടെന്നുതന്നെ മരിക്കുക. ഇതാണു ട്വിങ്കിളിന്റെ ഉത്തരം.
ബാബ ട്വിങ്കിള്‍ ഖന്ന എന്ന പേരിലാണ് ഉപദേശം അവര്‍ നല്‍കിയിരിക്കുന്നത്. ആത്മീയ ഗുരുക്കന്മാരെ കളിയാക്കിയും താനും അവരെപ്പോലെ വലിയ കാര്യം പറയുകാണെന്ന ഗൗരവത്തോടെയുമാണ് ഉപദേശം എന്നതും ഒരേസമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സന്ദേശത്തിലൂടെ അവര്‍ പറയുന്നു. സ്വാഭാവികമായും നടിയുടെ ഉപദേശവും മറുപടിയും ബോളിവുഡ് നടന് അക്ഷയ് കുമാറിനെ ലക്ഷ്യം വച്ചാണെന്നാണ് ആരാധകര്‍ പറയുന്നത്.
ജയ് ബാബ ട്വിങ്കിള്‍ എന്നാണു പലരും ട്വിങ്കിളിന്റെ പോസ്റ്റിനു താഴെ കമന്റ് എഴുതിയിരിക്കുന്നത്. ഒട്ടേറെപ്പേര്‍ ചിരിക്കുന്ന ഇമോജികള്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 50 വര്‍ഷം ഒരുമിച്ചു ജീവിച്ചതിനു ശേഷം തങ്ങള്‍ ഒരുമിച്ചുതന്നെയാണെന്നു ദമ്പതികള്‍ പരസ്യം ചെയ്യുന്നതുപോലെയാണ് ട്വിങ്കിളിന്റെ പോസ്റ്റെന്നും ചിലര്‍ കമന്റ് ചെയ്തു.
കുറച്ചുനാളുകള്‍ക്കു മുന്‍പ് രണ്ടു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് എങ്ങനെ വിവാഹ മോചനങ്ങള്‍ കുറയ്ക്കാമെന്നും അവര്‍ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റാഗ്രാം ദമ്പതികള്‍, യഥാര്‍ഥത്തിലെ ദമ്പതികള്‍ എന്നിങ്ങനെ രണ്ടുതരം ദമ്പതികളുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ട്വിങ്കിളിന്റെയും അക്ഷയിന്റെയും ചിരിക്കുന്ന ചിത്രങ്ങള്‍ സഹിതമായിരുന്നു പോസ്റ്റ്. എപ്പോഴും ചിരിച്ചുകൊണ്ടിരുന്നാല്‍ ജീവിതത്തിലെ പല പ്രശ്നങ്ങളും അവസാനിപ്പിക്കാമെന്നും അവര്‍ പറഞ്ഞിരുന്നു. ഒരു ക്യാമറയിലേക്കു നോക്കുമ്പോള്‍ ദമ്പതികള്‍ ചിരിക്കും. ക്യാമറ മുന്നില്‍ ഇല്ലെങ്കില്‍ വഴക്കും തുടങ്ങും. എപ്പോഴും ക്യാമറ മുന്നില്‍ ഉണ്ടെന്നുതന്നെ വിചാരിക്കുക. അങ്ങനെയാണെങ്കില്‍ ജീവിതത്തില്‍ സന്തോഷത്തോടെയിരിക്കാം- നടി പറഞ്ഞിരുന്നു.
2001 ജനുവരി 17 ന് ആയിരുന്നു ട്വിങ്കിളിന്റെയും അക്ഷയ് കുമാറിന്റെയും വിവാഹം. ആരവ്, നിതാര എന്നിങ്ങനെ രണ്ടു മക്കളാണു ദമ്പതികള്‍ക്ക്. ഈ വര്‍ഷമാണ് ഇരുവരും വിവാഹത്തിന്റെ 20-ാം വാര്‍ഷികം ആഘോഷിച്ചത്.
English Summary: Twinkle Khanna shares tip on staying in love with the same person for the entire life