ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു; നാണക്കേടോർത്ത് പുറത്തിറങ്ങാനാകാതെ യുവതി; ക്രിസ്റ്റിയുടെ ദുരവസ്ഥ
അപൂർവമായ മസ്തിഷ്ക രോഗത്തിന് അടിമപ്പെട്ട് 32വയസ്സുള്ള യുവതി. യുകെ സ്വദേശിയായ ക്രിസ്റ്റി ബ്രൗണാണ് അപൂർവ രോഗത്തിന്റെ പിടിയിലായിരിക്കുന്നത്. തനിക്ക് ആകർഷണീയമായ ആളുകളെ കാണുമ്പോൾ ശാരീരിക നിയന്ത്രണം നഷ്ടപ്പെടുന്ന ദുരവസ്ഥയിലാണ് അവർ. അതുകൊണ്ടു തന്നെ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കിയാണ് യുവതിയുടെ നിസഹായ ജീവിതം.
‘കാറ്റപ്ലക്സി’ എന്ന അപൂർവ രോഗത്തിന്റെ പിടിയിലാണ് ക്രിസ്റ്റി ബ്രൗൺ. തീവ്രമായ വൈകാരിക പ്രശ്നങ്ങളാണ് രോഗിയിൽ ഉണ്ടാകുന്നത്. അനാവശ്യ ഭയം, പെട്ടന്നുണ്ടാകുന്ന കോപം, വെറുതെ ചിരിക്കുക എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇതിനൊപ്പം തന്നെ മസിൽ പരാലിസിസും സംഭവിക്കുന്നു.
ഇത്തരം രോഗാവസ്ഥ അപൂർവമാണെങ്കിലും നാർകോലപ്സി എന്ന സ്ലീപിങ് ഡിസോർഡറുമായി ബന്ധപ്പെട്ടിരിക്കുന്നു. വളരെ പെട്ടന്നാണ് അക്രമോത്സുകമായ അവസ്ഥയിലേക്കു രോഗി എത്തുന്നതെന്ന് ഡോക്ടർമാർ പറയുന്നു. കാറ്റപ്ലക്സി എന്ന അപൂർവ രോഗത്തിലൂടെ കടന്നു പോകുന്ന യുവതി ദിവസത്തിൽ ചുരുങ്ങിയത് 5 തവണയെങ്കിലും അക്രമ സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. 50 തവണ വരെ ഈ അവസ്ഥയുണ്ടാകാം. ഇത്തരം ഒരു അവസ്ഥ തനിക്കുണ്ടെന്ന് മനസ്സിലാക്കിയ ക്രിസ്റ്റി അപകടം ഒഴിവാക്കാനായി ആളുകളുമായുള്ള സമ്പർക്കം കുറയ്ക്കുകയാണ് പതിവ്.
‘വലിയ നാണക്കേടുണ്ടാക്കുന്ന അതികഠിനമായ ഒരു അവസ്ഥയാണിത്. ഒരിക്കൽ ഷോപ്പിങ്ങിന് പോയ സമയത്ത് ചിലരെ കണ്ടപ്പോൾ എനിക്ക് ഇങ്ങനെയൊരവസ്ഥയുണ്ടായി. കാലുകളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടു. ആ സമയത്ത് കൂടെയുണ്ടായിരുന്ന ബന്ധുവിന്റെ സഹായം തേടി. എനിക്ക് ആകർഷണീയരായ മനുഷ്യരെ കാണുമ്പോൾ ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണ്. കാലുകൾ ഞാൻ അറിയാതെ ചലിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആ സമയത്ത് എനിക്ക് മനസ്സിലാകില്ല. അതുകൊണ്ട് ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ പരമാവധി തലതാഴ്ത്തി നടക്കുകയാണ് ഞാൻ ചെയ്യുന്നത്. ആളുകൻ കൂടുന്ന സ്ഥലങ്ങൾ അധികം പോകാറില്ല.’– ക്രിസ്റ്റി തന്റെ നിസഹായത പറയുന്നു.
English Summary: Rare Brain Condition Makes UK Woman Collapse Any Time She Sees Someone 'attractive'