സമത്വം പ്രസംഗിക്കുമ്പോഴും വേദിയിൽ പുരുഷനു മാത്രം കസേര; അപമാനിതയായത് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ്
മൂന്നു പേര് പങ്കെടുക്കുന്ന ചടങ്ങില്‍ കസേരകള്‍ രണ്ടു പേര്‍ക്കു മാത്രം. ആദ്യത്തെ രണ്ടു കസേരകളും പുരുഷന്മാര് കൈവശപ്പെടുത്തുന്നതു കാണുമ്പോഴുള്ള സ്ത്രീയുടെ നിരാശയും പ്രതിഷേധവും. ഏതോ നൂറ്റാണ്ടില്‍ എന്നോ നടന്ന സംഭവല്ല ഇത്. വര്‍ത്തമാന കാല യാഥാര്‍ഥ്യം. സംഭവം തുര്‍ക്കിയിലാണ് നടന്നത്. ഇതോടെ സ്ത്രീ-പുരുഷ സമത്വം എന്ന ആശയത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ചൂടു പിടിച്ചിരിക്കുന്നു.
യുറോപ്യന്‍ കമ്മിഷന് പ്രസിഡന്റും വനിതയുമായ ഉർസുല വോണ്‍ ഡെര്‍ ലെയനും യൂറോപ്യന്‍ കൗണ്‍സില്‍ മേധാവി ചാള്‍സ് മിഷേലും ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുര്‍ക്കിയില്‍ എത്തിയത്. യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് പ്രസിഡന്റ് എര്ഗോദനുമായി ചര്‍ച്ചയ്ക്ക്. വലിയൊരു മുറിയിലായിരുന്നു ചര്‍ച്ച. എര്ദോഗൻ രണ്ട് അതിഥികളെയും മുറിയിലേക്കു നയിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷനില്‍ ആവര്ത്തിച്ചുകാണിക്കുകയുണ്ടായി. മുറിയില്‍ യൂറോപ്യന്‍ യൂണിയന്റെ പതാകയ്ക്കു പിന്നില്‍ ഒരു കസേര. തുര്‍ക്കിയുടെ പതാകയ്ക്കു പിന്നില്‍ മറ്റൊരു കസേരയും മാത്രം. മിഷേലും എര്‍ദോഗനും കസേരകളില്‍ ഇരുന്ന് ചര്‍ച്ച തുടങ്ങിയപ്പോഴും അത്ഭുതവും നിരാശയും പ്രകടിപ്പിച്ചുകൊണ്ട് വോണ്‍ ഡെറിനു നോക്കിനില്ക്കേണ്ടിവന്നു. തനിക്ക് കസേര ലഭിത്താത്തതിനെത്തുടര്ന്ന് അവര്‍ ഒരു ആശ്ചര്യ ശബ്ദം പുറപ്പെടുവിക്കുന്നതും ടെലിവിഷനില്‍ വ്യക്തമാണ്.
എന്നാല്‍ പിന്നീട് മുറിയില്‍ കുറച്ചു മാറി അവര്‍ക്കിരിക്കാന്‍ ഒരു വലിയ സോഫ ലഭിച്ചു. രണ്ടര മണിക്കൂറാണു ചര്‍ച്ച നീണ്ടുനിന്നത്. ഈ സമയമത്രയും രണ്ടും നേതാക്കളും ദീര്‍ഘ സംഭാഷണത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ദൂരെ മാറിയിരുന്ന് സാക്ഷിയാകാന്‍ മാത്രമായിരുന്നു വോണ്‍ ഡെറിന്റെ നിയോഗം. യൂറോപ്യന്‍ യൂണിയനെ പ്രതിനിധീകരിച്ച് തുല്യ പദവിയിലുള്ള രണ്ടു പേരുണ്ടായിട്ടും ഒരു കസേരമാത്രമിട്ടത് എന്തുകൊണ്ടാണെന്നറിയില്ലെന്ന് യൂണിയന് വക്താക്കള്‍ അറിയിച്ചു.
പ്രോട്ടോക്കോള്‍ പാലിച്ചില്ലെങ്കിലും യോഗം തുടരട്ടെ എന്നായിരുന്നു വോണ്‍ ഡെറിന്റെ തീരുമാനം. എന്നാല്‍ യൂണിയനെ പ്രതിനിധീകരിച്ച രണ്ടു പേര്‍ക്കും തുല്യനിലയില്‍ പ്രാതിനിധ്യം കിട്ടാത്തതില്‍ അവര്‍ തീര്‍ത്തും നിരാശയായിരുന്നു. എന്തായാലും ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകരുതെന്ന് തന്റെ പ്രോട്ടോക്കോള്‍ ടീമിന് കര്‍ശന നിര്‍ദേശം
നല്‍കിയിരിക്കുകയാണ് വോണ്‍ ഡെര്‍. കോവിഡ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ വോണ്‍ ഡെറിന്റെ പ്രോട്ടോക്കോള്‍ ടീമിന് തുര്‍ക്കിയിലേക്ക് അവരെ അനുഗമിക്കാനും കഴിഞ്ഞിരുന്നില്ല. സംഭവം വിവാദമായെങ്കിലും തുര്‍ക്കി പ്രസിഡന്റോ രാജ്യത്തെ പ്രതിനിധീകരിച്ച് മറ്റാരെങ്കിലുമോ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ടിവി ദൃശ്യങ്ങളില്‍ കാണുന്നതുപോലെയല്ലെന്നും തന്റെ കൂടെയുള്ള വനിതയ്ക്ക് കസേര കിട്ടാതിരുന്നിതില് താന്‍ അസ്വസ്ഥനായിരുന്നെന്നും മിഷേല്‍ പിന്നീട് പറഞ്ഞു.
ഉന്നതതല യോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധവും അലയടിച്ചു. യാദൃച്ഛികമല്ലെന്നും മനഃപൂര്‍വം വനിതയെ അപമാനിക്കാനുള്ള നീക്കമാണുണ്ടായതെന്നും പലരും ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന് വിളിച്ചുകൂട്ടിയ യോഗത്തില്‍ നിന്ന് തുര്‍ക്കി പിന്മാറിയിരുന്നു. തീരുമാനം മാറ്റണമെന്ന് അഭ്യര്‍ഥിക്കാന്‍ വോണ്‍ ഡെര്‍ നേരിട്ട് എര്ഗോദനെ വിളിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ സംഭവം കൂടിയായതോടെ സ്ത്രീകളോടുള്ള തുര്‍ക്കിയുടെ നിലപാടുകളെക്കുറിച്ച് ആശങ്കകളും ഉയര്‍ന്നു.