ജീവിതത്തില്‍ ഒരോരുത്തരും കൊതിച്ചതും കാത്തുവച്ചതുമായ എണ്ണമറ്റ സന്തോഷ നിമിഷങ്ങളുടെ പോലും തല്ലിക്കെടുത്തിക്കൊണ്ടാണ് കോവിഡ് മഹാമാരി ലോകവ്യാപകമായി പിടിമുറുക്കിയിരിക്കുന്നത്. എത്രയോ വിശേഷപ്പെട്ട സന്ദര്‍ഭങ്ങള്‍ റദ്ദാക്കേണ്ടിവന്നിരിക്കുന്നു. വിപുലമായി പ്ലാന്‍ ചെയ്തിരുന്ന പല പദ്ധതികളും നാമമാത്രമാക്കി മാറ്റുന്നു. എല്ലാറ്റിലും ഉപരിയായി സ്വന്തം ജീവനും പ്രിയപ്പെട്ടവരുടെ ജീവനും സുരക്ഷിതമാക്കാനുള്ള ഭാരിച്ച ഉത്തവാദിത്വവും. ഓരോ ദിവസവും ഓരോ നിമിഷവും ഭീതദമായ വാര്‍ത്തകളുമായി കോവിഡ് അരങ്ങുവാഴുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ തകിടം മറിഞ്ഞിരിക്കുകയാണു ജീവിതം. കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച അമേരിക്കയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഒരേ സമയം വൈറസിന്റെ ഭീകരതയും ഒപ്പം അതിനെ അതിജീവിക്കാനുള്ള മനുഷ്യന്റെ ഇഛാശ്കിതിയുടെയും പ്രതീകമായിരിക്കുകയാണ്. 

ബാര്‍ട്ടിമോറില്‍ നിന്നുള്ള ഒരു യുവതിയാണ് പുതിയ വാര്‍ത്തയിലെ താരം. പേര് സാറ സ്റ്റഡ് ലി. കലിഫോര്‍ണിയയില്‍ സാന്‍ ഡിഗോ എന്ന സ്ഥലത്ത് ബല്‍ബോവ പാര്‍ക്കില്‍ വച്ച് ഈ ആഴ്ച വിവിഹിതയാകേണ്ടയാളാണു സാറ. എന്നാല്‍ കോവിഡിന്റെ രൂക്ഷമായ രണ്ടാം തരംഗത്തില്‍ ഒലിച്ചുപോയതു സാറയുടെ സ്വപ്നങ്ങള്‍ കൂടിയാണ്. വിപുലമായ ആഘോഷങ്ങള്‍ക്ക് അനുമതിയില്ല. കൂട്ടായ്മകളും അനുവദനീയമല്ല. സ്വകാര്യചടങ്ങില്‍ വിവാഹം നടത്തേണ്ട ദയനീയ അവസ്ഥയിലാണു സാറ. അതോടെ സാറ ഒരു കടുത്ത തീരുമാനമെടുത്തതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. വിവാഹദിവസം അണിയേണ്ട വേഷം അവര്‍ നേരത്തേതന്നെ ഓര്‍ഡര്‍ ചെയ്തു തയാറാക്കിവച്ചിരുന്നു. എന്നാല്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന വിവാഹച്ചടങ്ങില്‍ വസ്ത്രത്തിനും ഭക്ഷണത്തിനും മറ്റും എന്തു പ്രസക്തിയാണുള്ളതെന്ന് അവര്‍ ചിന്തിച്ചു. അതോടെ വിവാഹ വേഷവും അണിഞ്ഞ് സാറ വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തുകയായിരുന്നു. പ്രതിരോധ മരുന്നിന്റെ ആദ്യ ഡോസ് സ്വീകരിക്കാന്‍. എം ആന്‍ഡ് ടി ബാങ്ക് സ്റ്റേഡിയത്തില്‍ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റി നടത്തുന്ന സമൂഹ വാക്സിനേഷന്‍ കേന്ദ്രത്തില്‍ വിവാഹവേഷത്തില്‍ കഴിഞ്ഞ ദിവസം സാറ എത്തി. ആദ്യം അദ്ഭുതപ്പെട്ടെങ്കിലും ജീവനക്കാര്‍ അവസരത്തിനൊത്തുയര്‍ന്നു. വിവാഹ വേഷത്തില്‍ എത്തിയ സാറയ്ക്ക് ആദ്യ ഡോസ് കൊടുത്തതിനൊപ്പം രംഗത്തിന്റെ ചിത്രങ്ങളും അവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ്. 

ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ സാറയെ അഭിന്ദിക്കുന്ന തിരക്കിലാണു പലരും. വിവാഹത്തിന്റെ ആഘോഷങ്ങള്‍ ഒഴിവാക്കി വിവാഹ വേഷത്തില്‍ വാക്സീന്‍ ഡോസ് സ്വീകരിച്ച സാറയുടെ പ്രവൃത്തി മഹത്തരം എന്നുതന്നെ പലരും വിശേഷപ്പിക്കുകയാണ്. കോവിഡ് അടിച്ചേല്‍പിച്ച നിയന്ത്രണങ്ങള്‍ അനുസരിക്കുമ്പോള്‍ തന്നെ എങ്ങനെ വ്യത്യസ്തമായി മാതൃകയാകാമെന്നു തെളിയിച്ചിരിക്കുകയാണ് സാറ എന്ന അമേരിക്കന്‍ യുവതി. 

English Summary: Sara Vaccinated In Wedding Gown

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT