ADVERTISEMENT

താലിബാന്‍ വീണ്ടും അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതോടെ സംഭവിച്ച പ്രധാന നഷ്ടങ്ങളിലൊന്നാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിനായി എത്തിയ പെണ്‍കുട്ടികള്‍ ഉള്‍പ്പടെ പലരും തിരികെ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതെ വിഷമിക്കുകയാണ്. സ്വര്‍ണമെഡലോടെ വീര്‍ നര്‍മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റി(VNSGU)യില്‍ നിന്നും എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ അഫ്ഗാന്‍കാരിയായ റാസിയ മുറാദി ഇവരുടെ പ്രതിനിധിയാണ്. 

 

'വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ട അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ പ്രതിനിധിയാണ് ഞാന്‍. സ്വര്‍ണമെഡല്‍ നേടാനായതില്‍ സന്തോഷമുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി എന്റെ കുടുംബത്തെ ഒന്നു കാണാന്‍ പോലും സാധിക്കാത്തതില്‍ വിഷമവുമുണ്ട്' എന്നാണ് റാസിയ മുറാദി പറഞ്ഞത്. 

 

എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ 8.60 ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവരേജ്(CGPA) നേടിക്കൊണ്ടാണ് വിഷയത്തില്‍ സര്‍വകലാശാലയിലെ ഏറ്റവും ഉന്നതമായ വിജയം റാസിയ മുറാദി സ്വന്തമാക്കിയത്. അവസരം ലഭിച്ചാല്‍ ഏത് മേഖലയിലും അഫ്ഗാനി സ്ത്രീകള്‍ക്ക് ശോഭിക്കാനാവുമെന്നതിന്റെ ഉദാഹരണമാണ് തന്റെ വിജയമെന്നും റാസിയ പറയുന്നുണ്ട്. 

 

2022 ഏപ്രിലില്‍ എം.എ പൂര്‍ത്തിയാക്കിയ റാസിയ ഇപ്പോള്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ പി.എച്ച്.ഡി ചെയ്യാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ(ICCR) സ്‌കോളര്‍ഷിപ് ലഭിച്ചാണ് റാസിയ ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ 14,000ത്തിലേറെ അഫ്ഗാന്‍ വിദ്യാര്‍ഥികള്‍ ഉന്നത പഠനം നടത്തുന്നുണ്ട്. 

 

ICCRന്റെയും മറ്റു സ്ഥാപനങ്ങളുടേയും സ്‌കോളര്‍ഷിപ്പുകള്‍ നേടിയാണ് ഇവരില്‍ ബഹുഭൂരിപക്ഷവും ഇന്ത്യയിലേക്കെത്തുന്നത്. പ്രവേശനപരീക്ഷകള്‍ വഴിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. അഫ്ഗാനിസ്ഥാനിലേക്ക് താലിബാന്‍ ഭരണം തിരിച്ചെത്തിയതിനു ശേഷം വിദേശത്തു പഠനത്തിനു പോയ വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗം സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല. അവരുടെ പ്രതിനിധിയാണ് റാസിയ മുറാദി.

 

'അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കിടയില്‍ എന്റെ വിജയം വഴി എന്തെങ്കിലും തരത്തിലുള്ള ബോധവല്‍ക്കരണം നടത്താനാവണമെന്നാണ് ആഗ്രഹം. മറ്റു രാജ്യങ്ങളിലെ മനുഷ്യര്‍ ജീവിക്കുന്നതുപോലെ അഫ്ഗാനിസ്ഥാനിലേയും മനുഷ്യര്‍ക്ക് സാധിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. രാജ്യാന്തര സമൂഹവും ഈ പ്രശ്‌നത്തില്‍ ഇടപെടണം. ജനജീവിതം സാധാരണ നിലയിലായാല്‍ അഫ്ഗാനിസ്ഥാനിലേക്കു മടങ്ങി പോവാനും മാതൃരാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു'– എന്നാണ് റാസിയ മുറാദി ഗോള്‍ഡ് മെഡല്‍ ദാന ചടങ്ങിനിടെ പ്രതികരിച്ചത്.

English Summary: ‘My answer to Taliban’: Afghan woman wins MA gold at Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com