തലയില്ലാത്ത കത്തിക്കരിഞ്ഞ പുഴുവരിക്കുന്ന മൃതദേഹങ്ങളുടെ കാഴ്ച; ഇത് ബിന്ദുവിന്റെ മാത്രം ജീവിതം
കേൾക്കുന്നവരിൽ ആകാംക്ഷ ഇരട്ടിപ്പിക്കുന്നതാണ് കൊടുങ്ങല്ലൂർ സ്വദേശി ബിന്ദുവിന്റെ ജീവിതം. പറയുംതോറും പിന്നെയും പിന്നെയും പറയാൻ ബാക്കിയാണ് ബിന്ദുവിന് ജീവിതം. വി.വി. ബിന്ദു എന്ന കൊടുങ്ങല്ലൂരുകാരി തന്നെക്കുറിച്ച് പറഞ്ഞു തുടങ്ങിയിട്ട്...Women, Manorama news, Manorama Online, Malayalam news, Breaking News, Crime News, Latest News
കേൾക്കുന്നവരിൽ ആകാംക്ഷ ഇരട്ടിപ്പിക്കുന്നതാണ് കൊടുങ്ങല്ലൂർ സ്വദേശി ബിന്ദുവിന്റെ ജീവിതം. പറയുംതോറും പിന്നെയും പിന്നെയും പറയാൻ ബാക്കിയാണ് ബിന്ദുവിന് ജീവിതം. വി.വി. ബിന്ദു എന്ന കൊടുങ്ങല്ലൂരുകാരി തന്നെക്കുറിച്ച് പറഞ്ഞു തുടങ്ങിയിട്ട്...Women, Manorama news, Manorama Online, Malayalam news, Breaking News, Crime News, Latest News
കേൾക്കുന്നവരിൽ ആകാംക്ഷ ഇരട്ടിപ്പിക്കുന്നതാണ് കൊടുങ്ങല്ലൂർ സ്വദേശി ബിന്ദുവിന്റെ ജീവിതം. പറയുംതോറും പിന്നെയും പിന്നെയും പറയാൻ ബാക്കിയാണ് ബിന്ദുവിന് ജീവിതം. വി.വി. ബിന്ദു എന്ന കൊടുങ്ങല്ലൂരുകാരി തന്നെക്കുറിച്ച് പറഞ്ഞു തുടങ്ങിയിട്ട്...Women, Manorama news, Manorama Online, Malayalam news, Breaking News, Crime News, Latest News
കേൾക്കുന്നവരിൽ ആകാംക്ഷ ഇരട്ടിപ്പിക്കുന്നതാണ് കൊടുങ്ങല്ലൂർ സ്വദേശി ബിന്ദുവിന്റെ ജീവിതം. പറയുംതോറും പിന്നെയും പിന്നെയും പറയാൻ ബാക്കിയാണ് ബിന്ദുവിന് ജീവിതം. വി.വി. ബിന്ദു എന്ന കൊടുങ്ങല്ലൂരുകാരി തന്നെക്കുറിച്ച് പറഞ്ഞു തുടങ്ങിയിട്ട് കാലങ്ങളായി. പലർക്കും ബിന്ദുവിനെ നന്നായി അറിയാം. എന്നിട്ടും ഓരോ പറച്ചിലിലും ബിന്ദുവിനെ കേൾക്കുന്നവരുടെ എണ്ണം കൂടുകയുമാണ്. അത്രയും അവിശ്വസനീയവും സങ്കടകരവുമാണ് അവരുടെ കഥ.
രണ്ട് വിധത്തിലാണ് ബിന്ദു ശ്രദ്ധിക്കപ്പെടുന്നത്. അസാധാരണയായ അമ്മ എന്ന നിലയിലും, അസാധാരണമായ ജോലി ചെയ്യുന്ന സ്ത്രീ എന്ന നിലയിലും. അച്ഛൻ ഉപേക്ഷിച്ചുപോയ രണ്ട് പെൺമക്കളെ പൊന്നുപോലെ നോക്കുന്ന അമ്മ എന്ന നിലയിൽ മാത്രമല്ല ബിന്ദു അസാധാരണയായ അമ്മയാകുന്നത്. ഇളയമകൾ ശ്രീലക്ഷ്മി ഓട്ടിസം ബാധിതയാണ്. പതിന്നാല് വയസായി അവൾക്ക്. ഇക്കാലയളവിൽ അവളെ സന്തോഷിപ്പിച്ചതെന്താണ്, സങ്കടപ്പെടുത്തുന്നതെന്താണ്, തന്റെ അമ്മയെക്കുറിച്ചും ചേച്ചിയെക്കുറിച്ചും അവൾക്കുള്ള ചിന്തകളെന്താണ്, എന്തിന്, അവൾക്ക് വിശക്കുന്നോ ദാഹിക്കുന്നോ എന്ന് പോലും ആശയവിനിമയം നടത്താനാകാതെ ജീവിക്കുകയാണ് ബിന്ദുവിന്റെ ഈ മകൾ.
‘കുട്ടികളൊക്കെ അവധിക്കാലത്ത് എവിടെയൊക്കെയാണ് പോകുന്നത്. നമ്മളെന്താണ് അമ്മേ എവിടെയും പോകാത്തത്. ഈ വീടും സ്കൂളുമല്ലാതെ നമുക്ക് പോകാനൊരിടമില്ലേ..’ മൂത്ത മകൾ വിഷ്ണുപ്രിയ ബിന്ദുവിനോട് ഇടയ്ക്കിടയ്ക്ക് ചോദിക്കുന്ന ചോദ്യമാണിത്. ബിന്ദുവും അതേക്കുറിച്ച് ചിന്തിക്കാറുണ്ട്. എന്തുകൊണ്ടാണ് ദൈവമേ ഞങ്ങൾക്ക് മാത്രം പോകാനൊരിടമില്ലാത്തത്. എന്തുകൊണ്ടാണ് ദൈവമേ ഞങ്ങൾക്കൊപ്പം ഉണ്ടുറങ്ങാനായി ഒരാൾപോലും ഇവിടേക്ക് എത്താത്തത്. അതിനൊക്കെ ഉത്തരം കണ്ടുപിടിക്കാൻ പോയാൽ ഒരന്തവുമില്ലെന്നും ഇങ്ങനെയൊക്കെ ജീവിക്കാൻ ആരോ നിശ്ചയിച്ചിട്ടുണ്ടെന്നും അതനുസരിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്നും ബിന്ദുവിന് ഇപ്പോൾ നന്നായി അറിയാം. കൂടെപ്പിറപ്പുകളും സുഹൃത്തുക്കളുമൊക്കെയുണ്ട്. പക്ഷേ അവരുടേതായ ജീവിതപ്രാരാബ്ധങ്ങളിലാണ് എല്ലാവരും. വളർന്നു വരുന്നതിനാൽ വിഷ്ണുപ്രിയ ഇപ്പോൾ പഴയ ചോദ്യങ്ങൾ ചോദിച്ച് അമ്മയെ വിഷമിപ്പിക്കാറില്ല. അതേ, നിവൃത്തിയില്ലാതെ ജീവിതത്തോട് പൊരുത്തപ്പെട്ട് അതിൽ സന്തോഷം കണ്ടെത്തി ജീവിക്കുന്ന ഒരമ്മയുടെയും മക്കളുടെയും കഥയാണിത്. ആ കഥ പൂർത്തിയാകണമെങ്കിൽ വിഷ്ണുപ്രിയയുടെയും ശ്രീലക്ഷ്മിയുടെയും അമ്മ വി.വി. ബിന്ദുവിൻറെ ജോലിയെക്കുറിച്ചറിയണം.
എല്ലാ പെൺകുട്ടികളെയും പോലെ വാരികകളിലും പത്രത്താളുകളിലും അച്ചടിച്ചുവരുന്ന വർണാഭമായ ചിത്രങ്ങൾ നോക്കി ആനന്ദിച്ചും അതിശയിച്ചുമാണ് ബിന്ദു എന്ന പെൺകുട്ടിയും വളർന്നത്. കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ അഞ്ച് പെൺമക്കളിൽ ഒരാൾ. വിലക്കുകളും അതിരുകളും തീർത്ത പെൺജീവിതത്തിന്റെ ഓരം പറ്റി നീങ്ങാൻ അന്നേ ബിന്ദുവിന് മനസുണ്ടായിരുന്നില്ല. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ അച്ഛനും അമ്മയ്ക്കുമൊപ്പം മക്കളും കൂടണമായിരുന്നു. കുഞ്ഞിക്കൈകൾ കൊണ്ട് കയർപിരിച്ച് കഴിച്ചുകൂട്ടേണ്ടി വന്ന കുട്ടിക്കാല പകലുകളെക്കുറിച്ച് പറയുമ്പോൾ ബിന്ദു ഇന്നും കരയുന്നു. കാരണം ജീവിക്കാൻ അന്ന് തുടങ്ങിയ പങ്കപ്പാടിൽ നിന്ന് ദൈവം ബിന്ദുവിന് ഇന്നും മോചനം നൽകിയിട്ടില്ലല്ലോ .
പ്ലസ് ടു കഴിഞ്ഞ് അവധിക്കാലത്ത് വെറുതേ ഇരിക്കുമ്പോഴാണ് പരിചയക്കാരനായ ഒരു ഫൊട്ടോഗ്രാഫറുടെ സ്റ്റുഡിയോയിൽ റിസപ്ഷനിസ്റ്റാകാനുള്ള അവസരം ലഭിച്ചത്. അങ്ങനെ വൈവിധ്യം നിറഞ്ഞ ഫോട്ടോകൾ കണ്ടു കേട്ടും ബിന്ദു ആ ലോകത്തേക്ക് കടന്നു ചെല്ലുകയായിരുന്നു. സ്റ്റുഡിയോയിൽ സൂക്ഷിച്ചിരിക്കുന്ന ആൽബങ്ങൾ തുറന്ന് സ്റ്റുഡിയോ ഉടമ ഷാഹുൽ ബിന്ദുവിനോടും മറ്റു ജീവനക്കാരോടും അതേക്കുറിച്ച് വിശദീകരിക്കുമായിരുന്നു. അക്കൂട്ടത്തിൽ പൊലീസ് നിർദേശം അനുസരിച്ച് എടുക്കുന്ന മൃതദേഹങ്ങളുടെ ഫോട്ടോ അടങ്ങിയ ആൽബങ്ങളുമുണ്ടായിരുന്നു. വെറുതേയിരിക്കുമ്പോൾ ബിന്ദു അതൊക്കെ മറിച്ചു നോക്കും. ജനനം എന്ന പ്രതിഭാസം എല്ലാവർക്കും ഒരുപോലെയാണെങ്കിലും മരണം അങ്ങനെയല്ലെന്ന് വിളിച്ചു പറയുന്നതായിരുന്നു ആ ഫോട്ടോകൾ. കണ്ണ് തുറന്ന് കിടന്ന് ചിലർ, ശാന്തമായ ഉറക്കം പോലെ മറ്റ് ചിലർ, കണ്ണും നാവും വെളിയിൽ വന്ന് അതിഭീകരമായി വേറെ ചിലർ, ചിതലരിച്ചവർ, പുഴുവരിച്ചവർ, അഴുകി ദുർഗന്ധം പരത്തി വികൃതമായവർ..മരണത്തിന്റെ ആ പേടിപ്പിക്കുന്ന ലോകത്തെക്കുറിച്ച് ആലോചിച്ച് നടുങ്ങിയിട്ടുണ്ട് ബിന്ദു. കാരണം മരിച്ച വീട്ടിൽ പോകാനും എന്തിന് രക്തം കാണാൻ പോലും മനക്കട്ടിയില്ലാത്തവളായിരുന്നു അന്നത്തെ ബിന്ദു.
പക്ഷേ കാലം ബിന്ദുവിനായി കാത്ത് വച്ചിരുന്നത് മറ്റൊരു നിയോഗമായിരുന്നു. സ്റ്റുഡിയോയിൽ ഉടമ സൂക്ഷിച്ചിരുന്ന ക്യാമറകൾ അയാളില്ലാത്തപ്പോൾ എടുത്തുനോക്കാൻ തുടങ്ങി ബിന്ദു. സ്റ്റുഡിയോയിലുണ്ടായിരുന്ന പയ്യൻമാർ ബാലപാഠങ്ങൾ പറഞ്ഞുകൊടുത്തു. അങ്ങനെ ആരുമില്ലാത്തപ്പോൾ ഫോട്ടോ എടുക്കാൻ വരുന്നവരെ പറഞ്ഞ് വിടാതെ ബിന്ദു അവരുടെ ചിത്രങ്ങൾ പകർത്തിത്തുടങ്ങി. പന്ത്രണ്ട് ഫിലിം മാത്രമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് 120 യാഷിക ക്യാമറയായിരുന്നു അന്ന്. കൂലിപ്പണിക്കാരുടെ മകൾക്ക് അതിൽ സ്പർശിക്കുക എന്നത് പോലും സ്വപ്നമായിരുന്നിട്ടും ബിന്ദു അവിടെയെത്തി. ഫോട്ടോഗ്രാഫറായി ജോലി തുടങ്ങിയപ്പോൾ സൗകര്യത്തിനായി ജീൻസും ഷർട്ടും ധരിച്ചതിന് നാട്ടുകാർ അവഹേളിച്ചു. വീട്ടുകാർ പോലും എതിർത്തു. പക്ഷേ, ആത്മവിശ്വാസം മാത്രമല്ല തന്നോടും ചെയ്യുന്ന ജോലിയോടും ബഹുമാനമുണ്ടായിരുന്നു ബിന്ദുവിന്. അതുകൊണ്ട് ആരെയും ശ്രദ്ധിച്ചില്ല.
അങ്ങനെയിരിക്കെ ഒരിക്കൽ മതിലകം പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു വിളിയെത്തി. ദുർമരണമുണ്ട് മൃതദേഹത്തിന്റെ ഫോട്ടോയെടുക്കണം. അന്ന് സ്റ്റുഡിയോയിൽ മറ്റാരുമില്ലാത്തതിനാൽ ബിന്ദു ക്യാമറയുമായി ഇറങ്ങി. പൊലീസ് ജീപ്പിന്റെ പിന്നിൽ വിറയലടക്കാതെയിരിക്കുമ്പോൾ നല്ല ആശങ്കയുണ്ടായിരുന്നു. കിണറ്റിൽ ചാടി മരിച്ച ഒരമ്മയുടെയും മൂന്ന് വയസുള്ള മകളുടെയും മൃതദേഹം കരയ്ക്കെത്തിച്ചപ്പോൾ ബിന്ദു തളർന്ന് പോയി. റോസ് നിറത്തിലുള്ള ഉടുപ്പിട്ട് കണ്ണുകൾ തുറന്ന് ഒരു മാലാഖക്കുട്ടി. കരച്ചിലടക്കാനാകാതെയായിരുന്നു അന്ന് ആ അമ്മയുടെയും കുട്ടിയുടെയും ചിത്രങ്ങളെടുത്തത്. കൂടെയുണ്ടായിരുന്ന പൊലീസുകാരൻ പോലും മാറി നിന്ന് കരയുന്നത് അന്ന് ബിന്ദു കണ്ടു. അവിടെ നിന്നായിരുന്നു തുടക്കം. പക്ഷേ പിന്നീട് ബിന്ദു കരഞ്ഞില്ല. ആത്മഹത്യ ചെയ്തവരായാലും കൊല്ലപ്പെട്ടവരായാലും സാധാരണമരണമാണെങ്കിലും ഒരേ ഭാവത്തോടെ ഒരിക്കലും പരിചയമില്ലാത്ത അവരുടെ ജീവിതത്തിന്റെ അന്ത്യ നിമിഷങ്ങളിൽ ഭാഗമായി. അതൊരു പുണ്യമായോ ഭാഗ്യമായോ ഒക്കെയാണ് ഇന്ന് ബിന്ദു കരുതുന്നത്.
ഇരുപത് വർഷം കഴിഞ്ഞു പൊലീസിനായി ഇൻക്വസ്റ്റ് ഫോട്ടോഗ്രാഫറായി ജോലി ചെയ്യാൻ തുടങ്ങിയിട്ട്. ആയിരത്തി അറൂനൂറിലധികം മൃതദേഹങ്ങളുടെ ഫോട്ടോയെടുത്തുകൊടുത്തു. ഈ വർഷം തന്നെ എഴുപതോളം മൃതദേഹങ്ങൾക്ക് മുന്നിൽ ബിന്ദുവെത്തി. ഇത്രയും കാലത്തിനിടയ്ക്ക് ബിന്ദു കണ്ട കാഴ്ചകൾ കേൾക്കാൻ പോലും നാം ധൈര്യപ്പെടില്ല. അത്രയും ഭീകരമായിരുന്നു അവയൊക്കെ. തലയില്ലാത്ത, പൊള്ളി നാശമായ, കത്തിക്കരിഞ്ഞ, വെട്ടിമുറിക്കപ്പെട്ട, പുഴുത്ത് ദുർഗന്ധം വമിക്കുന്ന, അഴുകി തൂങ്ങിയാടുന്ന പലവിധത്തിലുള്ള മനുഷ്യശരീരങ്ങൾ. ജീവിതത്തെക്കുറിച്ച് പഠിക്കാൻ എന്തിനാണ് പുസ്തകങ്ങൾ എന്ന് ബിന്ദു ചോദിക്കുമ്പോൾ നിശബ്ദമാകാതെ മറ്റെന്ത് പറയാൻ.
കുഞ്ഞ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്യുന്നവരുടെ മൃതദേഹത്തോട് പോലും തനിക്ക് വെറുപ്പ് തോന്നാറുണ്ടെന്ന് ബിന്ദു പറയുന്നു. 2020 ൽ കൊടുങ്ങല്ലൂരിലെ ഒരു വീട്ടിൽ കൂട്ട ആത്മഹത്യ. അച്ഛനും അമ്മയും രണ്ട് കുഞ്ഞുങ്ങളും. ആ കുഞ്ഞുങ്ങളുടെ കെട്ടിത്തൂക്കിയ ശരീരം കണ്ടപ്പോൾ മനസ് നൊന്തു. മോർച്ചറിയിൽ പോയാലും കുഞ്ഞുമക്കളുടെ തണുത്തുറഞ്ഞ ശരീരം നൊമ്പരപ്പെടുത്തും. ലോകം കാണാതെ ഈ മക്കളെ ഇല്ലാതാക്കുന്നവരോട് ദേഷ്യം തോന്നാറുണ്ട്. പിന്നെന്തിനായിരുന്നു അവരെ സൃഷ്ടിച്ചതെന്ന് തോന്നും. അഹങ്കാരം, വൈരാഗ്യം, ദുർനടപ്പ്, സാമ്പത്തികം തുടങ്ങി പല ഘടകങ്ങളുണ്ട് ആത്മഹത്യകൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ. എങ്ങനെയായാലും ഇവരുടെയൊക്കെ ഭൂമിയിലെ അവസാന കർമത്തിന്റെ ഭാഗമാകുകയാണ് താനെന്ന് ബിന്ദു വിശ്വസിക്കുന്നു. എപ്പോഴെങ്കിലും നല്ലത് ജീവിതത്തിൽ വന്നുകൂടുമെന്ന് വിശ്വസിക്കാമല്ലോ എന്തിനാണ് മരിക്കുന്നത് എന്നാണ്, നൂറ് കണക്കിന് മൃതദേഹങ്ങൾ കണ്ട ബിന്ദു ചോദിക്കുന്നത്.
ഈ അസാധാരണമായ ജോലി കൊണ്ട് ബിന്ദു എന്ത് നേടി എന്നാണെങ്കിൽ അസാമാന്യമായ മനക്കരുത്ത് എന്നുത്തരം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിപ്പിടിപ്പിക്കാനുള്ള പാച്ചിലാണിത്. അതിന് വേണ്ടത് മനക്കരുത്ത് തന്നെയാണ്. ഇടയ്ക്ക് കല്യാണവർക്ക് ഉൾപ്പെടെയെുള്ളവ ചെയ്തെങ്കിലും ട്രെൻഡ് മാറിയതും സാങ്കേതികവിദ്യ വളർന്നതുമൊക്കെ അവസരം ഇല്ലാതാക്കുന്നു. ഭർത്താവ് ഉപേക്ഷിച്ച് പോയപ്പോൾ കുട്ടികളെ മാത്രമല്ല മരണം വരെ അയാളുടെ മാതാപിതാക്കളുടെ ചുമതല കൂടി ബിന്ദുവിന് ഏറ്റെടുക്കേണ്ടി വന്നു. ബിന്ദുവിന്റെ ദുരിതം കണ്ട നാട്ടുകാർ അവർക്ക് സ്വന്തമായി വീട് വച്ചുനൽകിയതോടെ വാടക എന്ന കടമ്പ കടന്നുകിട്ടി.
ബിന്ദുവിന്റെ ജീവിതം കേൾക്കുന്നത് വലിയ കൌതുകമാണ്. ഓരോ പറച്ചിലിലും ആയിരക്കണക്കിനാളുകൾ അത് കേൾക്കുന്നു. അക്കൂട്ടത്തിൽ രണ്ട് പെൺമക്കളെയും ഭാര്യയേയും ഉപേക്ഷിച്ച് പ്രാരാബ്ധങ്ങളിൽ നിന്ന് ഓടി രക്ഷപ്പെട്ട ഒരുവനുമുണ്ടാകും. മകളുടെ ചികിത്സയ്ക്കായി വേണ്ടിവരുന്ന ഭാരിച്ച തുക, വീട്ടിലെ മറ്റു ചിലവുകൾ ഇതൊക്കെ ഓർക്കുമ്പോൾ ഏത്പാതിരാത്രിയിലും ഏത് കാട്ടിലേക്കും ക്യാമറയുമായി ബിന്ദുവെത്തും. സ്ക്കൂട്ടറിലായിരിക്കും യാത്ര. ആരെയും ഭയപ്പെടുത്തുന്ന ശവശീരങ്ങൾക്ക് നടുവിൽ നിന്ന് ഒരു മൂളിപ്പാട്ടും പാടി തിരികെ വണ്ടിയോടിക്കുമ്പോൾ ബിന്ദു പേടിക്കുന്നത് ജീവിച്ചിരിക്കുന്നവരെയാണ്.
കാലങ്ങളായി തന്റെ ജീവിതം വിളിച്ചുപറയുമ്പോഴും ബിന്ദുവിന് മടുക്കുന്നില്ല. മടുപ്പിക്കുന്ന ജീവിതത്തോടും മടുപ്പില്ല. രണ്ട് പെൺകുട്ടികളാണ് ചിറകിൻകീഴിൽ. മടുക്കാൻ പറ്റില്ലല്ലോ. വയ്യാത്ത മകളുടെ ബോധമനസിനെക്കുറിച്ച് ബിന്ദുവിന് ധാരണയില്ല. അവൾക്ക് ചില കാര്യങ്ങളറിയാം. ചിലവയോട് എന്താണ് മനോഭാവമെന്ന് അറിയാൻ പോലും കഴിയില്ല. കാണാത്ത ഡോക്ടർമാരില്ല, ചെയ്യാത്ത മരുന്നില്ല. കോവിഡ് കാലത്ത് ചികിത്സ നിലച്ചത് കുട്ടിയിലുണ്ടായ ചെറിയ മാറ്റങ്ങളെ ഇല്ലാതാക്കി. മക്കൾക്ക് വേണ്ടിയാണ് ബിന്ദു ഇപ്പോൾ ജീവിക്കുന്നത്. മകൾക്ക് സാനിറ്ററി നാപ്കിൻ വാങ്ങാൻ തന്നെ വേണം മാസം രണ്ടായിരത്തിലധികം രൂപ. മരണത്തെ പേടിയില്ലെങ്കിലും ഓടിനടക്കുന്നതിനിടയിൽ എന്തെങ്കിലും പറ്റിയാൽ ഇളയകുട്ടിയെ എന്ത് ചെയ്യുമെന്ന ആധിയുണ്ട് മനസ് മുഴുവൻ. മൂത്തവളെ പ്രാപ്തയാക്കണം. അവൾ അനുജത്തിയെ നോക്കുമെന്ന് സ്വയം വിശ്വസിച്ച് ഉറപ്പിക്കുകയാണ് ഈ അമ്മ.
നിർഭയതയും നിസ്സഹായതയും ഈ സ്ത്രീയിൽ മാറി മറിയുന്നത് കാണാം. ജീവിതത്തിൽ ബിന്ദു ജയിച്ചോ തോറ്റോ എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. ഇത് ജയവും തോൽവിയുമില്ലാത്ത മനുഷ്യജൻമമാണെന്ന ബോധ്യം അവർക്കുണ്ട്. കൊട്ടാരത്തിലായാലും കുടിലിലായാലും സന്തോഷമായാലും സങ്കടമായാലും എല്ലാം അഴിച്ചുവച്ച് വീണ് പോകുന്ന ഒരു ദിവസത്തിലേക്കുള്ള യാത്ര. മരണവും ജീവിതവും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഒരുവളായതിനാൽ ബിന്ദുവിന്റെ ജീവിതം നോവലായി, നാടകമായി. ഇപ്പോഴത് സിനിമയാകാനുമുള്ള ഒരുക്കങ്ങൾ നടക്കുന്നു. പക്ഷേ അതുകൊണ്ടൊക്കെ ബിന്ദുവിനെന്ത് എന്ന ചോദ്യം മാത്രം വീണ്ടും ബാക്കി.
ഒരു വേദാന്തിയുടെ ഹൃദയ വിശാലതയോടെ ബിന്ദു സംസാരം തുടരുന്നു. മൂത്തയാൾക്ക് സ്കൂളിൽ പോകേണ്ടി വരുമ്പോൾ ഇളയവളെ കെട്ടിയിട്ട് വീട് പൂട്ടിയിറങ്ങേണ്ടി വരുന്ന അമ്മയെക്കുറിച്ച് പറയുമ്പോൾ ഇടനെഞ്ച് പൊട്ടി വിതുമ്പുന്നു. പൊലീസ് സ്റ്റേഷനുകളിൽ നിന്ന് വിളിയെത്താൻ വൈകുന്ന ഇടവേളകളിൽ എത്ര കൂട്ടിയാലും കിഴിച്ചാലും ശരിയാകാത്ത കണക്കുകളിൽ ഉഴറുന്നു.. ഇതൊക്കെ കേൾക്കുമ്പോൾ ബിന്ദു ചോദിക്കുന്ന ചോദ്യം തന്നെ ഉള്ളിൽ മുഴങ്ങുന്നു, ശരിക്കും ആരുടെ തീരുമാനമാണ് ഈ സ്ത്രീയുടെ ജീവിതം.
English Summary: Life Story Of Dead Body Photographer Bindu