തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകി ; ഹൃതിക് റോഷനോടു ക്ഷമചോദിച്ചു പെൺകുട്ടി

പ്രിയപ്പെട്ട പെൺകുട്ടീ, നീ ആരാണ്? എന്തിനാണ് നീ നുണ പറയുന്നത്? തെറ്റിദ്ധാരണ ജനിപ്പിക്കും വിധം തന്റെ പേര് വാർത്തയിൽ വലിച്ചിഴച്ച പെൺകുട്ടിയോട് ഹൃതിക് റോഷൻ ചോദിച്ചു.

പ്രിയപ്പെട്ട പെൺകുട്ടീ, നീ ആരാണ്? എന്തിനാണ് നീ നുണ പറയുന്നത്?  തെറ്റിദ്ധാരണ ജനിപ്പിക്കും വിധം തന്റെ പേര് വാർത്തയിൽ വലിച്ചിഴച്ച പെൺകുട്ടിയോട് ഹൃതിക് റോഷൻ ചോദിച്ചു. ഹൃതിക് റോഷനെക്കുറിച്ചു താൻ പറഞ്ഞ ചില കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കും വിധം പത്രത്തിൽ തലക്കെട്ടായി വന്നതാണ് താരത്തെ വേദനിപ്പിക്കുന്നതെന്നു തിരിച്ചറിഞ്ഞ ആ പെൺകുട്ടി തന്റെ തെറ്റു സമ്മതിക്കുകയും ഹൃതിക് റോഷനോടു ക്ഷമചോദിക്കുകയും ചെയ്തു.



പോളിഷ് മോഡലായ ആൻജല ക്രിസ്‌ലിൻസ്കിയാണ് ഹൃതിക് റോഷനോടു ക്ഷമചോദിച്ചത്. ഹൃതിക്കിൽ ഞാൻ കാണുന്നത് ഒരു സുഹൃത്തിനെയും മാർഗദർശിയേയും ആണെന്ന ആൻജലയുടെ പ്രസ്താവനയായിരുന്നു ഒരു പത്രത്തിൽ തലക്കെട്ടായി വന്നത്. ഇതാണ് ഹൃതിക്കിനെ വേദനിപ്പിച്ചത്. എന്നാൽ വാർത്തയുടെ സത്യാവസ്തയും അതിന്റെ വിശദീകരണവും ഹൃതിക്കിനോടുള്ള ക്ഷമാപണവുമായി ഒരു നീണ്ട കുറിപ്പാണ് സമൂഹമാധ്യമങ്ങളിലൂടെ ആൻജല പങ്കുവെച്ചത്.



ആൻജലയുടെ കുറിപ്പ് ആരംഭിക്കുന്നതിങ്ങനെ " താങ്കളെ ഞാൻ ഒരുപാടു ബഹുമാനിക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത വന്നതിൽ എനിക്കൊരുപാടു സങ്കടമുണ്ട്. അതു താങ്കളെ വിഷമിപ്പിച്ചതിനാൽ ഞാൻ താങ്കളോടു ക്ഷമ ചോദിക്കുന്നു. താങ്കളിലെ നടനെ ആരാധിക്കുന്ന കോടിക്കണക്കിനു വരുന്ന ആരാധകരിൽ ഒരാൾ മാത്രമാണു ഞാൻ. പക്ഷെ എനിക്ക് അതിലും ഉപരി ഒരു ഭാഗ്യം ലഭിച്ചു. താങ്കളോടൊപ്പം രണ്ടുപ്രാവശ്യം അഭിനയിക്കാൻ എനിക്കവസരം ലഭിച്ചിട്ടുണ്ട്. മാർഗദർശി എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് എന്റെ ജീവിതം ശരിയായ ദിശയിൽ നീങ്ങാൻ എനിക്കു പ്രചോദനമായ വ്യക്തി എന്നുമാത്രമാണ്.



പുതിയ ചിത്രവുമായി ബന്ധപ്പെട്ടു നടന്ന ഒരു പ്രസ്മീറ്റിൽ ചില മാധ്യമപ്രവർത്തകർ എന്നോടു ചോദിച്ചിരുന്നു. ഫോറിൽ ലുക്കുള്ള ഞാൻ എങ്ങനെ ബോളിവുഡിലെത്തിയെന്ന്. അതിനു ഞാൻ നൽകിയ മറുപടിയാണ് ഇപ്പോൾ തെറ്റിദ്ധാരണയ്ക്കിടയാക്കിയത്. ഫോറിൻലുക്കുമായി അഭിനയിക്കാൻ ഇറങ്ങിത്തിരിച്ചതിനെ പ്പറ്റിയുള്ള ചോദ്യത്തിനു ഞാൻ മറുപടി പറഞ്ഞതിങ്ങനെയാണ്.

ഹൃതിക് റോഷനൊപ്പം അഭിനയിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ചില വാക്കുകൾ എനിക്കു പ്രചോദനം നൽകി. നമ്മൾ നമ്മളായിത്തന്നെ ജോലിചെയ്യണമെന്നും ഞാൻ നന്നായി അഭിനയിക്കുകയാണെങ്കിൽ മറ്റുള്ളവർ വിലയിരുത്തുക എന്റെ അഭിനയത്തെയാണെന്നും ലുക്കിനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

ആ വാക്കുകൾ എന്നെ പ്രചോദിപ്പിച്ചു. സത്യത്തിൽ അന്നാണ് എന്റെ അഭിനയജീവിതം തുടങ്ങിയത്.അഭിനയം എന്ന കല ഒപ്പമുണ്ടെങ്കിൽ ബാക്കിയെല്ലാം നിഷ്പ്രഭമാകും എന്ന താങ്കളുടെ വാക്കുകളാണ് എന്നെ പ്രചോദിപ്പിച്ചത്. അതിനെക്കുറിച്ചാണ് ഞാൻ മാധ്യമങ്ങളോടു സംസാരിച്ചതും ഒരിക്കൽ കൂടി താങ്കളോടു ക്ഷമ ചോദിക്കുന്നു'' എന്നു പറഞ്ഞാണ് ആൻജല കുറിപ്പ് അവസാനിപ്പിക്കുന്നത്.



ആൻജലയുടെ വിശദീകരണത്തിനു മറുപടിയുമായി ഹൃതിക് റോഷനും എത്തി. തീർച്ചയായും അത് തെറ്റിദ്ധരിപ്പിക്കുന്ന ഒരു തലക്കെട്ടു തന്നെയായിരുന്നുവെന്നും അതിനു വിശദീകരണം നൽകി ക്ഷമചോദിക്കാൻ ആൻജല മനസ്സുകാട്ടിയതു തന്നെ സന്തോഷിപ്പിക്കുന്നുവെന്നും അഭിനയജീവിതത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഹൃതിക് മറുപടി നൽകിയത്.