ലേഡി ഡെത്ത് ; നൂറുകണക്കിനു ശത്രുക്കളെ കൊന്നൊടുക്കിയ വനിതാ പോരാളികളുടെ കഥയറിയാം

മാരക പ്രഹരശേഷിയുള്ള പോരാളികൾ വനിതകൾക്കിടയിലുണ്ടായിരുന്നു. പുരുഷൻമാരെപ്പോലെതന്നെ നൂറുകണക്കിനു ശത്രുക്കളെ കൊന്നൊടുക്കി രാജ്യത്തിന് അഭിമാനയവർ.

ചരിത്രം വീരപുരുഷൻമാരുടേതാണെന്നു വാഴ്ത്തപ്പെടാറുണ്ട്. ആഘോഷിക്കാറുണ്ട്. വനിതകൾ മുഖ്യധാരയ്ക്കു പുറത്തെവിടെയോ പുരുഷന്റെ സഹായികളോ പങ്കാളികളോ മാത്രം. ആവർത്തിച്ചു പറഞ്ഞും എഴുതിയും സ്ത്രീകളെ അരികുകളിലേക്കു മാറ്റിനിർത്തുന്നു കാലാകാലങ്ങളായി ചരിത്രകാരൻമാർ.

ഈ ധാരണയെ തിരുത്താൻ സമയമായെന്നു പറയുന്നു റഷ്യക്കാരിയായ ഓൾഗ ഷെർനിന. രണ്ടാം ലോക മഹായുദ്ധം അവശേഷിപ്പിച്ച കറുപ്പിലും വെളുപ്പിലുമുള്ള ചില പോരാട്ടചിത്രങ്ങളിൽ നിറങ്ങൾ ചാലിച്ച് ആധുനിക തലമുറയ്ക്കു സമ്മാനിക്കുന്ന ഷെർനിന പോരാട്ടങ്ങളിൽ പുരുഷൻമാർക്കൊപ്പം വനിതകളും തുല്യപങ്കുതന്നെ വഹിച്ചുവെന്നു വെളിപ്പെടുത്തുന്നു. മാരക പ്രഹരശേഷിയുള്ള പോരാളികൾ വനിതകൾക്കിടയിലുണ്ടായിരുന്നു. പുരുഷൻമാരെപ്പോലെതന്നെ നൂറുകണക്കിനു ശത്രുക്കളെ കൊന്നൊടുക്കി രാജ്യത്തിന് അഭിമാനയവർ. അങ്ങനെയുള്ള ചില വനിതാ പോരാളികളെ ഷെർനിന ആധുനിക ലോകത്തിനു പരിചയപ്പെടുത്തുന്നു. 

കറുപ്പും വെളുപ്പും നിറഞ്ഞ ചരിത്രത്തിൽ നിറങ്ങൾ കലരുമ്പോൾ ലഭിക്കുന്നത് അത്ഭുതകരവും അവിശ്വസനീയവുമായ ചിത്രങ്ങൾ.നാം ഇന്നു കാണുന്ന ലോകത്തെ നിർമിച്ച സംഭവങ്ങളുടെ പുനരാവിഷ്കാരം. ലോകചരിത്രത്തിലെ നിർണായക ഏടായ രണ്ടാംലോകമഹായുദ്ധം അവശേഷിപ്പിച്ച അപൂർവം ചിത്രങ്ങളിൽ ഷെർനിന നിറങ്ങൾ കലർത്തി. ലഭിച്ചത് ഒരു രാജ്യത്തെ കോരിത്തരിപ്പിച്ച പെൺപടയാളികളുടെ ഇന്നും പ്രചോദിപ്പിക്കുന്ന, മറവിയിൽ മറയാത്ത അനശ്വരചിത്രങ്ങൾ. ആയിരം വാക്കുകളേക്കാൾ ശേഷിയുണ്ടുകാം ചില ചിത്രങ്ങൾക്ക്.

ലോകയുദ്ധം ഭാവിക്കു സമ്മാനിച്ച ഈ ചിത്രങ്ങളാകട്ടെ ഒരൂ രാജ്യത്തിന്റെ ചെറുത്തുനിൽപിന്റെ കഥ വാക്കുകളേക്കാൾ വാചാലമായി ധ്വനിപ്പിക്കുന്നു. ചരിത്രത്തിൽ വനിതകൾ ആരുടെയും പിന്നിലായിരുന്നില്ലെന്നു സമർഥിക്കുന്നു. രാജ്യസ്നേഹവും ദേശാഭിമാനവും വീറും കരുത്തുമെല്ലാം പെൺപോരാളികളെ എങ്ങളെ അപകടകാരികളാക്കിയെന്നും അവർ ചരിത്രത്തെ ചോരയാൽ തിരുത്തിക്കുറിച്ചതെങ്ങനെയെന്നും ഒരു ചലനചിത്രം പോലെ പറയുന്നു. ഷെർനിനയുടെ പരിശ്രമങ്ങൾ വിസ്മൃതിയിൽ മറയാൻ മടിക്കുന്ന ചരിത്രദൃശ്യങ്ങളെ വർത്തമാനകാലത്തിന്റെ ശ്രദ്ധയിലേക്കുകൊണ്ടുവരുന്നു. 

രണ്ടാം ലോകയുദ്ധത്തിൽ റഷ്യയ്ക്കുവേണ്ടി പോരാടിയ ല്യുഡ്മില പാവ്‍ലിചെങ്കോ. ശത്രുക്കളെ കൊന്നൊടുക്കുന്ന മാരക പ്രഹരശേഷിയാൽ ലേഡി ഡത്ത് എന്ന അപരനാമത്തിൽ അറിയപ്പെട്ട യുവതി. 309 നാസികളെ പാവ്‍ലിചെങ്കോ ജീവിതത്തിൽനിന്നു മടക്കിയയച്ചു. ചരിത്രത്തിലെ യുദ്ധകഥകളിൽ ഏറ്റവും വിജയകരമായ ചരിത്രം അവശേഷിപ്പിച്ച പാവ്‍ലിചെങ്കോയെ ഇന്നും റഷ്യക്കാർ ഓർക്കുന്നത് ആദരവോടെയും അഭിമാനത്തോടെയും. അതിർത്തികൾ ഭേദിച്ചുകടന്നുവന്ന ശത്രുക്കളെ ചെറുത്തുനിന്നും അവരെ നാമാവശേഷമാക്കിയും റഷ്യയെ തലയുയുർത്തിനിൽക്കാൻ പ്രാപ്തയാക്കിയതിൽ പാവ്‍ലിചെങ്കോയുടെ പങ്ക് ചെറുതല്ല. പട്ടാള യൂണിഫോമിൽ റൈഫിളുമായി നിൽക്കുന്നു ഒരു ചിത്രത്തിൽ പാവ്‍ലിചെങ്കോ. മറ്റൊരു ചിത്രത്തിൽ സോവിയറ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്റെ ഫ്രെയിം ചെയ്ത ചിത്രത്തിനു താഴെ നിൽനിൽക്കുന്ന പാവ്‍ലിചെങ്കോയെ കാണാം.

പാവ്‍ലിചെങ്കോ.

റോസ ഷാനിന എന്ന ധീരപോരാളിയുടേതാണു മറ്റൊരു ചിത്രം. 59 നാസികളെ ഇല്ലാതാക്കിയ പോരാളി. ചുവപ്പൻ സൈന്യം എന്നറിയപ്പെട്ട സോവിയറ്റ് യൂണിയന്റെ ‘റെഡ് അർമി’യുടെ ഭാഗമായിരുന്നു പാവ്‍ലിചെങ്കോയും റോസ ഷാനിനയുമൊക്കെ. റഷ്യൻ ചരിത്രത്തിൽ അതീവ തൽപരയാണ് ഓൾഗ ഷെർനിന. ലോകം ഈ പോരാളികളെ മറക്കരുതെന്ന നിർബന്ധം ഉള്ളതുകൊണ്ടാണു ഷെർനിന കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങളെ പുനരാവിഷ്കരിച്ച് ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പോരാട്ടത്തിന്റെ ചരിത്രം ലോകത്തെ പല രാജ്യങ്ങൾക്കും അവകാശപ്പെടാമെങ്കിലും ആയിരക്കണക്കിനു വനിതകളെ യുദ്ധഭൂമിയിലേക്ക് ധൈര്യത്തോടെ അയച്ച അപൂർവത റഷ്യക്കുമാത്രം അവകാശപ്പെടാവുന്നതാണെന്നു പറയുന്നു ഷെർനിന. അതിന്റെ തെളിവാണു ഇപ്പോൾ ലഭിച്ചിരിക്കുന്ന ചിത്രങ്ങൾ.

സിബ.

1941 ജൂണിലാണ് പാവ്‍ലിചെങ്കോ റെഡ് ആർമിയുടെ 25–ാം റൈഫിൾ ഡിവിഷനിൽ അംഗമായി ചേരുന്നത്.രണ്ടായിരത്തോളം വനിതാ പോരാളികളിൽ ഒരാളായി. അവരിൽ യുദ്ധം തീർന്നപ്പോൾ അവശേഷിച്ചത് അഞ്ഞൂറുപേർ മാത്രം. റഷ്യൻ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളിലായി രണ്ടാം ലോകമഹായുദ്ധത്തിൽ ഏതാണ്ട് എട്ടു ലക്ഷത്തോളം വനിതകൾ പങ്കെടുത്തെന്നാണു കണക്ക്. ഭൂരിപക്ഷം പേരും മെഡിക്കൽ യൂണിറ്റുകളിലായിരുന്നു. വീറിനും കരുത്തിനും പിന്നിലല്ലാത്തവർ യുദ്ധമുഖത്ത് പുരുഷൻമാരോടൊപ്പം ശത്രുസൈന്യത്തെ നെഞ്ചുവിരിച്ചു നേരിട്ടു. അവർകൂടിയാണ് റഷ്യയുടെയും ലോകത്തിന്റെയും ഇന്നത്തെ ചരിത്രം രചിച്ചത് എന്നോർമിപ്പിക്കുന്നു ഷെർനിന. നിറങ്ങൾ കലർന്നപ്പോൾ കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങൾ ഇന്നത്തെ കാലത്തിന്റേതായി മാറി. ഷെർനിനയുടെ മാന്ത്രികത ഇന്നലെകളെ ഇന്നിലേക്ക് പൂർവാധികം ശക്തിയോടെ ആനയിക്കുന്നു.