ആരാണ് അസിമാ ചാറ്റർജി?; ഈ ഉരുക്കുവനിതയ്ക്ക് കീമോതെറാപ്പിയുടെ കണ്ടുപിടിത്തവുമായി എന്താണ് ബന്ധം?

അസിമാ ചാറ്റർജി.

ലോകം ആരാധനയോടെ ഓർക്കുന്ന ഒരു പേരുണ്ട് അസിമാ ചാറ്റർജി. ഗൂഗിൾ 100–ാം പിറന്നാൾ ആശംസിച്ച ഉരുക്കു വനിത. പുതുതലമുറയിൽപ്പെട്ടവർക്ക് ചിലപ്പോൾ ഈ ഇന്ത്യൻ ശാസ്ത്രഞ്ജയെ വേണ്ടത്ര പരിചയമുണ്ടാവില്ല. 1917 സെപ്തംബർ 23ന് കൊൽക്കത്തയിലാണ് ആസിമയുടെ ജനനം. പെൺകുട്ടികൾ ശാസ്ത്രം പഠിക്കുന്നത് സമൂഹത്തിന് ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ലാത്ത കാലത്താണ് അസിമ ചാറ്റർജി ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദവും പിന്നീട് ഡോക്ടറേറ്റും നേടിയത്. 

കൊൽക്കത്താ സർവകലാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അസിമാ നൊബേൽ‌ സമ്മാനജേതാവായ പോൾ കോറെയുടെ കീഴിലാണ്  ഉപരിപഠനം നടത്തിയത്.

ഔഷധസസ്യങ്ങളെപ്പറ്റി കൂടുതൽ പഠിച്ച അസിമയ്ക്ക് സസ്യങ്ങളിലെ ഔഷധ ഗുണമുള്ള രാസപദാർത്ഥങ്ങൾ വേർതിരിച്ചെടുക്കാനായിരുന്നു മിടുക്കും താൽപ്പര്യവുമുണ്ടായിരുന്നത്. പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ഔഷധസംയുക്തങ്ങൾ വേർതിരിച്ചെടുക്കാനും വികസിപ്പിച്ചെടുക്കാനും സാധിച്ച അസിമ മനുഷ്യരാശിക്കുതകുന്ന വൈദ്യശാസ്ത്രത്തിന് അഭിമാനിക്കാവുന്ന പല നേട്ടങ്ങളും സ്വന്തമാക്കി.

അപസ്മാരത്തിനും മലേറിയയ്ക്കും ഫലപ്രദമായ ഔഷധങ്ങൾ വികസിപ്പിച്ചെടുത്തതോടെയാണ് അസിമാചാറ്റർജിയുടെ കഴിവുകളെ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയത്. ഇന്ത്യൻ രസതന്ത്രഞ്ജയായ അസിമയെ ലോകം ആരാധിച്ചുതുടങ്ങിയത് വിൻകാ ആൽക്കലോയിഡുകളുടെ കണ്ടുപിടുത്തത്തോടെയാണ്.  ഇന്ന് കീമോതെറാപ്പിക്കായി വ്യാപകമായി ഉപയോഗിക്കുന്നത് വിൻകോ ആൽക്കലോയിഡുകളാണ്. അർബുദകോശങ്ങളുടെ വളർച്ചതടയാൻ കഴിവുള്ള വിൻകോ ആൽക്കലോയിഡിന്റെ കണ്ടുപിടുത്തം ഇന്ന് നിരവധി ജീവനുകളെ സംരക്ഷിക്കുന്നുണ്ട്.

ശാസ്ത്രരംഗത്തുള്ള അസിമയുടെ സംഭാവനകളെ ലോകമെമ്പാടുമുള്ള സർവകലാശാലകൾ അഭിനന്ദിച്ചിട്ടുണ്ട്. അസിമയുടെ കഠിനാധ്വാനത്തെയും അർപ്പണ മനോഭാവത്തെയും നിരവധിപ്പുരസ്ക്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.