ഇതാണ് ആ ഉത്തരം; മാനുഷിയ്ക്കുള്ള കോഹ്‌ലിയുടെ മറുപടി വൈറലാണ്

വിരാട് കോഹ്‌ലി, മാനുഷി ഛില്ലർ. ചിത്രത്തിന് കടപ്പാട്: പിടിഐ.

ക്രിക്കറ്റ് ഫീൽഡിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നതിൽ തന്നോടുതന്നെ മൽസരിക്കുന്ന താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. ഒരു ദശകത്തോളമായി ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണും.

ടെസ്റ്റ്, ഏകദിനം, ട്വന്റി–20 എന്നീ മുന്നു വ്യത്യസ്ത ഫോര്‍മാറ്റുകളും ഒരു പോലെ കഴിവു തെളിയിച്ച ലോകത്തെ ഏകതാരവും അദ്ദേഹം തന്നെ. ഓരോ മൽസരം കഴിയുന്തോറും റണ്‍സ് നേടുന്നതില്‍ അദ്ദേഹത്തിന്റെ ആവേശം കൂടുന്നതേയുള്ളൂ.

കളിക്കളത്തിലെ കോഹ്‍ലിയുടെ സമീപനവും ശ്രദ്ധേയമാണ്–എല്ലാ ഘട്ടത്തിലും ആക്രമണോൽസുകത അദ്ദേഹം നിലനിർത്തുന്നു. നന്നായി കളിച്ചും കൂടെയുള്ളവരെ പ്രചോദിപ്പിച്ചും ശരിയായ ഒരു ക്യാപ്റ്റനു ചേർന്ന നിലയിൽതന്നെ അദ്ദേഹം ഇന്ത്യയെ നയിക്കുന്നു. അടുത്തിടെ ഒരു പുരസ്കാരദാന ചടങ്ങിൽ 17 വർഷത്തിനുശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കു കൊണ്ടുവന്ന മാനുഷി ഛില്ലർ കോഹ്‍ലിയെ കണ്ടു. മാനുഷിക്കു കോഹ്‍ലിയോട് ചോദിക്കാനുണ്ടായിരുന്നു ഒരു ചോദ്യം;കോഹ്‍ലിയുടെ ഉത്തരമാകട്ടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി പടർന്നുപിടിച്ചു.

ഇന്നു ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണു താങ്കൾ. യുവതലമുറയ്ക്കു താങ്കൾ പ്രചോദനവുമാണ്. ഒരു വ്യക്തിയെന്ന നിലയിലും താരമെന്ന നിലയിലും സമൂഹത്തോടുള്ള കടപ്പാടു താങ്കൾ ഭംഗിയായി നിറവേറ്റുന്നു. യുവതലമുറ എപ്പോഴും താങ്കളെ ശ്രദ്ധിക്കുന്നു; പ്രചോദനത്തിനും ആവേശത്തിനുമായി. ക്രിക്കറ്റ് രംഗത്ത് കുട്ടികൾക്കുവേണ്ടി എന്തു ചെയ്യുവാനാണു താങ്കൾ ഉദ്ദേശിക്കുന്നത് ? ഇതായിരുന്നു മാനുഷിയുടെ ചോദ്യം. 

കോഹ്‍ലിയുടെ മറുപടി: - ക്രിക്കറ്റ് കളത്തിലായാലും പുറത്തായാലും, എവിടെ എന്തു ചെയ്യുമ്പോഴും ആത്മാർഥമായി പെരുമാറുക എന്നതാണു പ്രധാനം. വാക്കും പ്രവൃത്തിയും  ഹൃദയത്തിൽനിന്നായിരിക്കണം. പകരം അഭിനയിക്കുകയാണെന്നു തോന്നിയാൽ ജനങ്ങൾക്ക് ഒരിക്കലും സ്നേഹം തോന്നില്ല. ജീവിതത്തിൽ മറ്റൊരാളാകാൻ ഞാൻ ഇതുവരെ ശ്രമിച്ചിട്ടില്ല. ഞാനെന്നും ഞാനായിത്തന്നെ നിലകൊണ്ടു. ഞാൻ പെരുമാറുന്ന രീതി, എന്റെ വാക്കുകൾ, പ്രവൃത്തികൾ.ഒക്കെ ജനങ്ങൾ ശ്രദ്ധിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു.പക്ഷേ ഞാനതൊന്നും ഗൗരവത്തിലെടുത്തില്ല. 

ഞാൻ മാറിയിട്ടുണ്ട്. അതു മാറണമെന്നു ഞാൻ ആഗ്രഹിച്ചപ്പോൾ മാത്രം. പക്വതയുള്ളവരാകാൻ എന്തുചെയ്യണമെന്ന സംശയം എല്ലാവർക്കും ഏതെങ്കിലും ഘട്ടത്തിൽ ഉണ്ടായിട്ടുണ്ട്. ഒരിക്കലും സ്വന്തം വ്യക്തിത്വം ത്യജിക്കരുത്. സ്വഭാവം ഉപേക്ഷിക്കരുത്. കാരണം മറ്റൊരാളാകാൻ ശ്രമിച്ചാൽ ഒരിക്കലും വിജയിക്കാനാകില്ല. മറ്റുള്ളവരെ പ്രചോദിപ്പിക്കാനുമാവില്ല.

നമ്മൾ ഒരു പ്രവൃത്തി ചെയ്യുമ്പോൾ അതിനുപിന്നിൽ കൃത്യമായ ഒരു പദ്ധതിയുണ്ട്. ലക്ഷ്യമുണ്ട്. ക്രിക്കറ്റ് ഫീൽഡിൽ നിൽക്കുമ്പോഴൊക്കെ റൺസ് എടുക്കാനോ, വിക്കറ്റെടുക്കാനോ, എപ്പോഴും വിജയിക്കാനോ ആകണമെന്നില്ല. എല്ലാവർക്കും അവരവരുടേതായ പദ്ധതികളുണ്ട്. അവ വിജയിപ്പിക്കാനാണ് എല്ലാവരും ശ്രമിക്കുന്നതും. നമുക്കു ചെയ്യാവുന്നതു കഠിനമായി അധ്വാനിക്കുക. സത്യസന്ധരാകുക.