തലവേദനയെത്തുടർന്ന് ഒന്നുറങ്ങിയതാണ്; എഴുന്നേറ്റപ്പോൾ സംസാരിക്കുന്നത് വിദേശ ഭാഷാശൈലിയിൽ

ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്.

മിഷേല്‍ മേയര്‍ എന്ന അമേരിക്കന്‍ യുവതിയുടെ ഉച്ചാരണം ഇപ്പോള്‍ അമേരിക്കനല്ല. അഥവാ സ്വദേശി ഉച്ചാരണമല്ല. അവര്‍ അമേരിക്കയല്ലാതെ മറ്റൊരു രാജ്യവും സന്ദര്‍ശിച്ചിട്ടുമില്ല. 

മിഷേല്‍ താമസിക്കുന്നത് അരിസോണയില്‍. ഒരുദിവസം കടുത്ത തലവേദനയുമായി അവര്‍ ഉറങ്ങാന്‍ കിടന്നതാണ്. ഉണര്‍ന്നെഴുന്നറ്റപ്പോഴാണ്  അദ്ഭുതം സംഭവിച്ചത്. അമേരിക്കന്‍ ഉച്ചാരണത്തിനു പകരം വിദേശ ഉച്ചാരണം. രണ്ടാഴ്ചയോളം െഎറിഷ്, ഓസ്ട്രേലിയന്‍ ഉച്ചാരണങ്ങള്‍ മേയറുടെ നാവിന്‍തുമ്പിലുണ്ടായിരുന്നു. പിന്നെയതു മാറി. അപ്പോഴും വിദേശ ഉച്ചാരണത്തിനു മാറ്റമില്ല. രണ്ടുവര്‍ഷത്തോളം ബ്രിട്ടിഷ് ഉച്ചാരണമായിരുന്നു 45 വയസ്സുകാരിയായ മിഷേല്‍ മേയര്‍ക്ക്. 

മിഷേലിന് എന്താണ് സംഭവിച്ചത്? അവരുടെ ഈ പ്രത്യേക രോഗാവസ്ഥ ഡോക്ടര്‍മാരും സ്ഥിരീകരിച്ചു- ഫോറിന്‍ അക്സന്റ് സിന്‍ഡ്രോം ( എഫ്എഎസ്). സ്ട്രോക് പോലെയുള്ള രോഗങ്ങളോ തലച്ചോറിന് ഏല്‍ക്കുന്ന കനത്ത ആഘാതങ്ങളോ ആണ്  രോഗാവസ്ഥ വരുത്തിവയ്ക്കുന്നതെന്നു പറയുന്നു ഡോക്ടര്‍മാര്‍. ചിലര്‍ ഈ രോഗത്തെത്തുടര്‍ന്ന് ചില പ്രത്യേക സ്വരങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്നതു കൂടുന്നു. ചില സ്വരങ്ങള്‍ വിഴുങ്ങുന്നു. ഉച്ചാരണം പൂര്‍ണമായി മാറിപ്പോകുന്ന അവസ്ഥ. 

വെര്‍ജീനിയ നഗരത്തില്‍ താമസിക്കുന്ന ഒരു സ്ത്രീ ഒരിക്കല്‍ കോണിപ്പടികളില്‍ നിന്നു വീണു പരുക്കേറ്റു. എഴുന്നേറ്റപ്പോള്‍ അവര്‍ സംസാരത്തില്‍ റഷ്യന്‍ ഉച്ചാരണം വന്നുവെന്നു പറയുന്നു ബ്രൗണ്‍ സര്‍വകലാശാലയിലെ ഭാഷാ വിദഗ്ധ ഷീല ബ്ലംസ്റ്റെയിന്‍. നിരന്തരമായ മൈഗ്രെയിന്‍ കാരണമാകാം മിഷേല്‍ മേയര്‍ക്ക് രോഗമുണ്ടായതെന്നാണു ഡോക്ടര്‍മാരുടെ നിഗമനം. 

തനിക്കു തലവേദനയാണ് അനുഭവപ്പെട്ടതെങ്കിലും അപകടകരമായിരുന്നു സാഹചര്യമെന്നു പറയുന്നു മേയര്‍. ഒരു സ്ട്രോക്ക് തന്നെ. അതുകൊണ്ടാകാം ഈ രോഗാവസ്ഥയും ഉണ്ടായത്. 

കഴിഞ്ഞദിവസം വരെ മേയറുടെ സംസാരം കേട്ടവര്‍ക്ക് ഇപ്പോഴവരെ കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാം. പക്ഷേ, അങ്ങനെയല്ല. മേയര്‍ തന്റെ പ്രത്യേക ഭാഷാ പരിമിതിയുമായി പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. 

എഫ്എഎസ് എന്ന രോഗാവസ്ഥ ആദ്യം തിരിച്ചറിയുന്നത് 1907ല്‍. നൂറ്റാണ്ടില്‍ ഇത്തരം അറുപതു കേസുകള്‍ മാത്രമേ റിപോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ ലോകത്താകമാനം. 

രണ്ടാംലോകമഹായുദ്ധ കാലത്ത്  ഓസ്‍ലോയില്‍ എഫ്എഎസ് സംഭവിച്ചിരുന്നു. 1941 ല്‍ ശക്തമായ ബോംബിങ്ങില്‍ പരുക്കറ്റ സ്ത്രീക്ക് അവരുടെ സംസാരരീതി തന്നെ മാറിപ്പോയ അനുഭവമുണ്ടായി. 

ശരീരത്തിലെ തൊലി ഇലാസ്റ്റിക് ആകുന്ന, സന്ധികള്‍ ഇളകിപ്പോകുന്നതുപോലുള്ള രോഗവും മേയര്‍ക്കുണ്ട്. രണ്ടു രോഗാവസ്ഥകളും മാറി ആരോഗ്യവതിയാകാന്‍ മേയര്‍ ആഗ്രഹിക്കുന്നു. പ്രത്യേക രോഗങ്ങള്‍ വ്യക്തിയെ ഒറ്റപ്പെടുത്തും. മറ്റുള്ളവരില്‍നിന്ന് അകറ്റും. മേയര്‍ ഇപ്പോള്‍ നേരിടുന്നതും ഒറ്റപ്പെടല്‍.