അതു ബഹുമാനക്കുറവല്ല,അതിനെ കാര്യമായിട്ടെടുക്കാറുമില്ല: ഐശ്വര്യ റായ്

71–ാമത് കാൻഫിലിംഫെസ്റ്റിലും ലോകം ഏറെ ചർച്ച ചെയ്തത് ഐശ്വര്യറായ് എന്ന താരസുന്ദരിയെക്കുറിച്ചായിരുന്നു. അപ്പിയറൻസിലും വ്യക്തിത്വത്തിലും എന്നും മികവു പുലർത്താൻ ശ്രമിക്കുന്ന ആഷിന് ലോകത്തുള്ള സ്ത്രീകളോടായി ഒരു കാര്യം പറയാനുണ്ട്. ദൈനംദിന പ്രവൃത്തികളുടെ പേരിൽ വ്യക്തികളെ മുൻവിധിയോടെ വിലയിരുത്തതരുതെന്നാണ് അവർ പറയുന്നത്.

പരസ്പരം മുൻവിധിയോടെ പെരുമാറുന്ന പ്രവണത സ്ത്രീകൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ഒരു പബ്ലിക് ഫിഗർ എന്ന നിലയിൽ ദിവസവും ഏറെ പ്രശംസയും വിമർശനവും തനിക്കു ലഭിക്കാറുണ്ടെന്നും രണ്ടും ആസ്വദിക്കാറുണ്ടെങ്കിലും രണ്ടിനും ആവശ്യത്തിൽക്കൂടുതൽ പ്രാധാന്യം നൽകാറില്ലെന്നും ഐശ്വര്യ പറയുന്നു. അതൊരിക്കലും ബഹുമാനക്കുറവുകൊണ്ടല്ലെന്നും അവർ വ്യക്തമാക്കുന്നു.

'സിനിമാമേഖലയിലുള്ളവരെ പുറത്തുള്ളവർ വിലയിരുത്തുന്നത് അവരുടെ ലുക്സ് വച്ച് മാത്രമാണ്.  വളരെ ചെറുപ്പത്തിൽ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ. ഞാനെന്ന വ്യക്തി പ്രേക്ഷകർക്ക് പരിചിതയായത് അഭിമുഖങ്ങളിലൂടെയും മറ്റുമാണ്. അതിന് മാധ്യമങ്ങളോട് ഞാൻ നന്ദി പറയുന്നു. എന്റെ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും എന്നിലെ വ്യക്തിത്വത്തെ അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഒരു കാര്യം പറയാതെ വയ്യ അഭിമുഖത്തിനായി എന്നെ സമീപിക്കുന്ന പല മാധ്യമപ്രവർത്തകരും പറഞ്ഞിട്ടുണ്ട് അവർ ആദ്യമായി  ഒരു ചിത്രം കാണുമ്പോൾ എന്നെ മാത്രമാണ് ശ്രദ്ധിച്ചിരുന്നതെന്നും പിന്നീട് മാസങ്ങൾക്കു ശേഷം ആ സിനിമ വീണ്ടും കാണുമ്പോഴാണ് പ്രഗത്ഭരായ എത്ര വ്യക്തികളാണ് ആ സിനിമയ്ക്കു പിന്നിലുണ്ടായിരുന്നത് എന്ന് മനസ്സിലാക്കുന്നതെന്നും. ആ ഒരു മനോഭാവമാണ് മാറേണ്ടത്. ഒരു സിനിമകാണുമ്പോൾ പ്രാധാന്യം കൊടുക്കേണ്ടത് അതിനു പിന്നിൽ പ്രവർത്തിച്ച പ്രതിഭകൾക്കാണ്. ഫിലിം മേക്കേഴ്സിനാണ്'. – ഐശ്വര്യ പറയുന്നു.