സാവിത്രിയാകുമ്പോൾ എന്തൊക്കെ ചെയ്യരുത് എന്നാണ് പഠിച്ചത്: കീർത്തി സുരേഷ്

മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് അഭിനന്ദന പ്രവാഹം ഏറ്റുവാങ്ങുകയാണ് മലയാളത്തിന്റെ സ്വന്തം കീർത്തി സുരേഷ്. പഴയകാല നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തെക്കുറിച്ചും അതിൽ നിന്നും ജീവിതത്തിൽ പഠിച്ച പാഠങ്ങളെക്കുറിച്ചും  ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കീർത്തി തുറന്നു പറഞ്ഞത്.

സാവിത്രിയായി അഭിനയിക്കുക എന്ന ഉത്തരവാദിത്തം ഒരിക്കലും എളുപ്പമായിരുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് ഹ്രസ്വമായ അവരുടെ ജീവിതത്തെക്കുറിച്ചും സാവിത്രിയാകാൻ താൻ നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ചും കീർത്തി മനസ്സു തുറന്നത്. വളരെയേറെ പ്രത്യേകതയുള്ള ഒരു കഥാപാത്രത്തെയാണ് അഭിനയിക്കേണ്ടതെന്ന് കരാർ ഒപ്പിടുന്ന സമയത്തു തന്നെ തനിക്കറയാമായിരുന്നുവെന്നും അഭിനയിക്കുന്നതിനു മുമ്പു തന്നെ സാവിത്രിയെക്കുറിച്ച് മനസ്സിലാക്കിയിരുന്നുവെന്നും കീർത്തി പറയുന്നു.

തെന്നിന്ത്യൻ സിനിമയുടെ അഭിമാനമായ ഇതിഹാസനായികയുടെ വേഷം അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും  സാവിത്രിയാകുമ്പോൾ എന്തൊക്കെ ചെയ്യരുത് എന്നാണ് താൻ പഠിച്ചതെന്നുമാണ് കീർത്തി പറഞ്ഞത്. സാവിത്രിയെ സിനിമയിൽ അനുകരിച്ചിട്ടില്ലെന്നും തന്റേതായ രീതിയിൽ ആ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കാനാണു ശ്രമിച്ചതെന്നും കീർത്തി വിശദീകരിക്കുന്നു.

ചില രംഗങ്ങളൊക്കെ പുനരവതരിപ്പിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ തനിക്ക് ആശയങ്കയുണ്ടായിരുന്നെന്നും എന്നാൽ സംവിധായകന് ആ കാര്യത്തിൽ യാതൊരു സംശയവുമില്ലായിരുന്നെന്നും അവർ പറയുന്നു. സാവിത്രിയുടെ സിനിമകളൊക്കെ മൂന്നു വിഭാഗങ്ങളായി തരം തിരിച്ച് സംവിധായകൻ തനിക്ക് കാണിച്ചു തന്നുവെന്നും കീർത്തി പറയുന്നു.