അർബുദം ഭർത്താവിന്റെ ജീവൻ കവർന്നു; ആംബുലൻസ് ഓടിച്ച് കുടുംബം പുലർത്തി രാധിക

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

ആംബുലന്‍സ്  കാണുമ്പോള്‍ ഓടിമാറുന്ന സ്ത്രീകളുണ്ട്. അവരുടെ എണ്ണമാണു കൂടുതല്‍. എന്നാല്‍ ജീവിതം വഴിമുട്ടിയപ്പോള്‍ ആംബുലന്‍സിന്റെ ഡ്രൈവിങ് സീറ്റിലേക്കു കയറിയ ഒരു യുവതിയെ പരിചയപ്പെടുക. മംഗളൂരൂവില്‍ താമസിക്കുന്ന സി.എസ്.രാധിക. മുപ്പതാംവയസ്സില്‍  ഈ യുവതിയുടെ ജീവിതം മാറ്റിമറിച്ചത് ഭര്‍ത്താവിന്റെ മരണം. 

ലിവര്‍ കാന്‍സറായിരുന്നു ഭര്‍ത്താവിന്. രണ്ടുവര്‍ഷം രോഗത്തോടു മല്ലിട്ടു. 2002-ല്‍ അകാലമരണം. ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ രാധിക. രണ്ടു പെണ്‍മക്കളുണ്ട്. ഭൂമികയും ഭാര്‍ഗവിയും. ഏഴു വയസ്സും നാലു വയസ്സും. അവരെ നോക്കണം. ജീവിക്കാന്‍ നിവൃത്തിയില്ല. കരഞ്ഞും തളര്‍ന്നും ജീവിതം അവസാനിപ്പിക്കാന്‍ തയാറായില്ല രാധിക. പകരം ആവേശത്തെടെ പ്രതിസന്ധികളെ നേരിട്ടു. ഇന്ന് 12 ആംബുലന്‍സുകളുടെ കമ്പനി നടത്തുകയാണ് രാധിക- കാവേരി ആംബുലന്‍സ് സര്‍വീസ്. 

ഇപ്പോള്‍ 47 വയസ്സുണ്ട് രാധികയ്ക്ക്. കൗതുകം കൊണ്ടുമാത്രമാണ് ആംബുലന്‍സ് ഓടിക്കാന്‍ പഠിപ്പിക്കാൻ രാധിക ഭർത്താവിനോട് പറഞ്ഞത്. പിന്നീട് അതു ജീവിതമാര്‍ഗമായി മാറുമെന്ന് അന്നു രാധിക അറിഞ്ഞില്ല. കര്‍ണാടകയിലെ ഹാസനില്‍നിന്നുമാണു രാധിക വരുന്നത്. ഭര്‍ത്താവ് സുരേഷ് മംഗളൂരു സ്വദേശി. അംബുലന്‍സ് ഡ്രൈവര്‍. ജീവിക്കാന്‍ ബുദ്ധിമുട്ടായിരുന്നു അന്നും. ഒടുവില്‍ സുരേഷിനു കെഎസ്ആര്‍ടിസില്‍ ജോലി ലഭിച്ചു. കുറച്ച് ആശ്വാസമായെങ്കിലും സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. സുരേഷിനു കരളിന് അര്‍ബുദം. രണ്ടുവര്‍ഷത്തെ പോരാട്ടത്തിനുശേഷം അയാള്‍ മരണത്തിനു കീഴടങ്ങി. 

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

എങ്ങനെ ജീവിക്കുമെന്ന് ഒരു പിടിയുമില്ലായിരുന്നു അന്നു രാധികയ്ക്ക്. സ്വന്തം വീടിന്റെ നാലു ചുമരുകള്‍ക്കു പുറത്തേക്ക് ഇറങ്ങേണ്ടിവരുമെന്നുപോലും ചിന്തിച്ചിരുന്നില്ല അവര്‍. ഭര്‍ത്താവ് അവശേഷിപ്പിച്ച ആംബുലന്‍സ് സഹായത്തിനെത്തി. അദ്ദേഹത്തിന്റെ സുഹ‍ൃത്ത് സുനില്‍കുമാറും സഹായിച്ചു. അയാള്‍ പിന്നീട് രാധികയുടെ കാവേരി ആംബുലന്‍സ് സര്‍വീസിലെ ഒരു ഡ്രൈവറായി ചേര്‍ന്നു. രാധിക സമയം കളയാതെ ലൈസന്‍സ് സമ്പാദിച്ചു. ആംബുലന്‍സ് ഓടിച്ചുതുടങ്ങി. പുത്തൂരിലെ ഒരു ആശുപത്രിയില്‍ കുറച്ചുനാള്‍ സഹായി ആയി ജോലി ചെയ്തിട്ടുണ്ടായിരുന്നു.  പ്രഥമ ശുശ്രൂഷ കൊടുക്കുന്നതിലുള്ള അറിവ് ആളുകള്‍ക്ക് രാധികയിലുള്ള വിശ്വാസം കൂട്ടി. ആവശ്യം വരുമ്പോള്‍ അവര്‍ രാധികയെത്തന്നെ വിളിച്ചുതുടങ്ങി. 

രാത്രിയില്‍ അടിയന്തര യാത്രകള്‍ നടത്തേണ്ടിവരുമായിരുന്നു. മക്കളെ അമ്മയുടെ അടുത്താക്കി രാധിക പോകും. ഒറ്റയിരുപ്പില്‍ ആയിരം കിലോമീറ്റര്‍ വരെ ഓടിച്ചിട്ടുണ്ട് രാധിക. കേരളം, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നിവടങ്ങളിലേക്കൊക്കെ മറ്റു ഡ്രൈവര്‍മാര്‍ക്കൊപ്പം പോയിട്ടുണ്ട്. 

വെറുമൊരു ഡ്രൈവര്‍ മാത്രമായിരുന്നില്ല സുരേഷ്. പൊതുജനങ്ങളെ സേവിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ആംബുലന്‍സിന്റെ ഡ്രൈവറായതും. ആ ആഗ്രഹം രാധിക ജീവിതത്തിലൂടെ പൂര്‍ത്തീകരിക്കുന്നു. കൂടുതല്‍ ആവശ്യക്കാര്‍ ആയതോടെ രാധിക രണ്ടാമത്തെ ആംബുലന്‍സ് സ്വന്തമാക്കി- വായ്പയില്‍. പിന്നീട് ഓരോന്നോരോന്നായി ഇപ്പോള്‍ കാവേരി ആംബുലന്‍സ് സര്‍വീസില്‍ 12 വണ്ടികള്‍. അടുത്തിടെ ഒരു വലിയ ബസും വാനും കൂടി സ്വന്തമാക്കി രാധിക. 

രണ്ടു പെണ്‍മക്കളെ നന്നായി പഠിപ്പിക്കാനും കഴിഞ്ഞു രാധികയ്ക്ക്. ഭാര്‍ഗവി കൊമേഴ്സ് ബിരുദധാരി. ഭൂമിക ബെംഗളൂരുവില്‍ എന്‍ജിനീയറിങ് പഠിക്കുന്നു. സമൂഹത്തിനുള്ള സേവനങ്ങളുടെ അടിസ്ഥാനത്തില്‍ മംഗളൂരു പ്രസ് ക്ലബിന്റെ പുരസ്കാരത്തിനും അര്‍ഹയായിട്ടുണ്ട് രാധിക.