ഒരിക്കലും സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറക്കില്ല; കാരണം വെളിപ്പെടുത്തി കരീന

മുൻലോകസുന്ദരി ഐശ്വര്യ റായ് ബച്ചൻ ഈ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുടങ്ങിയത്. പ്രതീക്ഷിച്ചതുപോലെ ആരാധക പ്രവാഹമൊന്നും പേജിലെത്താത്തതിന്റെ നിരാശയിലാണ് താരമെന്നും വാർത്തകളുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രമോട്ട് ചെയ്യാനും ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാനും സമൂഹമാധ്യമങ്ങൾ ഒരുപരിധിവരെ സെലിബ്രിറ്റികളെ സഹായിക്കാറുണ്ട്. എന്നാൽ സാങ്കേതികവിദ്യ ഇത്ര വികസിച്ചിട്ടും ഇന്നും സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത പല സെലിബ്രിറ്റികളുമുണ്ട്. അതിലൊരാളാണ് ബിടൗണലെ ബേബോ എന്ന കരീന കപൂർ.

തൈമൂറിന്റെ അമ്മയായതിനു ശേഷം കുറച്ചുകാലമായി സിനിമയുടെ തിരക്കുകളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം വീരെ ദെ വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ ബിടൗണിലേക്ക് തിരികെ വരാനൊരുങ്ങുകയാണ് കരീനയിപ്പോൾ.സോനം കപൂർ, സ്വരഭാസ്കർ എന്നിവരും ചിത്രത്തിലുണ്ട്. ഈ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറക്കാത്തതിനെക്കുറിച്ച് കരീന മനസ്സു തുറന്നത്.

താൻ ഒരിക്കലും സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറക്കില്ലെന്നും വ്യക്തി ജീവിതത്തിൽ വളരെയേറെ സ്വകാര്യത സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന താൻ സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും താൻ അതു ചെയ്തില്ലെങ്കിലും തന്റെ സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും സമൂഹമാധ്യമത്തിലുണ്ടെന്നും താരം പറയുന്നു.സമൂഹമാധ്യമങ്ങളിൽ ഇല്ലാതിരുന്നിട്ടും താരപ്പകിട്ടിന് തെല്ലും കുറവു വരാത്തതിന്റെ ആത്മവിശ്വാസത്തിൽ കരീന പറഞ്ഞു നിർത്തി.