അവർ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അന്നറിയാം: തപ്സി പന്നു

പിങ്ക് എന്ന ഒരൊറ്റ സിനമകൊണ്ട് തന്റെ അഭിനയശേഷി പ്രേക്ഷകർക്ക് ബോധ്യപ്പെടുത്തിയ വ്യക്തിയാണ് തപ്സി പന്നു. ബിടൗണിലെ മികച്ച അഭിനേതാക്കളുടെ ലിസ്റ്റിലേക്ക് അവർ വളരെപ്പെട്ടെന്നാണ് ഇടംപിടിച്ചത്. ബോളിവുഡും കടന്ന് ഹോളിവുഡിലേക്ക് തപ്സിയെത്തുന്ന കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ. ഇതു സംബന്ധിച്ച ചോദ്യത്തിന് അവർ മറുപടി പറഞ്ഞതിങ്ങനെ.

ഒരിക്കലും സിനിമാമേഖലയിലേക്ക് വരുമെന്നു കരുതിയ ആളല്ല താനെന്നും ഒക്കെ സംഭവിച്ചത് വളരെ സ്വാഭാവികമായാണെന്നും തപ്സി പറയുന്നു. യാതൊരു പദ്ധതിയോ ആസൂത്രണോ അതിനു പിന്നിലില്ല. സിനിമയിലെത്തിയപ്പോൾ വളരെ വ്യത്യസ്ത കഥാപാത്രങ്ങളാണ് കിട്ടുന്നത്. ബയോപിക് മുതൽ പ്രണയകഥ വരെ പറയുന്ന ചിത്രങ്ങൾ ഇനി പുറത്തു വരാനുണ്ട്.

ഹോളിവുഡിൽ അഭിനയക്കണമെന്ന തീരാദാഹമൊന്നുമിപ്പോഴില്ല. എന്തായാലും അവസരം ചോദിച്ച് അങ്ങോട്ടു പോകാനുള്ള ഉദ്ദേശം തൽക്കാലമില്ല.എന്നാൽ ഹോളിവുഡിൽ ഒരിക്കലും അഭിനയിക്കില്ല എന്നു തീരുമാനിച്ചിട്ടുമില്ല. മനസ്സിൽ ആഗ്രഹിച്ച വേഷങ്ങളാണിപ്പോൾ ബോളിവുഡിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലപ്പോൾ അതുകൊണ്ടാകാം ഹോളിവുഡ് മോഹിപ്പിക്കാത്തതെന്നും അവർ പറയുന്നു.

ഇനി പുറത്തിറങ്ങാനിരിക്കുന്ന മൂന്നു ചിത്രങ്ങളാണ് തന്റെ ഭാവി നിർണ്ണയിക്കാൻ പോകുന്നതെന്നും പ്രേക്ഷകർ എത്രമാത്രം തന്നെ സ്നേഹിക്കുന്നുണ്ടെന്ന്  ചിത്രങ്ങളിലൂടെ അറിയാൻ കഴിയുമെന്നും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രങ്ങളല്ല അവയെങ്കിൽ താൻ അഭിനയം മതിയാക്കി വേറെ ജോലിക്കു പോകുമെന്നും തപ്സി പറയുന്നു. തന്റെ വിരമിക്കലിനെക്കുറിച്ച് തീരുമാനിക്കേണ്ടത് ബോക്സോഫീസ് വിജയങ്ങളാണെന്നും തപ്സി തുറന്നു പറഞ്ഞു.