തലയ്ക്കേറ്റ മര്‍ദനമാണ് ഷന്നോ ബീഗം എന്ന യുവതിയുടെ ജീവിതം മാറ്റിമറിച്ചത്. ‘ ഭര്‍ത്താവിനു സുഖമില്ലാത്ത കാലമായിരുന്നു അത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യം. കയ്യില്‍ കിട്ടുന്നത് എന്തുമെടുത്ത് എറിയും.' ഒരുദിവസം വലിയ ഒരു കല്ലെടുത്ത് ഭര്‍ത്താവ് ഷന്നോ ബീഗത്തിന്റെ തലയിലിടിച്ചു. ബോധം നഷ്ടപ്പെട്ട് യുവതി വീണു. ആരാണ് താങ്ങിയെടുത്തതെന്നോ ആശുപത്രിയിലെത്തിച്ചതെന്നോ ഷന്നോവിന് അറിയില്ല. പക്ഷേ ബോധം വന്നപ്പോള്‍ ആ യുവതി ഒരു കാര്യം തീരുമാനിച്ചു. മര്‍ദനവും ശകാരവും സഹിച്ച് ഇനി വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ല. ഷന്നോ ഇറങ്ങി നടന്നു.
ഷന്നോ ബീഗം താമസിക്കുന്നത് ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍. പരിമിതികളെയും പ്രതിസന്ധികളെയും ദൃഡനിശ്ചയം കൊണ്ട് ചെറുത്തുതോല്‍പിച്ചതിനൊപ്പം സമൂഹം അടിച്ചേല്‍പിച്ച യാഥാസ്ഥിതിക വിശ്വാസങ്ങളെയും തകര്‍ത്തെറിഞ്ഞ ചരിത്രമാണ് ഷന്നോവിന്റേത്.
ഗാര്‍ഹിക അതിക്രമത്തിന്റെ ഇരയാണ് ആ യുവതി. മൂന്നുമക്കളുടെ അമ്മ. കുടുംബത്തെ പോറ്റാന്‍ എല്ലാ മാര്‍ഗങ്ങളും അടഞ്ഞപ്പോള്‍, വിശപ്പു സഹിക്കാനാകാതെ വന്നപ്പോള്‍ തലസ്ഥാന നഗരത്തില്‍ യൂബറിന്റെ ആദ്യത്തെ വനിതാ ഡ്രൈവറായി ഷന്നൂ. തോല്‍പിക്കാന്‍ ശ്രമിച്ച ജീവിതത്തെ ഇഛാശക്തിയുടെ കരുത്തില്‍ നേരിട്ട ജീവിതം.
ഭര്‍ത്താവിന്റെ മര്‍ദനം സഹിക്കാനാകാതെ വീടു വിട്ടു പുറത്തിറങ്ങുമ്പോള്‍ ഷന്നോ മനസ്സില്‍ ഉറപ്പിച്ചു. മൂന്നു കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കണം. അവരും തന്നെപ്പോലെ ആകരുത്. ആ ആഗ്രഹമാണ് യാഥാസ്ഥിതിക വിശ്വാസങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ത്തെറിയാന്‍ ഷന്നോ ബീഗത്തിനു കരുത്തായത്. ആസാദ് ഫൗണ്ടേഷനുമായി പരിചയപ്പെട്ടു ഷന്നോ ബീഗം. കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കു ജീവിതമാര്‍ഗ്ഗം രൂപപ്പെടുത്താന്‍ സഹായിക്കുന്ന സംഘടന. കഴിവുകളുള്ള സ്ത്രീകള്‍ക്ക് അവരുടെ കഴിവനുസരിച്ചു ജോലി നേടിക്കൊടുക്കുന്ന പ്രവര്‍ത്തനങ്ങളിലും സജീവം.
നാലു മാസം മുതല്‍ ആറുമാസം വരെ നീളുന്ന പരിശീലനം ആസാദ് ഫൗണ്ടേഷനില്‍ ഷന്നോ ബീഗത്തിനു ലഭിച്ചു. ഒരു ആക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കുന്നതു മുതല്‍ വണ്ടിയുടെ ടയറുകള്‍ സ്വയം മാറ്റുന്നതുവരെയുള്ള ജോലികള്‍. ഡ്രൈവിങ് വശമാക്കിയ ഷന്നോ ബീഗത്തിന് ഉടന്‍തന്നെ യൂബറില്‍ ജോലി ലഭിച്ചു. മൂത്തമകളെ വിവാഹം കഴിച്ചയച്ചു. ഇളയ മക്കളുടെ വിദ്യാഭ്യാസത്തിനു പിന്തുണ കൊടുത്തു. വലിയ കാര്യങ്ങളാണ് ഇവയൊക്കെ. സംശയമില്ല. പക്ഷേ ഇപ്പോള്‍ ഷന്നോ ബീഗം വാര്‍ത്തകളില്‍ നിറയാന്‍ ഒരു കാരണമുണ്ട്. അവര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കുന്നു.
ഡ്രൈവിങ്ങ് പഠിച്ച് ലൈസന്‍സിനുവേണ്ടി അപേക്ഷിച്ചപ്പോഴാണ് പത്താം ക്ലാസ് പാസാകുന്നിതിന്റെ പ്രാധാന്യം ലൈല തിരിച്ചറിഞ്ഞത്. അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ കൈമലര്‍ത്തിയെങ്കിലും വീട്ടിലെത്തി വര്‍ഷങ്ങള്‍ക്കു മുമ്പ് അടച്ചുവച്ച പുസ്തകങ്ങള്‍ ലൈല വീണ്ടും തുറന്നു. രാത്രിയില്‍ ഉറക്കം ഒഴിവാക്കി പഠനം. രണ്ടുവര്‍ഷം വേണ്ടിവന്നു പഠനം പൂര്‍ത്തിയാക്കാന്‍. ഇപ്പോള്‍ കൊമേഴസ്യല്‍ വെഹിക്കിള്‍ ലൈസന്‍സ് അഭിമാനത്തോടെ ഷന്നോ ബീഗം കൊണ്ടുനടക്കുന്നു. അന്തസ്സോടെ ജോലി ചെയ്തു ജീവിക്കുന്നു.
ജീവിതത്തില്‍ പ്രതിസന്ധികള്‍ ചുറ്റും നിറയുകയും ഇനി ഒരടി പോലും മുന്നോട്ടുപോകാന്‍ പറ്റില്ലെന്നും തോന്നുമ്പോള്‍ ഷന്നോ ബീഗത്തെപ്പോലെയുള്ളവരുടെ ജീവിതം വായിക്കുക. ഇനിയും മുന്നോട്ടുപോകാനുള്ള കരുത്തും ഊര്‍ജവും സമാഹരിക്കുക.