Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പറാണ് പ്രിയങ്ക; കുട്ടികളെ വിജയം സ്വപ്നം കാണാന്‍ പഠിപ്പിച്ച ഐഎഎസ് ഓഫീസർ

priyanka-sukla ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണെങ്കിലും ഛത്തീസ്ഗഢിലെ ഗ്രാമങ്ങൾക്ക്  പറയാനുള്ളത് ചൂഷണത്തിന്റെ കഥകളാണു സർക്കാർ ഉദ്യോഗസ്ഥരും ഇടനിലക്കാരും ചൂഷണം ചെയ്യുന്ന ആദിവാസി–ഗോത്രവിഭാഗങ്ങളുടെ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും കഥകൾ.

ഡോക്ടർ പദവിയിൽനിന്ന് ഐഎഎസിലേക്കു ചുവടുമാറിയ ഒരു യുവതിയാകട്ടെ പതിവു ചൂഷണങ്ങളിൽനിന്നു മാറി ഒരു ജില്ലയുടെ വിദ്യാഭാസപുരോഗതിക്കുവേണ്ടി ജീവിതം സമർപ്പിച്ചു. ഹൈസ്കൂൾ മുതൽ പ്ലസ്ടു തലം വരെയുള്ള വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ ചെലുത്തിയതിനെത്തുടർന്നു സംഭവിച്ചത് അതിശയകരമായ മാറ്റങ്ങൾ. എല്ലാം നഷ്ടപ്പെട്ടവരിൽനിന്ന് വിജയങ്ങൾ സ്വപ്നം കാണാൻ തുടങ്ങിയവരിലേക്കു മാറിത്തുടങ്ങി പുതിയ തലമുറ. ഉന്നതമായ ആദർശത്തിന്റെയും ഇഛാശ്ക്തിയുടെയും ദൃഡനിശ്ചയത്തിന്റെയും കഥ. പ്രിയങ്ക ശുക്ല എന്നാണു കഥയിലെ നായികയുടെ പേര്. 

2016 ജൂലൈ. ജാഷ്പൂർ ജില്ലാ കലക്ടർ പ്രിയങ്ക ശുക്ല ഒരു സ്വപ്നപദ്ധതിക്കു തുടക്കം കുറിച്ചു. ‘സക്സസ്ഫുൾ ജാഷ്പൂർ’ എന്ന പേരിൽ. മിഷൻ സങ്കൽപ് എന്ന വിപുലമായ.പദ്ധയുടെ കീഴിലായിരുന്നു  സക്സസ്ഫുൾ ജാഷ്പൂർ. ഖനനം വ്യാപകമായ സ്ഥലങ്ങളിൽ രൂപീകരിച്ച ജില്ലാ മിനറൽ ഫൗണ്ടേഷനിൽ നിന്നായിരുന്നു സാമ്പത്തിക സഹായം. സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുക എന്നതായിരുന്നു പ്രാരംഭലക്ഷ്യം.

പദ്ധതി ഉടൻതന്നെ ഫലം കണ്ടു. ജില്ലയിലെ 143 സർക്കാർ സ്കൂളുകളിൽ 51 എണ്ണത്തിലും പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ നൂറു ശതമാനം വിജയം. തലസ്ഥാനമായ റായ്പ്പൂരിൽനിന്നു 300 കിലോമീറ്റർ അകലെകിടക്കുന്ന ഒരു ജില്ലയിലാണ് അത്ഭുതപ്പെടുത്തുന്ന നേട്ടം. ജനസംഖ്യയിൽ 67 ശതമാനവും ആദിവാസികളും. 77 സ്വകാര്യ സ്കൂളുകളിൽ 22 സ്കൂളുകളിലും നൂറു ശതമാനം വിജയം. പത്താം ക്ലാസ് വിജയിച്ചവരുടെ വിജയശതമാനത്തിലും ഗണ്യമായ വർധനവുണ്ടായി. സംസ്ഥാന ശരാശരി 68 ആണെന്നിരിക്കെ ജാഷ്പൂരിൽ 89 ശതമാനം. പന്ത്രണ്ടാം ക്ലാസിൽ സംസ്ഥാന ശരാശരി 77 ശതമാനമാണെങ്കിൽ ജാഷ്പൂരിൽ 93.5 ശതമാനം. 

വ്യത്യസ്തമായ അനേകം പദ്ധതികൾ നടപ്പാക്കിയതിന്റെ ഫലമാണ് വിദ്യാഭ്യാസ രംഗത്തു മാറ്റമുണ്ടായതെന്നു പറയുന്നു ജില്ലാ കലക്ടർ പ്രിയങ്ക ശുക്ല. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പദ്ധതികളുടെ നടപ്പാക്കൽ. ഓരോ മാസവും കൃത്യമായ പദ്ധതികൾ. അവ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന അവലോകനങ്ങൾ. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരുത്തുന്ന മാറ്റങ്ങൾ. 

അധ്യയന വർഷത്തിന്റെ ആരംഭത്തിൽ അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കുംവേണ്ടി ഓറിയന്റേഷൻ ക്ലാസുകളും നടത്തി. ഓരോ മാസവും കൃത്യമായ ടെസ്റ്റ് പേപ്പറുകൾ. ചോദ്യക്കടലാസുകളുടെ മാതൃക എല്ലാ മാസവും പ്രിൻസിപ്പൽമാർക്കു നൽകും. അവരത് അധ്യാപകർക്കു കൈമാറും. നിരന്തരമായ പരീക്ഷകൾ. ഓരോ വിദ്യാർഥിയും നേടുന്ന മാർക് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ജില്ലാ കലക്ടർക്കും വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും പരിശോധിക്കാനുള്ള സൗകര്യത്തിനുവേണ്ടിയാണിത്. 

ഏതെങ്കിലും വിദ്യാർഥി നിലവാരത്തിനൊത്ത് ഉയരുന്നില്ലെന്നു ബോധ്യപ്പെട്ടാൽ ആ കുട്ടിക്കു മാത്രമായി ക്ലാസുകളെടുക്കും. ഓരോരുത്തരോടും വ്യക്തിപരമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയും പരിഹരിച്ചുമാണ് പദ്ധതി തയ്യാറാക്കിയത്. ഒരു കുട്ടിപോലും അവഗണന നേരിടുന്നില്ലെന്നും പിന്നാക്കം പോകുന്നില്ലെന്നും ഉറപ്പാക്കി പദ്ധതികൾ മുന്നോട്ടുപോയി.

അറ്റൻഡൻസ് പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കി. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ നിയുക്തരായ ഉദ്യോഗസ്ഥരെ ഓരോ സ്കൂളിലും  നിയമിച്ചും. ഇവർ ഓരോ മാസവും കലക്ടർക്കു റിപോർട്ടുകൾ കൊടുത്തു. വർഷാവസാന പരീക്ഷയ്ക്കു 40 ദിവസം മുമ്പേ റിവിഷൻ ക്ലാസുകളും നടത്തി. ബോർഡ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ യാഗ്യേഷ് സിങ് ചൗഹാൻ ജാഷ്പൂർ ജില്ലയിൽനിന്നാണ് – 98.33 ശതമാനം മാർക്കാണു നേടിയത്. 

വിദ്യാഭ്യാസ രംഗത്തിനുപുറമെ സാമൂഹിക ജീവിതത്തിലും ഫലപ്രദമായി ഇടപെട്ടു മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു പ്രിയങ്ക ശുക്ലയ്ക്ക്. മനുഷ്യക്കടത്തിന്റെ ഇരകളായ ജാഷ്പൂരിൽനിന്നുള്ള യുവതികൾക്കുവേണ്ടി കൻസാബെൽ പട്ടണത്തിൽ ഒരു ബേക്കറി തുടങ്ങി– ബേട്ടി സിന്ദാബാദ് ബേക്കറി. 20 പെൺകുട്ടികൾ ചേർന്നാണു കട തുടങ്ങിയത്. 

ജാഷ്പൂരിലെ ഓരോ പെൺകുട്ടിയും സ്വന്തം കാലിൽ നിൽക്കുകയും വ്യക്തിത്വമുള്ളവരായി വളരുകയുമാണ് ഒരു സ്ത്രീ എന്ന നിലയിൽ എന്റെ സ്വപ്നം. സ്വയം മികച്ചവരായി മാറുന്നതിനൊപ്പം വളർന്നുവരുന്ന മറ്റു പെൺകുട്ടികൾക്കും ഇവർ പ്രചോദനമാകണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ആ ലക്ഷ്യത്തോടെയാണ് ബേട്ടി സിന്ദാബാദ് എന്നു ബേക്കറിക്കു പേരിട്ടതും– ഒരു ജില്ലയുടെ വികസനത്തിനും നല്ല നാളേയ്ക്കും വിത്തു പാകിയ അഭിമാനത്തോടെ പ്രിയങ്ക ശുക്ല പറയുന്നു.