Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിനി മാലാഖയല്ല സർ; "ഓ, നഴ്സാണല്ലേ" എന്ന് പരിഹസിക്കുന്നവർ വായിക്കാൻ

lini-002236

നിപ്പവൈറസ് ബാധയേറ്റ രോഗിയെ ശുശ്രൂഷിച്ച് ഒടുവിൽ ആ രോഗം കൊണ്ടുതന്നെ മരണപ്പെട്ട ലിനി എന്ന നഴ്സും മരണത്തിനു തൊട്ടുമുമ്പ് അവർ ഭർത്താവിനെഴുതിയ കത്തുമാണ് ഇപ്പോൾ മാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. സ്വന്തം ജീവൻ അപകടത്തിലാകുമെന്നറിഞ്ഞിട്ടും ആത്മാർഥമായി ജോലിചെയ്ത ലിനിയെ മാലാഖ എന്നു വിശേഷിപ്പിച്ചുകൊണ്ട് ആളുകൾ കണ്ണീരൊഴുക്കുമ്പോൾ തികച്ചും പ്രസക്തമായ ഒരു ചോദ്യംകൊണ്ട് ആ കണ്ണീരിനെ നേരിടുകയാണ് ശ്രീചിത്രൻ എന്ന യുവാവ്.

ജീവിച്ചിരിക്കുമ്പോൾ കൽപ്പിക്കാത്ത മഹത്വവും മാലാഖ എന്ന വിശേഷണവും മരണത്തിനുശേഷം നഴ്സുമാർക്കു നൽകുന്നതിലെ ഇരട്ടത്താപ്പിനെ ചോദ്യംചെയ്തുകൊണ്ട് ശ്രീചിത്രൻ പങ്കുവെച്ച കുറിപ്പിങ്ങനെ:- 

'' ലിനി മാലാഖയായിരുന്നില്ല. ആരോഗ്യപ്രവർത്തകയായിരുന്നു. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളിയായിരുന്നു. ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥതയുണ്ടായിരുന്ന മനുഷ്യസ്ത്രീയായിരുന്നു. വാസ്തവങ്ങളുടെ തിളക്കം വിശേഷണങ്ങൾക്കില്ല. മാലാഖയും വിശുദ്ധയുമായി മരണാനന്തരം ജീവിക്കാനുള്ള വിശേഷണമൂല്യമല്ല, മനുഷ്യ ദുരന്തത്തിനു മുന്നിൽ തൊഴിലാളിയായി നിന്ന് പൊരുതി വീണ ആരോഗ്യ പ്രവർത്തകയുടെ അഭിമാനകരമായ മൂല്യമാണ് ലിനിക്ക് നൽകാനുള്ള ഏറ്റവും തിളക്കമുള്ള പദവി. ദയവായി മാലാഖമാരോളം ലിനിയെ താഴ്ത്തിക്കളയരുത്.

ലിനിയുടെ ചിത്രം കാണുമ്പോൾ സങ്കടത്തോടൊപ്പം ഒരു കയ്പ്പ് വന്നു നിറയുന്നു. നമുക്കിന്നും ആരാണ് നഴ്സ് ? എണ്ണമറ്റ അശ്ലീലക്കഥകളിൽ, "ഓ, നഴ്സാണല്ലേ " എന്ന മുഖം കോട്ടിച്ചിരികളിൽ, ഹോസ്പിറ്റലിനകത്തു പോലും അർഥം വെച്ചുള്ള നോട്ടങ്ങളിൽ, കല്യാണക്കമ്പോളത്തിലെ പരിഹാസങ്ങളിൽ, "വിദേശത്ത് നല്ല മാർക്കറ്റുള്ള ജോലിയാ" എന്ന കുലുങ്ങിച്ചിരിയിൽ, എത്രയോ പുളിച്ച ചലച്ചിത്രഡയലോഗുകളിൽ... നഴ്സ് നമുക്കിടയിൽ ജീവിക്കുന്നതിന്നും ഇങ്ങനെയാണ്. ഒരു ജോലി സുരക്ഷയുമില്ലാതെ ദിവസക്കൂലിക്ക് തൊഴിലെടുക്കുന്ന ആയിരങ്ങളുടെ നേരെ മലയാളി നോക്കുന്ന പുഴുത്ത നോട്ടത്തിനു മുന്നിലാണ് അവർ ജീവിക്കാനായി സമരം ചെയ്തത്. നീതിയുടെ വിതരണത്തിൽ നാം എത്ര വലിയ പരാജയമെന്ന് അന്ന് ബോധ്യപ്പെട്ടതാണ്.

നോക്കൂ, നമുക്കിന്നു വരെ ലിനിയുടെ ജോലി ചെയ്യുന്നവരെ വിളിക്കാൻ നമ്മുടെ ഭാഷയിൽ ഒരു നല്ല വിളിപ്പേരു പോലുമില്ല. നമ്മളും ഇംഗ്ലീഷുകാരെ അനുകരിച്ച് സിസ്റ്റർ എന്നു വിളിക്കുന്നു. ഇംഗ്ലീഷുകാർ ഇംഗ്ലീഷിൽ സിസ്റ്റർ എന്നു വിളിക്കുമ്പോൾ " പെങ്ങളേ " എന്ന ഭാവാർത്ഥമാണ് അനുഭവിക്കുന്നത്. ഭാഷ അനുഭവലോകമാണ് എന്നു തിരിച്ചറിവുള്ളവർക്ക് പ്രശ്നം മനസ്സിലാവും. ശരീരത്തിൽ തൊട്ട് പരിചരിക്കാൻ വരുന്നൊരു സ്ത്രീയെ പെങ്ങളേ എന്നു വിളിക്കുന്നതോടെ വാതിൽ തുറക്കുന്ന സാഹോദര്യത്തിന്റെ ഒരു പ്രപഞ്ചമുണ്ട്. അതിന്നും മലയാളിക്കന്യമാണ്. അതുകൊണ്ടു തന്നെ തിരിഞ്ഞു കിടന്ന് സൂചി വെക്കാൻ ഡ്രസ് താഴ്ത്തുമ്പോഴേക്കും തരളിതരാവുന്ന പൂവാലജീവിതം നമ്മുടെ സിനിമയിലും ആശുപത്രിയിലും തുടരുന്നു.

അങ്ങനെ, നഴ്സിങ്ങ് ജീവിതത്തിൽ ഭാഷ പോലുമില്ലാത്തവളുടെ തൊഴിൽഭാഷയാണ് ശുശ്രൂഷ. ഏതു ദയനീയ തൊഴിൽ സാഹചര്യത്തിലും അവരത് എത്ര മേലാഴത്തിൽ ഉൾക്കൊണ്ടിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞ ഒരുവന് ആജൻമം നേഴ്സുകളെ പരിഹസിക്കാനും ദ്വയാർഥപ്പെടാനും നാവു പൊന്തില്ല.

മുംബെയിൽ ആരും നോക്കാനില്ലാത്തൊരു അഡ്മിറ്റ് കാലത്ത്‌ അടിവസ്ത്രമടക്കം വാങ്ങിക്കൊണ്ടുവന്നു തന്ന , ഇന്നും പേരറിയാത്തൊരു നഴ്സിന്റെ മുഖം മുന്നിൽ നിറയുന്നു. അവർ മാലാഖയായിരുന്നില്ല. എപ്പൊഴോ അവരെന്റെ കണ്ണീർ തുടച്ചിട്ടുണ്ട്.

ലിനിയും മാലാഖയല്ല. ചുറ്റും എന്നും വീശിയടിക്കുന്ന കടവാവലുകൾക്കിടയിൽ നിന്ന് സ്വന്തം തൊഴിൽ അഭിമാനകരമായി ചെയ്തു തീർത്തു കടന്നു പോയ തൊഴിലാളിയാണ്. അത്രയും അംഗീകാരം ലിനി അർഹിക്കുന്നുണ്ട്. ലിനി പ്രതിനിധീകരിക്കുന്ന സംബോധനാരഹിതകളായ ആയിരങ്ങളും''.