കറുത്ത പെണ്ണിന് സ്ത്രീധനം കൂടുതൽ; ഈ മനോഭാവം എന്നുമാറും?

ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

വൈവിധ്യങ്ങളുടെ രാജ്യമായ ഇന്ത്യയിൽ നിറത്തിന്റെ പേരിലാണ് ഇപ്പോഴും വ്യക്തികളെ വിലയിരുത്തുന്നത് എന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ? ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അത്തരം ചിന്തകൾ വച്ചുപുലർത്തുന്നവരുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് ഹേമ തന്റെ അനുഭവം പങ്കുവെയ്ക്കുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഹേമ ഇന്ത്യയിലെ വർണ്ണ വിവേചനത്തെപ്പറ്റി തുറന്നു പറഞ്ഞത്.

കറുത്ത നിറത്തിൽ ജനിച്ചുപോയതിനാൽ കേൾക്കേണ്ടി വന്ന പരിഹാസങ്ങളെക്കുറിച്ചോർത്തു വിഷമിച്ച ബാല്യവും കൗമാരവും യൗവനവുമൊക്കെ പിന്നിട്ടാണ് കറുത്ത നിറമുള്ള ഓരോ ആൺകുട്ടിയും പെൺകുട്ടിയും ജീവിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് തന്റെ ജീവിതത്തിലുണ്ടായ വേദനിപ്പിക്കുന്ന നിമിഷങ്ങളെക്കുറിച്ച് ഹേമ തുറന്നെഴുതിയത്.

വർണ്ണ വിവേചനത്തിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി കാലി എന്ന കവിതയെഴുതിയിട്ടുണ്ട് മുംബൈ സ്വദേശിനിയായ ഹേമ. '' നീ എന്തു ഭാഗ്യവതിയാണ് വെയിലത്തൊക്കെ കളിക്കാമല്ലോ, ഇപ്പോൾ തന്നെ ഇരുണ്ട നിറമല്ലേ ഉള്ളത്'' ബാല്യത്തിൽ കേട്ട ഈ വാക്കുകളാണ് നിറത്തിന്റെ പേരിലാണ് സമൂഹം ഒരു വ്യക്തിയെ വിലയിരുത്തുന്നത് എന്ന് മനസ്സിലാക്കിത്തന്നത് എന്നു പറഞ്ഞുകൊണ്ടാണ് ഹേമ കുറിപ്പെഴുതിത്തുടങ്ങിയത്.

സൗന്ദര്യമെന്നാൽ, വ്യക്തിത്വമെന്നാൽ നിറമാണെന്ന ചിന്ത മനസ്സിലുണ്ടാക്കിയത് ആ ചോദ്യമായിരുന്നുവെന്നും മുതിർന്നതിനു ശേഷം പോലും ആ ചിന്തയും അപകർഷതാ ബോധവും തന്നെ വിട്ടുപോയില്ലെന്നും പറയുന്നു ഹേമ. ഭർത്താവ് വെളുത്തയാൾ ആയിരുന്നുവെന്നും അദ്ദേഹത്തിന് എങ്ങനെ കറുത്തവളായ തന്നെ സ്നേഹിക്കാൻ കഴിയുന്നുവെന്ന ചിന്ത ആദ്യകാലങ്ങളിൽ തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്നും ഹേമ പറയുന്നു.

മകളുടെയൊപ്പം പാർക്കിൽ പോയപ്പോഴായിരുന്നു അടുത്ത ദുരനുഭവമെന്നും ഹേമ ഓർക്കുന്നു. നന്നേ വെളുത്ത മകളുടെയൊപ്പം പാർക്കിലിരുന്നപ്പോൾ അവളുടെ നാനിയാണോ എന്നാണ് ആളുകൾ ചോദിച്ചതെന്നും കറുത്ത സ്ത്രീക്ക് വെളുത്ത കുട്ടിയുണ്ടാവുകയില്ലെന്ന മുൻവിധിയോടെയാണ് അവരങ്ങനെ ചോദിച്ചതെന്നും ഹേമ പറയുന്നു. പക്ഷേ ഈ സാഹചര്യങ്ങളിലൊന്നും തോന്നാതിരുന്ന ക്രോധവും പ്രതിഷേധവും തനിക്കുണ്ടായത് ഒരു മോഡലിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ കണ്ടപ്പോഴാണെന്നും പറയുന്നു ഹേമ.

അവരും തന്നെപ്പോലെ തന്നെ കറുത്തിട്ടാണ്. പക്ഷേ അവരുടെ ചിത്രത്തിന് താഴെ വന്ന കമന്റുകളിൽ ചിലത് വായിച്ചപ്പോഴാണ് തന്റെ സകലനിയന്ത്രണങ്ങളും വിട്ടുപോയതെന്ന് ഹേമ ഓർക്കുന്നു. 'കറുത്തവളാണെങ്കിലും സുന്ദരിയാണ്. പക്ഷേ കുറച്ച് നിറം കൂടി ഉണ്ടായിരുന്നെങ്കിൽ' നന്നായിരുന്നു എന്ന തരത്തിലുള്ള കമന്റുകൾ കണ്ടപ്പോൾ എന്തെന്നില്ലാത്ത ദേഷ്യം വന്നുവെന്നും ആ ദേഷ്യത്തിൽ നിന്നാണ് കാലി എന്ന കവിത പിറന്നതെന്നും അവർ പറയുന്നു. തന്നപ്പോലെ ഈ വിഷയത്തിൽ പ്രതികരിക്കാനാഗ്രഹിക്കുന്നവർ ഏറെയുണ്ടായിരുന്നതുകൊണ്ടാവണം കാലി എന്ന കവിത വൈറലായെന്നും അവർ പറയുന്നു.

അതിനുശേഷം തനിക്കൊരു പെൺകുട്ടിയുടെ സന്ദേശം ലഭിച്ചുവെന്നും കറുത്തവളായതിന്റെ പേരിൽ ഭർതൃവീട്ടുകാർ കൂടുതൽ സ്ത്രീധനം ചോദിച്ചതിന്റെ സങ്കടത്തിലാണ് അവൾ സന്ദേശമയച്ചതെന്നും അവർ പറയുന്നു. ഈ 21–ാം നൂറ്റാണ്ടിലും ഇന്ത്യയിലതൊക്കെ നടക്കുന്നുണ്ടെന്നു വിശ്വസിക്കാൻ കഴിയുമോ എന്നും അവർ ചോദിക്കുന്നു.

ഈ ചിന്തകളെ സമൂഹം തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും ഫെയർനെസ് ക്രീമുകൾ ഉപയോഗിച്ചു തുടങ്ങിയാൽ ദിവസങ്ങൾക്കകം സന്തുഷ്ടമായ ജീവിതം ലഭിക്കുമെന്നും സുന്ദരനായ പുരുഷനും ആഗ്രഹിക്കുന്ന ജോലിയും തേടിയെത്തുമെന്നും പറഞ്ഞുവെയ്ക്കുന്ന പരസ്യങ്ങളിലൂടെ ചില വികലധാരണകൾ സമൂഹത്തിൽ ഉണ്ടാകുന്നുണ്ടെന്നും അവർ പറയുന്നു.

വിദേശത്തു നടക്കുന്ന വംശീയ അധിക്ഷേപ വാർത്തകളെക്കുറിച്ചൊക്കെ ഘോരഘോരം പ്രസംഗിക്കാറുണ്ടെങ്കിലും ഇതു സംബന്ധിച്ച് നമ്മുടെയുള്ളിൽ പതിഞ്ഞുപോയ വിശ്വാസങ്ങളെക്കുറിച്ച് നമ്മൾ ബോധവാന്മാരല്ലെന്നും അവർ ഓർമ്മപ്പെടുത്തുന്നു. നിറം കൂടുതലുണ്ടെന്നോ വെളുത്തവരാണെന്നോ ഉള്ള ധാരണ വെച്ചുപുലർത്തുന്നതിനു പകരം ചുറ്റും നടക്കുന്നത് ന്യായമായ കാര്യങ്ങളാണോയെന്ന് ശ്രദ്ധിക്കുകയാണ് വേണ്ടതെന്നാണ് ഹേമയുടെ പക്ഷം. ചർമ്മത്തിന്റെ നിറത്തെക്കുറിച്ച് ശ്രദ്ധിക്കുന്നതിനു പകരം ബുദ്ധിയുള്ളവരാവുക എന്ന് ഓർമ്മപ്പെടുത്തുകയാണ് ഹേമ.

വർണ്ണ വിവേചനത്തെക്കുറിച്ച് നല്ല വാക്കുകളിലെഴുതുക മാത്രമല്ല ഹേമ ചെയ്തത്. തന്റെ നരച്ച മുടി വിടർത്തിയിട്ടുകൊണ്ട് പുഞ്ചിരിച്ചു നിൽക്കുന്ന ചിത്രം കൂടി അതിനോടൊപ്പം പോസ്റ്റ് ചെയ്യാനുള്ള ധൈര്യം ഹേമ കാട്ടി. മുടി കറുപ്പിക്കാതെ നരച്ചമുടിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത ഹേമയുടെ ധീരമായ നിലപാടിനും നിറഞ്ഞ കൈയടിയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.