തൽസമയം ടെലിവിഷനിൽ 190 കോടി പേർ കണ്ട ഹാരി രാജകുമാരനും മേഗൻ മാർക്കിളും തമ്മിലുള്ള രാജകീയ വിവാഹത്തിന്റെ ആഘോഷത്തിമിർപ്പിൽനിന്നു മുക്തമായിട്ടില്ല ഇപ്പോഴും ലോകം. വിവാഹ വസ്ത്രങ്ങളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചുമൊക്കെ നിറംപിടിപ്പിച്ച കഥകൾ പ്രചരിക്കുന്നുണ്ട് മാധ്യമങ്ങളിലും പൊതുജനങ്ങളുടെ സംസാരത്തിലും. രാജകുടുംബത്തെ വിടാതെ പിന്തുടരുന്ന പാപ്പരാസികൾ സൃഷ്ടിക്കുന്ന വാർത്തകൾ വേറെ. ഇതിനിടെ വ്യത്യസ്തതയാലും മൗലികതയാലും വേറിട്ടുനിൽക്കുന്നു ഇന്ത്യയിലെ വിവാദ കോളമിസ്റ്റ് ശോഭ ഡേയുടെ ട്വിറ്റർ പോസ്റ്റ്.
തിരഞ്ഞെടുത്ത വാക്കുകളാൽ കുറിക്കുകൊള്ളുന്ന വാചകങ്ങളിലൂടെ ട്വിറ്ററിൽ പോസ്റ്റുകളിടാറുള്ള ശോഭ ഡേ ഇത്തവണ ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതും ഫോട്ടോഷോപ്പിൽ വ്യാജമായി നിർമിച്ചത്. വ്യാജ ചിത്രം ഒറിജനലെന്ന വ്യാജേന പോസ്റ്റ് ചെയ്തതല്ല. മറിച്ച് കൃതൃമമെന്ന് എല്ലാവർക്കും മനസ്സിലാകുമെങ്കിലും കൗതുകരമായത്.
ലോകത്തിന്റെ മനസ്സിൽ ഇന്നും ഒരു കണ്ണുനീർത്തുള്ളിയായി അവശേഷിക്കുന്ന ഡയാന രാജകുമാരിയുണ്ട് ചിത്രത്തിൽ. മനം മയക്കുന്ന ചിരിയുമായി. അടുത്തുനിൽക്കുന്ന ആളെ അഭിവാദ്യം ചെയ്യാനെന്നവണ്ണം അവർ ചിരിച്ചുകൊണ്ടു കൈ നീട്ടുന്നു. ഡയാനയുടെ സ്നേഹം സ്വീകരിക്കാൻ തൊട്ടടുത്തുതന്നെ നിൽക്കുന്നതു മേഗൻ മാർക്കിൾ. അവരും ചിരിച്ചുകൊണ്ടു കൈനീട്ടുകയാണ്. യഥാർഥ ജീവിതത്തിൽ ഒരിക്കലും പരസ്പരം കണ്ടിട്ടില്ലാത്തവർ. പക്ഷേ, രണ്ടു തലമുറയിലെ രാജകുമാരൻമാരുടെ ഹൃദയം കവർന്ന് ബ്രിട്ടിഷ് രാജകുടുംബത്തിലേക്ക് കാലെടുത്തുവച്ചവർ. രണ്ടു സുന്ദരികൾ.
രണ്ടു കാലഘട്ടത്തിലെ രോമാഞ്ചങ്ങളായ ഡയാനയ്ക്കും മേഗൻ മാർക്കിളിനും തമ്മിലുള്ള സാദൃശ്യങ്ങളിലേക്കു സമർഥമായി വിരൽചൂണ്ടുകയാണ് ശോഭ ഡേ. എത്ര മനോഹരം എന്നൊരു അടിക്കുറിപ്പും ശോഭ ചേർത്തിട്ടുണ്ട്.
സൂക്ഷിച്ചുനോക്കിയാൽ ചിത്രത്തിൽ മാർക്സ് ആൻഡ് സ്പെൻസർ എന്നെഴുതിയിരിക്കുന്നതും കാണാം. ലക്ഷക്കണക്കിനാളുകൾ ധരിക്കുന്നതും ധരിക്കാൻ ആഗ്രഹിക്കുന്നതുമായ വസ്ത്രങ്ങളും കഴിക്കാൻ ആഗ്രഹിക്കുന്ന ആഹാരവുമൊക്കെ വിൽപന നടത്തുന്ന ബഹുരാഷ്ട്രകമ്പനിയുടെ പേരാണ് മാർക്സ് ആൻഡ് സ്പെൻസർ. അതിനുമപ്പുറം മറ്റൊരു ബന്ധം കൂടിയുണ്ട്. ഡയാന രാജകുമാരിയുടെ കുടുംബത്തിന്റെ പേരാണ് സ്പെൻസർ. മാർക്സ് മേഗൻ മാർക്കിളിന്റെ കുടുംബപ്പേരും. എന്തൊരു ചേർച്ച എന്നാണു ശോഭ ഉദ്ദേശിക്കുന്നത്. എത്ര മനോഹരമെന്നും.