ആ പ്രണയം തകരാനുള്ള യഥാർഥ കാരണം?

ഒരുകാലത്ത് ബി ടൗൺ ഏറെ ആഘോഷിച്ച ഒരു പ്രണയകഥയായിരുന്നു ഐശ്വര്യ റായിയുടെയും സൽമാൻഖാന്റെയും. 1990 കളിലും 2000ലുമൊക്കെ ഗോസിപ്പ് കോളങ്ങളിൽ ഇരുവരുടെയും പ്രണയകഥ നിറഞ്ഞിരുന്നു. 1999 ൽ ഹം ദിൽ ദേ ഛുക്കേ സനം എന്ന ചിത്രത്തിൽ അഭിയിക്കുമ്പോൾ പ്രണയത്തിലായ ഇരുവരും വേർപിരിഞ്ഞത് 2002 ലാണ്. ഒരുകാലത്ത് ചങ്കും കരളുമായി പ്രണയിച്ചു നടന്നവർ പിന്നെ തമ്മിൽ കണ്ടാൽ മിണ്ടാൻ പോലുമാകാത്ത തരത്തിൽ അകന്നു.

സൽമാന്റെ അമിത ദേഷ്യമാണ് ഇവരുടെ പ്രണയം തകരാനുള്ള പ്രധാന കാരണമായി ആരാധകർ കരുതുന്നത്. എന്നാലിതാ അവർ തമ്മിൽ പിരിയാനുള്ള യഥാർഥ കാരണത്തെക്കുറിച്ച് അവരോടടുപ്പമുള്ള വൃത്തങ്ങൾ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നു. 2001 ൽ അരങ്ങേറിയ ചില നാടകീയ സംഭവങ്ങളാണ് അവർ തമ്മിൽ പിരിയാനുള്ള പ്രധാന കാരണമെന്ന് പറഞ്ഞുകൊണ്ട് ആ സംഭവത്തിന് ദൃക്സാക്ഷികളായവർ  ആ കഥ പറഞ്ഞത്.

ഐശ്വര്യ താമസിക്കുന്ന അപ്പാർട്ട്മെന്റിനു മുന്നിലെത്തിയ സൽമാൻ തുടർച്ചയായി അപാർട്ട്മെന്റിന്റെ വാതിലിൽ മുട്ടിവിളിക്കാൻ തുടങ്ങി. എങ്ങനെയും അപ്പാർട്ട്മെന്റിനുള്ളിൽ കയറണമെന്നതായിരുന്നു അയാളുടെ ആവശ്യം. വാതിൽ തുറന്നില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് അയാൾ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. വെളുപ്പിനെ മൂന്നു മണിവരെ അയാൾ ഇതു തുടർന്നു. ഒടുവിൽ സഹികെട്ട് ഐശ്വര്യ വാതിൽ തുറന്നു. വാതിലുമുന്നിൽ ചോരയിറ്റുന്ന കൈകളുമായി നിൽക്കുന്ന സൽമാനെയാണ് ഐശ്വര്യ കണ്ടത്. 

എത്രയും പെട്ടന്ന് തന്നെ വിവാഹം കഴിക്കാമെന്ന് ഐശ്വര്യ വാഗ്ദാനം ചെയ്യണമെന്നായിരുന്നു സൽമാന്റെ ആവശ്യം. എന്നാൽ ഐശ്വര്യ അതു നിരാകരിച്ചു. തനിക്കുടനെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്ന് അവർ സൽമാനെ അറിയിച്ചു. ഇതും അവർ പിരിയാനുള്ള കാരണമാണ്. എന്നാൽ താൻ കൊടുത്ത പ്രണയം തിരികെ ലഭിക്കാതെ വരുമ്പോഴാണ് താൻ വയലന്റായി പെരുമാറുന്നതെന്നാണ് സൽമാൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

'വഴക്കില്ലാത്തിടത്ത് പ്രണയമില്ലെന്നാണ് എന്റെ വിശ്വാസം. എനിക്കടുപ്പമില്ലാത്ത ആളുകളോട് ഞാൻ വഴക്കിടാറില്ല. ഞങ്ങൾക്കിടയിൽ സ്നേഹമുള്ളപ്പോഴാണ് ഞങ്ങൾ വഴക്കിടുന്നത്' എന്നാണ് സൽമാന്റെ പക്ഷം. എന്നാൽ സൽമാന്റെ ഈ തിയറിയോട് യോജിച്ചു പോകുവാൻ ഐശ്വര്യയ്ക്ക് ഒരിക്കലും കഴിയുമായിരുന്നില്ലെന്നും ഇരുവരുടെയും സുഹൃത്തുക്കൾ പറയുന്നു. പിന്നീട് ഐശ്വര്യറായ് അഭിഷേക് ബച്ചനെ വിവാഹം കഴിച്ചു. സന്തോഷകരമായി ദാമ്പത്യജീവിതം നയിക്കുന്ന ഇരുവർക്കും ആരാധ്യ എന്നൊരു മകളുണ്ട്. സൽമാനാകട്ടെ തുടർച്ചയായ പ്രണയ പരാജയങ്ങളുമായി ഇപ്പോഴും അവിവാഹിതനായി കഴിയുന്നു.