30–ാം ജന്മദിനത്തിൽ 30 പേരുടെ ജീവിതത്തിൽ പ്രകാശം നിറച്ച പെൺകുട്ടി

തൃണ ദത്ത. ചിത്രത്തിന് കടപ്പാട് : സ്മോൾ ചേഞ്ച്.

ആഘോഷത്തിന്റെ അലമാലകളാണ് ഓരോ ജന്മദിനവും സൃഷ്ടിക്കുന്നത്.നിറപ്പകിട്ടിന്റെ മഴവില്ലഴകുകൾ, കേക്കുകൾ, വർണ്ണബലൂണുകൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി ഒരുക്കുന്ന സ്വാദിഷ്ടവും സമൃദ്ധവുമായ ഭക്ഷണ–പാനീയങ്ങൾ. പാട്ട്,നൃത്തം അവിസ്മരണീയമായ ആഘോഷത്തിന്റെ സുദിനം.ആഘോഷത്തിന്റെ ഓരോ ജന്മദിനത്തിനും വേണ്ടി കാത്തിരുന്നവരേറെയുണ്ടെങ്കിൽ അതിലുമേറെയുണ്ട് കടന്നുപോകുന്ന ജന്മദിനത്തെക്കുറിച്ച് അറിയാത്ത, അറിഞ്ഞാലും ആഘോഷിക്കാൻ അവസരമില്ലാത്ത ആയിരങ്ങൾ.

ദാരിദ്ര്യത്തിന്റെ നിലയില്ലാക്കയത്തിൽ വീർപ്പുമുട്ടുന്നവർക്ക് ജൻമദിനം കഷ്ടപ്പാടിന്റെ മറ്റൊരു വർഷത്തിന്റെ തുടക്കം മാത്രം. വീണ്ടും വിശപ്പിന്റെ വിളികൾ. വീണ്ടും തീരാദുരിതങ്ങൾ ഇനിയും കടന്നുപോകാനുള്ള ദുരിത വഴികൾ ഓർമിപ്പിക്കുന്ന സങ്കട സന്ദേശം. നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ മല്ലടിക്കുന്നതിനിടെ ജന്മദിനം കൊണ്ടെന്തു കാര്യം ? ഒരിടത്ത് ആഘോഷം പൊടിപൊടിക്കുമ്പോൾ മറ്റൊരിടത്ത് ഉയരുകയായിരിക്കും സങ്കടത്തിന്റെ നിലവിളികൾ.

സഹനത്തിന്റെ ദീർഘനിശ്വാസങ്ങൾ. പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഒരു യാഥാർഥ്യമാണ്. ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളിൽ പ്രത്യേകിച്ചും. 30–ാം ജൻമദിനം ആഘോഷത്തിന്റെ അപൂർവ വേളയാക്കാമായിരുന്നിട്ടും പകരം സാധാരണക്കാരെക്കുറിച്ചോർത്ത ഒരു പെൺകുട്ടിയെക്കുറിച്ചാണ് ഈ കുറിപ്പ്. ദയയുടെ, ദീനാനുകമ്പയുടെ അപൂർവ മാതൃക. 30–ാം ജൻമദിനത്തിൽ മറ്റു 30 പേരുടെ ജീവിതത്തിൽ പ്രകാശം നിറച്ച കൊൽക്കത്തയിൽനിന്നുള്ള ഒരു പെൺകുട്ടി– തൃണ ദത്ത. 

ഇന്ത്യൻ ബിസിനസ് സ്കൂളിൽനിന്ന് എംബിഎ സ്വന്തമാക്കി നൈജീരിയയിൽ ജോലി ചെയ്യുന്ന യുവതിയാണ് തൃണ ദത്ത. സമ്പന്നമായ വീട്ടിലാണു ജനിച്ചതെങ്കിലും കുട്ടിക്കാലം മുതലേ ചുറ്റുപാടുമുള്ള ദാരിദ്ര്യത്തിന്റെ മുഖങ്ങളും കണ്ടിട്ടുണ്ട്. തന്റെ ജന്മദിനങ്ങളിൽ അച്ഛനമ്മമാർ തെരുവുകുട്ടികൾക്കു ഭക്ഷണം കൊടുക്കുന്നതു കണ്ടിട്ടുണ്ട് തൃണ. പ്രത്യേകാവസരങ്ങളിൽ തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ബ്ലാങ്കറ്റുകൾ സംഭാവന ചെയ്യുന്ന അമ്മായി യാസ്മീനെയും കണ്ടിട്ടുണ്ട്. അന്നുമുതലേ സൗഭാഗ്യമില്ലാത്തവരെക്കുറിച്ചും ആ പെൺകുട്ടി ചിന്തിച്ചു. അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു.  കൊളേജ് പഠനകാലത്തുതന്നെ മനുഷ്യക്കടത്തിന്റെ ഇരകളെ പുനരധിവസിപ്പിക്കാൻ ശ്രമിക്കുന്ന സന്നദ്ധസംഘടനകളുമായി തൃണ യോജിച്ചു പ്രവർത്തിച്ചുതുടങ്ങി.

പുനരധിവാസം മഹത്തായ പ്രവൃത്തിയാണ്. ഇരകളാക്കപ്പെട്ടവർക്കു കൗൺസലിങ് കൊടുക്കണം. നഷ്ടപ്പെട്ട അവരുടെ ആത്മാഭിമാനം തിരിച്ചുപിടിക്കണം. ജീവിക്കാൻ കഴിവുകൾ വളർത്തിയെടുക്കണം. സർവോപരി ജീവിക്കാനുള്ള ആഗ്രഹം സൃഷ്ടിക്കണം. വെല്ലുവിളികളെക്കുറിച്ച് ബോധവതിയാണു തൃണ. സാമൂഹ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുമായിരുന്നെങ്കിലും തൃണയുടെ ജീവിതം മാറ്റിമറിച്ചത് ‘സ്മോൾ ചേഞ്ച് ’ എന്ന സന്നദ്ധ സംഘടനയെക്കുറിച്ചുള്ള അറിവ്.

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണത്തോടെ പ്രത്യേക അവസരങ്ങൾ സമൂഹത്തിലെ പാവപ്പെട്ടവർക്കുവേണ്ടി നീക്കിവയ്ക്കുന്ന സംഘടനയാണ് സ്മോൾ ചേഞ്ച്. സമ്മാനങ്ങൾക്കും പാർട്ടിക്കും വേണ്ടിയുള്ള തുക മനുഷ്യത്വപരമായ പ്രവൃത്തികൾക്കുവേണ്ടി മാറ്റിവയ്ക്കുക. പലരിൽനിന്നുള്ള തുക സമാഹരിച്ച് പെൺകുട്ടികൾക്കു വിദ്യാഭ്യാസവും സ്ത്രീകൾക്കു തൊഴിൽപരിശീലനവും ഉൾപ്പെടെയുള്ള സ്വപ്നങ്ങൾ സാധ്യമാക്കുക. 

മികച്ച സന്നദ്ധ സംഘടനകളെക്കുറിച്ച് അറിഞ്ഞതോടെ തന്റെ മേഖലയും ഇതുതന്നെ എന്നു തിരിച്ചറിഞ്ഞു തൃണ. ഇനി വരുന്ന തന്റെ ജൻമദിനങ്ങൾ എങ്ങനെ ആഘോഷിക്കണമെന്ന വ്യക്തമായ ധാരണയുമായി. ഏതെങ്കിലും ഒരു പ്രത്യേക സമ്മാനത്തിനുവേണ്ടിയോ ഉപഹാരത്തിനുവേണ്ടിയോ തൃണ ആഗ്രഹിച്ചിട്ടില്ല. എങ്കിലും എല്ലാ ജന്മദിനങ്ങളിലും സമ്മാനങ്ങൾ വന്നുകൂടും. അവ എങ്ങനെ സമൂഹത്തിനുവേണ്ടി പ്രയോജനപ്പെടുത്താമെന്നായി ചിന്ത. മനുഷ്യക്കടത്തിന്റെ ഇരകളായ 30 യുവതികൾക്ക് പരിശീലനം നൽകി അവരെ ജീവിതത്തിലേക്ക് സ്വയം പര്യാപ്തരാക്കുന്ന പദ്ധതിയുമായാണ് തൃണ സഹകരിച്ചത്.

സ്മോൾ ചേഞ്ച് ട്രസ്റ്റി ഫൗണ്ടർ സാറ അധികാരിയോടൊപ്പം ചേർന്നു തൃണ. രഹത് എന്ന സംഘടനയും ഈ രംഗത്തുതന്നെയാണ് പ്രവർത്തിക്കുന്നത്. ബംഗ്ലാദേശ്, നേപ്പാൾ എന്നിവടങ്ങളിൽനിന്നു കടത്തിക്കൊണ്ടുവരുന്ന പെൺകുട്ടികളുടെയും യുവതികളുടെയും എണ്ണം ഏറെയാണ്. ബിഹാറിലെയും മറ്റും ഗ്രാമപ്രദേശങ്ങളിൽ ഇരകളായി ജീവിക്കാനാണ് അവരുടെ വിധി. ഇങ്ങനെയുള്ള 60 സ്ത്രീകളെ കണ്ടെത്തി അവർക്ക് വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നൽകി അന്തസ്സോടെ ജോലി ചെയ്തു ജീവിക്കുന്നവരാക്കുകയാണ് പദ്ധതി. 

മുപ്പതു പെൺകുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്തു തൃണ. അവരെ പരിശീലിപ്പിക്കാൻ‌ ആവശ്യമായ തുക സംഘടിപ്പിക്കുക. ജന്മദിനാഘോഷങ്ങൾക്കു പകരം, സമ്മാനങ്ങൾക്കും ഉപഹാരങ്ങൾക്കും പകരം ചെറിയ തുകയുടെ സംഭാവനകൾ ഒരേയൊരു ലക്ഷ്യത്തിലേക്കു വഴിതിരിച്ചുവിട്ടു.  30 പെൺകുട്ടികൾക്കായി 7000 രൂപ വീതം സമാഹരിക്കുകയായിരുന്നു ലക്ഷ്യം.  അങ്ങനെ 2.10 ലക്ഷം രൂപ. പക്ഷേ 30 ദാതാക്കളിൽനിന്നായി രണ്ടേകാൽ ലക്ഷത്തിൽ അധികം രൂപ സംഭരിക്കാൻ കഴിഞ്ഞതോടെ തൃണയ്ക്കു സ്വന്തമായത് മഹത്തായ നേട്ടം. 30–ാം ജൻമദിനം ആയപ്പോഴേക്കും 30 പെൺകുട്ടികൾക്കു ജീവനോപാധി കണ്ടെത്താൻ കഴിയുക എന്ന അപൂർവ നേട്ടം. ഇങ്ങനെയും ജൻമദിനം ആഘോഷിക്കാം എന്നു തെളിയിച്ചിരിക്കുകയാണ് കൊൽക്കത്തക്കാരിയായ തൃണ. ആർക്കും എപ്പോഴും അനുകരിക്കാവുന്ന മാതൃക.