1994 ലാണ് ഞാൻ ഇംഗ്ലീഷ് ബിരുദ പഠനത്തിനായി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ എത്തുന്നത്. ചെങ്ങന്നൂർ പട്ടണത്തിന്റെ തിരക്കിൽ നിന്ന് അൽപ്പം മാറി ഒരു മനോഹരമായ കുന്നിന്റെ മുകളിലാണ് കൊളേജ് സ്ഥിതി ചെയ്യുന്നത്. ഒരുപാട് വാകമരങ്ങൾ പൂത്തുലഞ്ഞു നിന്നിരുന്ന ഒരു ശാന്ത സുന്ദരമായ കലാലയം. ഒരുപാട് പ്രഗൽഭരായ അധ്യാപകരുണ്ടായിരുന്നു അന്ന് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ. പ്രിൻസ് സാറും, ഈപ്പൻ സാറും, എം കെ തോമസ് സാറും, അനിയൻ അലക്സ് സാറും ഒക്കെ ഷെക്സ്പിയറിന്റെയും ഷെല്ലിയുടെയും കീറ്റ്സിന്റെയുമെല്ലാം രചനകൾ ഒട്ടും വിരസമല്ലാതെ ഞങ്ങളെ പഠിപ്പിച്ചു.
ആ കൂട്ടത്തിൽ ഞങ്ങളുടെ എല്ലാം മനസ്സിൽ ഒരിക്കലും മാഞ്ഞു പോകാത്ത ഒരു പേര് കൂടിയുണ്ടായിരുന്നു – കുട്ടികൾ എല്ലാം സ്നേഹപൂർവം സുധ ടീച്ചർ എന്നു വിളിച്ചിരുന്ന ഡോ. അച്ചാമ്മ അലക്സ്.അതിമനോഹരമായി ക്ലാസ്സുകൾ എടുത്തിരുന്ന സുധ ടീച്ചർ സമയം കിട്ടുമ്പോഴൊക്കെ കുട്ടികളുടെ പ്രശ്നങ്ങൾ ചോദിച്ച റിയുമായിരുന്നു.നിലവിലെ ജല വിഭവ വകുപ്പ് മന്ത്രി ടി. തോമസ്സിന്റെ ഭാര്യ യാണ് സുധ ടീച്ചർ. 1987 ൽ ഇരുപത്തി ആറാം വയസ്സിൽ MLA ആയിരുന്നപ്പോൾ തന്നെ പെണ്ണ് കാണാൻ വന്ന കഥ ടീച്ചർ ഞങ്ങളുടെ ക്ലാസ്സിൽ പങ്കു വെച്ചിരുന്നു.
ആറിന്റെ അരികിലുള്ള ടീച്ചറുടെ വീട്ടിലേക്കു മാത്യു ടി തോമസ് വന്നത് വള്ളത്തിലാണ്. വള്ളത്തിൽ നിന്ന് ഇറങ്ങാന്‍നേരം മാത്യു ടി തോമസ് കാലു വഴുതി വെള്ളത്തിൽ വീണു എല്ലാവരും മാത്യു ടി തോമസ്സിനെ രക്ഷിക്കാൻ പോയപ്പോൾ നിഷ്കളങ്ക മനസ്സുള്ള ടീച്ചർ മാത്രം ചിരിച്ചു!
ഈ സംഭവത്തെ കുറിച്ച് വിവാഹം കഴിഞ്ഞു മാത്യു ടി തോമസ് ചോദിച്ചപ്പോൾ ടീച്ചർ പറഞ്ഞു :
‘‘ആ കാഴ്ച കണ്ടാൽ ആരും ചിരിച്ചു പോകും!’’
പെണ്ണു കാണാൻ പോയപ്പോൾ വെള്ളത്തിൽ വീണ ആൾ പിന്നീട് ജലവിഭവ വകുപ്പ് മന്ത്രിയായത് കാലം കാത്തു വെച്ച കാവ്യ നീതി. ടീച്ചർക്ക് എല്ലാ കുട്ടികളുടെയും പേരും കുടുംബ പശ്ചാത്തലവും അറിയാമായിരുന്നു. സാമ്പത്തിക പ്രയാസമുള്ള കുട്ടികൾക്ക് ടീച്ചർ സാമ്പത്തിക സഹായം നൽകി.
വിവാഹശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ മാത്യു ടി തോമസ് പരാജയപ്പെട്ടു. അല്ലറ ചില്ലറ രാഷ്ട്രീയ പ്രവർത്തനവുമായി നടന്ന എന്നോട് പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പറയുമായിരുന്നു. ഞാൻ ബിരുദാനന്തര ബിരുദം പഠിച്ചത് മറ്റൊരു കൊളേജിലാണ്. പഠനത്തിന്റെ പ്രാധാന്യത്തെ പറ്റിയും ജീവിതത്തിൽ പാലിക്കേണ്ട അച്ചടക്കത്തെ പറ്റിയും ഓർമ്മിപ്പിച്ചു കൊണ്ട് ടീച്ചർ എനിക്ക് കത്തെഴുതുമായിരുന്നു.
ഏതാണ്ട് കാൽ നൂറ്റാണ്ടുകൾക്ക് ശേഷം കഴിഞ്ഞ വർഷം ഞാൻ ടീച്ചറെ കാണാൻ ക്രിസ്ത്യൻ കോളജിൽ ചെന്നു. കോളജിന്റെ പ്രിൻസിപ്പാളാണ് ടീച്ചർ ഇപ്പോൾ. അഡ്മിഷൻ സമയമായതു കൊണ്ട് പ്രിൻസിപ്പാളിന്റെ മുറിയുടെ മുൻപിൽ ഭയങ്കര തിരക്കായിരുന്നു. ആ തിരക്കിനിടയിലും എന്നെ കണ്ടപ്പോൾ അതീവ സന്തോഷത്തോടെ അകത്തേക്ക് വിളിച്ചു ഒരു പാട് നേരം സംസാരിച്ചു. എന്റെയും സുഹൃത്തുക്കളുടെയും എല്ലാം വിവരങ്ങൾ ടീച്ചർക്ക് അറിയാമായിരുന്നു.
അപ്പോൾ കോളജിൽ നിന്ന് TC മേടിക്കാൻ വന്ന ഒരു കുട്ടിയുടെ അമ്മയോട് ടീച്ചർ പറയുന്നത് കേട്ടു.
‘‘ഇവൻ മിടുക്കനാണ്. വേറെ കോളജിലാണ് പഠിക്കുന്നതെന്നൊന്നും നോക്കേണ്ട പഠിത്തം ഉഴപ്പിയാൽ എന്നെ വിളിച്ചു പറയണം’’
സുധ ടീച്ചറുടെ ജന്മദിനം സെപ്റ്റംബർ അഞ്ചിനാണ്. ഒരു അധ്യാപക ദിനത്തിൽ സുധ ടീച്ചർ ജനിച്ചത് അവിചാരിതമായിട്ടാണെന്ന് ഞാൻ കരുതുന്നില്ല.