ആ ലിപ്‌ലോക്ക് സീനിനു പിന്നിലെ സത്യം തുറന്നു പറഞ്ഞ് ഹണി

കഥാപാത്രം ആവശ്യപ്പെട്ടാൽ അൽപ്പം ഗ്ലാമറസാകാൻ മടിയില്ലാത്തവരാണ് ബോൾഡായ ഒട്ടുമിക്ക നായികമാരും. സ്ക്രിപ്റ്റിൽ ഇല്ലാത്ത പല രംഗങ്ങളെപ്പറ്റിയും സിനിമയുടെ ചിത്രീകരണസമയത്താണ് പലപ്പോഴും സംവിധായകൻ നായികയോട് വെളിപ്പെടുത്തുന്നതു തന്നെ. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടി അൽപ്പം ഗ്ലാമറസാകാനും ലിപ്‌ലോക് രംഗങ്ങൾ ചെയ്യാനും പല നായികമാരും മടിക്കാറുമില്ല.

പക്ഷേ സിനിമ മുഴുവനും കണ്ടാൽ വൾഗർ ആയി തോന്നാത്ത പലതും  നടിമാരുടെ അനുവാദം പോലുമില്ലാതെ പ്രൊമോഷൻ പ്രോഗ്രാമിന് ഉപയോഗിക്കാറുണ്ട് ചില അണിയറ പ്രവർത്തകർ. സിനിമയുടെ മാർക്കറ്റിങ് തന്ത്രമാണ് അതെങ്കിൽപ്പോലും പലപ്പോഴും ഇത്തരം കാര്യങ്ങൾ നായികമാരെ വേദനിപ്പിക്കാറുണ്ട്. തനിക്കും അത്തരം സങ്കടകരമായ ഒരവസ്ഥ ഉണ്ടായിട്ടുണ്ടെന്നു തുറന്നു പറയുകയാണ് മലയാളസിനിമയിലെ ബോൾഡ് നായിക ഹണിറോസ്.

അടുത്തിടെ ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഹണി ഇക്കാര്യം തുറന്നു പറഞ്ഞത്. മലയാളസിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും പുതുമുഖനടികൾക്കു നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമൊക്കെ ഹണി ആ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഹണി. വി.കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജിൽ വളരെ ബോൾഡ് ആയ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ആ കഥാപാത്രത്തിനു ശേഷം ഹണിയെത്തേടിയെത്തിയത് അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത വൺ ബൈ ടു എന്ന ചിത്രമാണ്.

ഡോ. പ്രേമ എന്ന വളരെ ബോൾഡായ ഒരു കഥാപാത്രത്തെയാണ് ആ ചിത്രത്തിൽ ഹണി അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടി ഒരു ലിപ്‌ലോക്ക് സീൻ ചെയ്യേണ്ടി വന്നു. ആ സീന്‍ ചെയ്യേണ്ടി വന്നപ്പോൾ ഒട്ടും വിഷമം തോന്നിയില്ലെന്നും പക്ഷേ ചിത്രത്തിന്റെ പ്രചാരണത്തിനുവേണ്ടി ആ സീൻ മാത്രം ഉപയോഗിച്ചത് തന്നെ വേദനിപ്പിച്ചെന്നും ഹണി പറയുന്നു. ആഷിക് അബുവിന്റെ മായാനദി എന്ന ചിത്രത്തിൽ നായികമാർ അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്നങ്ങളെ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.