വ്യോമസേനയുടെ ചരിത്രത്തിൽ മാത്രമല്ല, ഇന്ത്യാചരിത്രത്തിൽ തന്നെ സാഹസികതയുടെ കയ്യൊപ്പിട്ടിരിക്കുകയാണ് മേഘ്ന ഷാൻബൊ എന്ന ഇരുപത്തിമൂന്നുകാരി. കർണാകട ഉൾപ്പെടുന്ന ദക്ഷിണേന്ത്യയിൽനിന്നു യുദ്ധവിമാനങ്ങൾ പറപ്പിക്കാൻ യോഗ്യത നേടിയ ആദ്യത്തെ വനിതാ പൈലറ്റാണ് ചിക്കമംഗളൂരുവിൽനിന്നുള്ള മേഘ്ന. ഈ മാസം 16 നാണ് യുവതി ചരിത്രനേട്ടം കുറിച്ചത്.
ദിണ്ടിഗൽ എയർഫോഴ്സ് അക്കാദമിയിൽനിന്ന് ഫ്ലൈയിങ് ഓഫിസറാകാൻ യോഗ്യത നേടിയ മേഘ്ന അടുത്തഘട്ട പരിശീലനം നടത്തുന്നത് ബിദറിൽ. ഹോക് ഉൾപ്പെടെയുള്ള അത്യാധുനിക വിമാനങ്ങളുടെ ഡ്രൈവിങ് സീറ്റിലേക്ക്. എൻജിനീയറിങ് ബിരുദധാരിയയായ മേഘ്നയുടെ സാഹസിക യാത്രയിൽനിന്നു പഠിക്കാനേറെയുണ്ട് പുതുതലമുറയ്ക്ക്.
മേഘ്ന ജനിക്കുന്നതു ചിക്കമംഗളൂരുവിലെ മേരി ഗ്രാമത്തിൽ. നാലാം ക്ലാസ് വരെ ഗ്രാമത്തിൽതന്നെ പഠനം. അതിനുശേഷം തന്നെ ബോർഡിംഗ് സ്കൂളിൽനിർത്തി പഠിപ്പിച്ചാൽ മതിയെന്നു നിർദേശം വയ്ക്കുന്നതു മേഘ്ന തന്നെ. അമ്മയ്ക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല.പക്ഷേ, അച്ഛന്റെ പിന്തുണയിൽ ഉഡുപ്പിയിലേക്കു പോയി. അവിടെ ലിറ്റിൽ റോക്ക് ഇന്ത്യൻ സ്കൂളിൽ അഞ്ചു മുതൽ 12–ാം ക്ലാസ് വരെ പഠനം. എൻജിനീയറിങ് പഠനം മൈസൂരുവിലെ ജയചമർജേന്ദ്ര കോളജിൽ. പഠനത്തിനിടെ സാഹസ് എന്നൊരു ക്ലബ് രൂപീകരിച്ചു മേഘ്നയും സുഹൃത്തുക്കളും. പഠനത്തിന്റെ ഇടവേളകളിൽ സ്ഥിരമായി ട്രെക്കിങ്, മൗണ്ടനീയറിങ്, റാഫ്റ്റിങ് എന്നിവയിലെല്ലാം പരിശീലനം നേടി.
പാരാഗ്ലൈഡിങ്ങിലും ഉണ്ടായിരുന്നു പരിശീലനം. അന്നു പരിശീലിപ്പിക്കാൻ വന്നവർ വ്യോമസേനയിൽനിന്നു വിരമിച്ചവർ. അവരുമായുള്ള സമ്പർക്കത്തിൽനിന്നാണ് മേഘ്നയുടെ മനസ്സിൽ വ്യോമസേന എന്ന സ്വപ്നം ചിറകുവിടർത്തി പറക്കാൻതുടങ്ങിയത്. അച്ചടക്കവും സാഹസികതയും നിറഞ്ഞ വ്യോമസേന ഉദ്യോഗസ്ഥരുടെ ജീവിതരീതി ആ കുട്ടിയെ വല്ലാതെ ആകർഷിച്ചു.
മേഘ്ന എൻജനീയറിങ് വിജയിച്ച വർഷമാണ് വനിതകളെ യുദ്ധവിമാനങ്ങളുടെ കോക്പിറ്റിൽ പ്രവേശിപ്പിക്കാൻ വ്യോമസേന തീരുമാനിക്കുന്നതും. രണ്ടുവർഷം മുമ്പ് ബിഹാർ സ്വദേശി ഭാവന കാന്ത്, മധ്യപ്രദേശ് സ്വദേശി അവനി ചതുർവേദി, രാജസ്ഥാൻ സ്വദേശി മോഹന സിങ് എന്നിവർ ഇന്ത്യൻ വ്യോമസേനയിലെ ആദ്യ യുദ്ധ വിമാന വനിതാ പൈലറ്റുമാരായതോടെ മേഘ്നയും തന്റെ തീരുമാനം ഉറപ്പിച്ചു. വ്യോമസേനയിലേക്കുള്ള രണ്ടു പരീക്ഷകളും ആദ്യപരിശ്രമത്തിൽതന്നെ വിജയകരമായി കടന്നു. 2017 ജനുവരിയിൽ ഫ്ലൈറ്റ് കേഡറ്റായി വ്യോമസേനയിൽ ജോലി തുടങ്ങി. അതേവർഷം ഓഗസ്റ്റിൽ ഒറ്റയ്ക്കു വിമാനം പറത്താനും കഴിഞ്ഞു.
ആദ്യമായി ഒറ്റയ്ക്ക് ഒരു വിമാനം പറത്തിയ നിമിഷങ്ങൾ ഇപ്പോഴുമുണ്ട് മേഘ്നയുടെ മനസ്സിൽ. അതുവരെ കാഴ്ചക്കാരിയായിരുന്നെങ്കിൽ സ്വയം സിഗ്നലുകൾക്കു ചെവിയോർത്ത്, നിയന്ത്രണം പൂർണമായും കൈപ്പിടിയിലൊതുക്കി വിമാനത്തിൽ സഞ്ചരിച്ച 20 നിമിഷങ്ങൾ. അങ്ങനെയൊരു അനുഭവം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ലെന്നു പറയുന്നു മേഘ്ന.
ബിദറിൽ ഹോക് വിമാനത്തിൽ പരിശീലനം പൂർത്തിയാക്കുന്നതോടെ യുദ്ധവിമാനങ്ങൾ പറത്താനുള്ള അവസാനകടമ്പയും മേഘ്നയ്ക്ക് അതിജീവിക്കാം. എന്നെങ്കിലും ഒരിക്കൽ റഫാൽ വിമാനങ്ങൾ പറത്തണമെന്നാണ് മേഘ്നയുടെ സ്വപ്നം. വ്യോമസേനയിലേക്കും യുദ്ധവിമാന പൈലറ്റുമാരുടെ ലോകത്തേക്കും വരാനാഗ്രഹിക്കുന്നവരോട് മേഘ്നയ്ക്ക് ഒന്നേ പറയാനുള്ളൂ– വലിയ സ്വപ്നങ്ങൾ കാണുക. തുടക്കത്തിൽ അവ കീഴടക്കാവുന്നതിനപ്പുറമായിരിക്കും. എന്നാൽ ക്രമേണ, സ്വപ്നങ്ങളെ പിന്തുടരാനും ആഗ്രഹിച്ച ഉയരത്തിൽ എത്താനും എല്ലാവർക്കും കഴിയും.