ഐപിഎസ് ഹീറോയെ കാണാൻ പഞ്ചാബി സുന്ദരിയെത്തി; പുലിവാലു പിടിച്ച് പൊലീസ്

തിരക്കേറിയ ക്രമസമാധാനച്ചുമതലയ്ക്കിടെ വ്യക്തിപരമായ പ്രശ്നങ്ങളിലേക്കും ഒരു ഐപിഎസ് ഓഫിസർ വലിച്ചിഴയ്ക്കപ്പെട്ടാലുള്ള അവസ്ഥ അനുഭവിച്ചറിയുകയാണ് മധ്യപ്രദേശിൽ ഉജ്ജയിനിലെ പൊലീസ് സൂപ്രണ്ട് സച്ചിൻ അതുൽക്കർ. പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിൽനിന്ന് ഒരു യുവതി ട്രെയിൻ കയറി മധ്യപ്രദേശിൽ എത്തിയത് ഒരൊറ്റ ആവശ്യവുമായാണ്: സച്ചിൻ അതുൽക്കർ എന്ന അവിവാഹിതനും ചെറുപ്പക്കാരനുമായ പൊലീസ് സൂപ്രണ്ടിനെ നേരിൽ കാണുക. അച്ഛനമ്മമാർ നിർബന്ധിച്ചിട്ടും വീട്ടിലെല്ലാവരും വിളിച്ചിട്ടും തിരിച്ചുപോകാതെ യുവതി ഉജ്ജയിനിൽതന്നെ തങ്ങുകയാണ്– സച്ചിനെ നേരിൽ കാണുകയെന്ന ആവശ്യം നിറവേറ്റാനായി. 

27 വയസ്സുകാരി യുവതി ഉജ്ജയിനിൽ എത്തുന്നതു മൂന്നുദിവസം മുമ്പ്. അവരുടെ ആവശ്യം ഒന്നേയുള്ളൂ– മുപ്പത്തിനാലുകാരൻ എസ്.പി സച്ചിനെ കാണുക. ഉപദേശങ്ങളും മറ്റും കൊടുത്തു നാട്ടിലേക്കു തിരിച്ചയയ്ക്കാൻ പൊലീസ് കഴിയുന്നത്ര ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഓഫിസിൽ ചെന്ന് എസ്പിയെ നേരിട്ടു കാണുക. അദ്ദേഹത്തിന്റെ സാന്നിധ്യമുള്ള ചടങ്ങുകളിൽ പങ്കെടുക്കുക. ഇതൊക്കെയാണ് യുവതിയുടെ ആവശ്യങ്ങൾ. ഇവ നിറവേറാതെ തിരിച്ചുപോകില്ലെന്നാണ് അവർ പറയുന്നത്– സ്റ്റേഷൻ ഇൻ ചാർ‌ജ് രേഖ വർമ പറയുന്നു. സ്വദേശത്തേക്കു തിരിച്ചുപോകാൻ തയാറാകാത്തതിനെത്തുടർന്ന് യുവതിയെ സ്ത്രീകൾക്കുള്ള അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. 

ഉജ്ജയിനിൽ എത്തിയ തന്റെ ലക്ഷ്യം നിറവേറാതെ മടങ്ങിപ്പോകാനാകില്ലെന്നാണു യുവതി പറയുന്നത്. സച്ചിൻ അതുൽക്കറിനെ യുവതി ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ കണ്ടതിനുശേഷം. ഉറച്ച മസിലുകളുള്ള. ആരോഗ്യ ദൃഢഗാത്രനായ എസ്പിയെ യുവതി വല്ലാതെ ഇഷ്ടപ്പെട്ടുവത്രേ. പൊലീസ് യുവതിയുടെ രക്ഷകർത്താക്കളെ വിളിച്ചുവരുത്തി. പക്ഷേ, അവർക്കൊപ്പം തിരിച്ചുപോകാൻ അവർ തയാറല്ല– രേഖാ വർമ്മ പറയുന്നു. 

സൈക്കോളജിയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന യുവതി എസ്പിയെ കാണാതെ തിരിച്ചുപോകില്ലെന്നു വാശിപിടിക്കുകയാണത്രേ. പഞ്ചാബിലേക്കു പോകുന്ന ട്രെയിനിൽ കയറ്റിവിടാൻ പൊലീസ് യുവതിയെ നഗ്ഡ സ്റ്റേഷനിൽ എത്തിച്ചതുമാണ്. പക്ഷേ, ബലം പ്രയോഗിച്ചു തന്നെ ട്രെയിനിൽ കയറ്റിയാൽ ചാടി ജീവനൊടുക്കമെന്നു യുവതി ഭീഷണിപ്പെടുത്തി. കൗൺസിലർമാരെ നിയോഗിച്ചും മനസ്സുമാറ്റാൻ പൊലീസ് ശ്രമിച്ചു. പക്ഷെ, യുവതി വഴങ്ങുന്നില്ല. അവർ ആവശ്യപ്പെടുന്ന പിസ്സ ഉൾപ്പെടെയുള്ള ആഹാരസാധനങ്ങളൊക്കെ പൊലീസ് വാങ്ങിനൽകുന്നുണ്ട്. 

ജോലിയുടെ ഭാഗമായി ഏതുസമയത്തും ആരെയും കാണാൻ താൻ തയാറാണെന്നു പറയുന്നു എസ്പി സച്ചിൻ അതുൽക്കർ. എന്നാൽ വ്യക്തിപരമായ ആവശ്യങ്ങൾ ഉന്നയിച്ചുവരുന്നവരെ കാണാൻ തയാറല്ല. സച്ചിൻ അതുൽക്കറെ കാണാതെ ആഹാരം കഴിക്കില്ലെന്ന് ഒരു കുട്ടി വാശി പിടിച്ചിരുന്നു. സാഗർ ജില്ലയിൽ എസ്പി ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. അന്നു താൻ കുട്ടിയെ കാണാൻ പോയെന്നും അദ്ദേഹം പറയുന്നു. 

ദിവസവും ഒരുമണിക്കൂറിലധികം ജിമ്മിൽ ചെലവഴിക്കുന്ന വ്യക്തിയാണ് എസ്പി. അദ്ദേഹത്തിന്റെ വ്യായാമ മുറകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭോപ്പാലിൽ അടുത്തിടെ നടന്ന എസ്പിമാരുടെ യോഗത്തിൽ ഫിറ്റ്നസിൽ ഉൾപ്പെടെ പുരസ്കാരങ്ങളും എസ്പി സ്വന്തമാക്കി.