പറയാനുള്ളതല്ല പ്രകടിപ്പിക്കാനുള്ളതാണ് സ്നേഹം; ഇവർ ജീവിതം കൊണ്ട് തെളിയിച്ചതിങ്ങനെ

ആ പള്ളിയിൽ ബിലാൽ ക്വിന്റൻ പോകുന്നത് ആദ്യമായിട്ടായിരുന്നു. അതും ഒരു ഞായറാഴ്ച. വിശ്വാസികളെ സാക്ഷി നിർത്തി അന്നു പുരോഹിതൻ വീണ്ടും വീണ്ടും പുകഴ്ത്തിപ്പറഞ്ഞു ബിലാലിനെക്കുറിച്ച്. തന്നെക്കുറിച്ചു കേട്ട നല്ല വാക്കുകളിൽ മനം നിറഞ്ഞിരുന്നു ബിലാൽ. 24 വയസ്സുകാരനായ ബിലാൽ ഒരു അമേച്വർ ബോക്സറാണ്.കഴിഞ്ഞൊരു ദിവസം ജോർജിയയിൽവച്ച് പരിശീലനത്തിനു തയ്യാറെടുക്കവെ, ബിലാൽ പ്രായം ചെന്ന ഒരു സ്ത്രീയെ കണ്ടു. വീൽ ചെയറിലായിരുന്നു അവർ. സാങ്കേതിക തകരാർ സംഭവിച്ച് വീൽ ചെയർ അനങ്ങാതായതോടെ വഴിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു അവർ. 

എന്തെങ്കിലും പ്രശ്നമുണ്ടോ ? ബിലാൽ അവരോടു ചോദിച്ചു. 

ബെലിൻഡ വിറ്റേക്കർ എന്നാണു സ്ത്രീയുടെ പേര്. 67 വയസ്സുകാരി. വീൽചെയർ അനങ്ങാതെവന്നതിനെത്തുടർന്ന് മുക്കാൽമണിക്കൂറായി താൻ വഴിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ബെലിൻഡ പറഞ്ഞു, പെട്ടെന്നു വീൽചെയർ നിന്നുപോയപ്പോൾ അവർ താഴെവീണു. ഒരു വഴിയാത്രക്കാരൻ അവരെ വീണ്ടും കസേരയിൽ ഇരിക്കാൻ സഹായിച്ചിട്ടുപോയി. പക്ഷേ, ചെയർ അനങ്ങുന്നില്ല. 

സഹായത്തിന് ആരെയെങ്കിലും ഒന്നു വിളിച്ചുതരാമോ ? ബെലിൻഡ ബിലാലിനോടു ചോദിച്ചു. 

എന്തിനാണ് ആരെയെങ്കിലും വിളിക്കുന്നത്. എനിക്ക് ആരോഗ്യമുള്ള ഒരു ശരീരമുണ്ട്. ഞാൻ നിങ്ങളെ സാഹിയിക്കാം..ഇങ്ങനെ പറഞ്ഞുകൊണ്ട് ബിലാൽ ബെലിൻഡയുടെ വീൽചെയർ തള്ളി. 

കുട്ടിക്കാലത്തു പോളിയോ വന്നു തളർന്നുപോയ സ്ത്രീയാണ് ബെലിൻഡ. ഷോപ്പിങ്ങിനുവേണ്ടിയാണ് അന്നവർ പുറത്തിറങ്ങിയത്. വീൽചെയറിൽ ഘടിപ്പിച്ച പുതിയ ബാറ്ററി പണിമുടക്കിയതാണ് അവരുടെ യാത്ര മുടക്കിയത്. വഴിയരികിൽ ആരും സഹായിക്കാനില്ലാതെ ഇരുന്നപ്പോൾ അവർ ദൈവത്തോടു പ്രാർഥിച്ചു. ദൈവമേ, എന്നെ സഹായിക്കാൻ‌ ആരെങ്കിലും വരുമോ ? തൊട്ടടുത്ത നിമിഷം ദൈവദൂതനെപ്പോലെ ബിലാൽ എത്തി. 

അരമണിക്കൂറത്തെ യാത്രയുണ്ടായിരുന്നു ബെലിൻഡയുടെ വീട്ടിലേക്ക്. ആ ദൂരമത്രയും കഠിനമായ പാതയിലൂടെ ബിലാൽ വീൽചെയർ തള്ളിനീക്കി. ഈ സമയം ബിലാലിനെ പരിശീലിപ്പിക്കാൻ എത്തിയ ടോണി വില്ലിങ്ഹാം അവരോടൊത്തു വണ്ടിയിൽ വരുന്നുണ്ടായിരുന്നു. അയാൾ ആ രംഗം വീഡിയോയിൽ പകർത്തി. 

വീട്ടിലെത്തിയപ്പോഴേക്കും ബിലാൽ വിയർത്തുകുളിച്ചു. ബെലിൻഡ അയാളെ ആലിംഗനം ചെയ്തു. ഉടൻതന്നെ അയാൾ അവിടം വിട്ടുപോകുകയും ചെയ്തു. 

സംഭവത്തിന്റെ വീഡിയോ ടോണി തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. പെട്ടെന്നുതന്നെ വീഡിയോ തരംഗമായി. വീഡിയോ കണ്ടവരിൽ ഒരു പുരോഹിതനുമുണ്ടായിരുന്നു. അയാളുടെ പള്ളിയിലായിരുന്നു ബെലിൻഡ ആരാധനയ്ക്കു വരുന്നത്. പുരോഹിതൻ സംഭവത്തെക്കുറിച്ചു ബെലിൻഡയോടു പറഞ്ഞു. പിന്നീട് ബിലാലിനെ ആളയച്ചു പള്ളിയിലേക്കു വരുത്തിച്ചു. 

വിശ്വാസികളെ സാക്ഷിനിർത്തി ഞായറാഴ്ച പുരോഹിതൻ ബിലാലിനെ പ്രകീർത്തിച്ചു. ബെലിൻഡയുമുണ്ടായിരുന്നു പള്ളിയിൽ. വെറുതെയിരുന്നു ദൈവ സ്നേഹത്തെക്കുറിച്ചു പറയുന്നതാണ് എല്ലാവരുടെയും രീതി. എങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കേണ്ടതെന്ന് ബിലാൽ കാണിച്ചുതന്നു– പുരോഹിതൻ പറഞ്ഞു. 

മഹത്തായ പ്രവൃത്തിയുടെ പേരിൽ ഉപഹാരവും ടി ഷർടും 25 ഡോളറിന്റെ ഒരു ഗിഫ്റ്റ് കാർഡും പള്ളി ബിലാലിനു സമ്മാനിച്ചു. ഗിഫ്റ്റ് കാർഡ് മക്കൾക്കു സമ്മാനിക്കാനാണ് ബിലാലിന്റെ പദ്ധതി. 

ഞാനൊരു സൂപ്പർഹീറോ ഒന്നുമല്ല. ഒരു സാധാരണക്കാരൻ. ഇങ്ങനെയൊരു പ്രവൃത്തിയുടെ ഭാഗമായതിൽ എനിക്ക് അഭിമാനമുണ്ട്...ബിലാലിന്റെ വിനയം നിറഞ്ഞ വാക്കുകൾ.