ആ സുന്ദരിപ്പെണ്ണുങ്ങൾ ഓഫീസിലെത്തിയാൽ ഇങ്ങനിരിക്കും; വൈറൽ ചിത്രം

വൈറൽ എന്ന വാക്കുതന്നെ ഇന്നു നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. എന്ത് എപ്പോഴാണ് എങ്ങനെയാണ് വൈറലാകുന്നതെന്ന് ആർക്കും പ്രവചിക്കാനാവില്ല. അപ്രതീക്ഷിമായിട്ടായിരിക്കും ഒരു ചിത്രമോ ഫയലോ വീഡിയോയോ ഓർമയോ ഒക്കെ വൈറലാകുന്നത്. ലോകമെങ്ങുമുള്ള സംസാര വിഷയമായി തരംഗം സൃഷ്ടിക്കുന്നത്. അടുത്തിടെ വൈറലായ ഒരു ചിത്രം തന്നെ ഏറ്റവും നല്ല ഉദാഹരണം. 

അജ്ഞാതനായ ഒരാൾ ഫോട്ടോഷോപ് ചെയ്ത ഒരു ചിത്രമാണ് വൈറലായതും ചൂടുപിടിച്ച ചർച്ചയ്ക്കു വിഷയമായതും. പുതിയ കാലത്തു പരിചിതമായ ഒരു ഓഫിസാണ് ചിതത്തിന്റെ പശ്ചാത്തലം. ലാപ്ടോപും കംപ്യൂട്ടറും ഹെഡ് ഫോണുമൊക്കെയുള്ള ഓഫിസ്. പക്ഷേ, ലാപ് ടോപുകൾക്കു പിന്നിലിരിക്കുന്നവരും ഹെഡ് ഫോൺ ഉപയോഗിക്കുന്നവരുമൊക്കെ ഇന്നത്തെ കാലത്തുള്ളവരല്ല. പുരാതന ലോകത്തുനിന്നു വന്നവർ.

പ്രതിഭാശാലികളായ ചിത്രകാരൻമാരുടെ വിശ്വപ്രസിദ്ധമായ ചിത്രങ്ങളിൽനിന്നുള്ളവരാണ് ലാപ് ടോപ്  ഉപയോഗിക്കുന്നതും ഹെഡ് ഫോണിൽ സംഗീതം കേൾക്കുന്നതുമൊക്കെ. മൈക്കലാഞ്ജലോ ഉൾപ്പെടെയുള്ള ചിത്രകാരൻമാരുടെ ചിത്രങ്ങളിലൂടെ പരിചിതരായ പഴയകാല നായികമാർ ഇന്നത്തെ ലോകത്തുവന്ന് ഒരു ഓഫിസിൽ‌ ജോലി ചെയതാൽ എങ്ങനെയിരിക്കും. അതാണ് ഫോട്ടോഷോപ് ചെയ്തയാൾ ഉദ്ദേശിച്ചിരിക്കുന്നത്. ഒരു പിഴവുമില്ലാതെ, സൂക്ഷ്മതയോടെ തയാറാക്കിയ ചിത്രം പെട്ടെന്നു തന്നെ ശ്രദ്ധ പിടിച്ചുപറ്റി. നിമിഷങ്ങൾക്കകം വൈറലായി. 

ഡോ. പീറ്റർ നോവൽസ് എന്നയാളാണ് ഈ വിചിത്രമായ സങ്കൽപ ചിത്രം കണ്ടെടുത്തതും ഷെയർ ചെയ്തതും. ഫോട്ടോഷോപ് ചെയ്ത ഒരു ചിതം കണ്ടുനോക്കൂ. ആധുനിക ഓഫിസുകളിൽ ക്ലാസിക് ചിത്രങ്ങളിലെ നായികമാർ ജോലി ചെയ്യുന്നതാണ് വിഷയം അഥവാ ഭാവന. ഗംഭീരം എന്നേ പറയേണ്ടൂ. ഈ അടിക്കുറിപ്പോടെയായിരുന്നു പീറ്റർ ചിത്രം ഷെയർ ചെയ്തത്. മൈക്കലാഞ്ജലോയുടെ പ്രശസ്തമായ ‘ആദത്തിന്റെ സൃഷ്ടി’ എന്ന ചിത്രത്തിൽനിന്നുള്ള കൈകളുടെ ഒരു ഭാഗവും ചിത്രത്തിലുണ്ട്. 

സമൂഹമാധ്യമ ഉപയോക്താക്കൾ പെട്ടെന്നു തന്നെ ചിത്രം ശദ്ധിച്ചു. അവരുടെ കമന്റുകളും പ്രവഹിക്കുകയായി. ഇഷ്ടപ്പെടാതിരിക്കാൻ വയ്യ, ഗംഭീരം എന്നു തുടങ്ങുന്നു കമന്റുകൾ.ഓഫിസിലെ ഒരു സാധാരണ ദിവസം തന്നെ അല്ലേ ....ഒരാൾ ചിത്രത്തെക്കുറിച്ചു പറഞ്ഞു. നമ്മുടെയൊക്കെ ഓഫിസുകളിൽ എങ്ങനെയാണോ ജോലി ചെയ്യുന്നത് അതതുപോലെ തന്നെ പകർത്തിയിരിക്കുന്നു. മനോഹരമായിരിക്കുന്നു. ഇതു ഞാൻ തന്നെ. അഞ്ചു മണിയാകാനുള്ള കാത്തിരിപ്പ്. ഇനിയും നിന്നെ കാണാതിരിക്കാൻ എനിക്കാവില്ല...മറ്റൊരാളുടെ രസകരമായ കമന്റ്. 

ചിത്രം കണ്ട സ്ത്രീകൾ അവരുടെ ഭാവനയ്ക്ക് അനുസരിച്ച് അവരുടെ ജീവിതസന്ദർഭങ്ങളുമായി ബന്ധപ്പെടുത്തുകയാണ് ചിത്രത്തെയും കഥാപാത്രങ്ങളെയും. എല്ലാ തരക്കാരെയും ഉൾക്കൊള്ളാൻ കഴിയുന്നുണ്ട് ഫോട്ടോഷോപ് ചെയ്ത ചിത്രത്തിന് എന്നതാണു രസകരം. ചിത്രത്തിൽ കാണുന്ന കഥാപാത്രങ്ങൾ ഓരോരുത്തും എന്തൊക്കെയായിരിക്കും പറയുന്നത് എന്നു സങ്കൽപിച്ച് സംഭാഷണങ്ങൾ എഴുതിയവരുമുണ്ട്.