ഐശ്വര്യയെക്കുറിച്ചുള്ള രഹസ്യം

ലോകസുന്ദരിയായ, മികച്ച അഭിനേത്രിയായ ഐശ്വര്യറായിയെക്കുറിച്ച് എല്ലാവർക്കുമറിയാം. കരിയറിലും വ്യക്തി ജീവിതത്തിലും മികച്ച മൂല്യങ്ങൾ പിന്തുടരുന്ന വ്യക്തിയായും ഐശ്വര്യയെ എല്ലാവരുമറിയും. അമിതാഭ് ബച്ചന്റെയും ജയബച്ചന്റെയും മരുമകൾ, അഭിഷേക് ബച്ചന്റെ ഭാര്യ, ആരാധ്യയുടെ അമ്മ അങ്ങനെ ജീവിതത്തിലെ എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായി നോക്കുന്ന ഐശ്വര്യയെ അസൂയയോടെ അതിലുപരി ആരാധയോടെയാണ് ലോകം കാണുന്നത്.

എന്നാൽ അധികമാർക്കുമറിയാത്ത ഐശ്വര്യയുടെ ഒരു കഴിവനെ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത് ഒരു വിഡിയോയാണ്. വർഷങ്ങൾക്കു ശേഷം ആ വിഡിയോ വീണ്ടും വൈറലായിരിക്കുകയാണ്. 1998 ൽ ജീന ഇസി കാ നാം ഹൈ എന്ന പരിപാടിയിലൂടെ ലോകം കേട്ടത് ഐശ്വര്യയുടെ മധുരമുള്ള ശബ്ദം കൂടിയാണ്. മാലാഖയുടെ സ്വരമുള്ള പെൺകുട്ടിയെന്നാണ് വിഡിയോ കണ്ടയാളുകൾ ഐശ്വര്യയുടെ ശബ്ദത്തെ വിശേഷിപ്പിച്ചത്.

ഫറൂഖ് ഷേഖ് ( അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല) എന്ന അവതാരകനാണ് ഐശ്വര്യയുടെ മധുരമുള്ള സംഗീതം ലോകത്തിന് കേൾക്കാൻ അവസരമൊരുക്കിയത്. സഹതാരമായ ചന്ദ്രചൂർസിങ്ങിനൊപ്പം പാട്ടിന്റെ ഏതാനും വരികൾ മൂളാൻ അദ്ദേഹമാണ് ഐശ്വര്യയോട് ആവശ്യപ്പെട്ടത്. നാണവും ചമ്മലും കാരണം പലവട്ടം നിർത്തി നിർത്തിയാണ് ഐശ്വര്യ പാടിയത്.

ഐശ്വര്യ നന്നായി പാട്ടുപാടുമെന്ന് ലോകം തിരിച്ചറഞ്ഞത് ആ ഷോയിലൂടെയാണ്. ആ ക്ലിപ്പാണ് ഇപ്പോൾ വെർച്വൽ ലോകത്ത് വീണ്ടും തരംഗമായിരിക്കുന്നത്. ആ ഷോയിൽ അദ്ദേഹം ഐശ്വര്യയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ ക്ഷണിച്ചുകൊണ്ട് ഐശ്വര്യയ്ക്ക് സർപ്രൈസ് നൽകിയിരുന്നു. തന്റെ ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നതുകേട്ട് വികാരാധീനയാവുന്ന ഐശ്വര്യയെയും വിഡിയോയിൽക്കാണാം.