ഓരോ ഫുട്‍ബോൾ ലോകകപ്പ് ടൂർണമെന്റിനുമുണ്ട് വിശേഷണങ്ങൾ; സവിശേഷതകളും. വൻശക്തികളുടെ പതനം, പുതിയ ചാംപ്യൻമാരുടെ ഉദയം, അപ്രതീക്ഷിത താരോദയങ്ങൾ എന്നിങ്ങനെ. സാധ്യത കൽപിച്ച ടീമുകളുടെ ദയനീയ പരാജയവും പുതിയ ശക്തികളുടെ ഉയിർത്തെഴുന്നേൽപ്പുമാണ് റഷ്യൻ ലോകകപ്പ് ഓർമയിൽ അവശേഷിപ്പിക്കുന്ന അവിസ്മരണീയ മുഹൂർത്തങ്ങൾ.
സെമിഫൈനലിലെത്തിയ നാലു രാജ്യങ്ങളിൽ രണ്ടു ടീമുകൾ നടത്തിയത് അപ്രതീക്ഷിത മുന്നേറ്റം. വാതു വയ്ക്കാൻ ആരുമില്ലാതിരുന്നിട്ടും വൻശക്തികളെ മലർത്തിയടിച്ചു മുന്നേറിയ ബെൽജിയവും ക്രൊയേഷ്യയും. ഇന്നു രണ്ടാം സെമി. ഏറ്റുമുട്ടുന്നത് ഇംഗ്ലണ്ടും ക്രൊയേഷ്യയും. ഹാരി കെയിനും ലൂക്കാ മോഡ്രിച്ചുമൊക്കെ ഇതിനോടകം ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തിൽ ഇടംപിടിച്ചെങ്കിലും ഇന്നത്തെ മൽസരത്തിന്റെ ശ്രദ്ധാകേന്ദ്രം മറ്റൊരാളാണ്.
ഒരു വനിത. ആതിഥേയ രാജ്യമായ റഷ്യയെ ടൈ ബ്രേക്കറിൽ 6–5 നു കീഴ്പ്പെടുത്തി സെമിയിലേക്കു മുന്നേറിയ ക്രൊയേഷ്യയുടെ വനിതാ പ്രസിഡന്റ് കോലിൻഡ ഗ്രാബാർ കിറ്റാറോവിച്ച്. ക്വാർട്ടർ ഫൈനൽ മൽസരത്തിനിടെ, ക്രൊയേഷ്യയുടെ ജേഴ്സി അണിഞ്ഞ് വിഐപി ഗ്യാലറിയിൽ എത്തുകയും ടീമിന്റെ മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും വിജയത്തിൽ മതിമറന്ന് ആനന്ദനൃത്തം ചവിട്ടുകയും ചെയ്ത പ്രസിഡന്റ്. ഇന്നു കളിയുടെ ആവേശനിമിഷങ്ങളിലേക്കു കണ്ണുകളയയ്ക്കുമ്പോൾ ഗ്യാലറിയിൽ ക്യാമറകൾ തിരയുന്നതു പ്രസിഡന്റിനെ ആയിരിക്കും. ആഘോഷിക്കുന്ന ആ ചുവടുകൾ. ആവേശത്തിൽ ഉയരുന്ന കൈകൾ. പ്രസിഡന്റ് പ്രോത്സാഹിപ്പിക്കാനെത്തുമ്പോൾ ടീമിന്റെ ആവേശവും ഉയരും.
റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‍വദേവ്, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ എന്നിവർക്കൊപ്പമായിരുന്നു ക്രൊയേഷ്യയുടെ ആദ്യവനിതാ പ്രസിഡന്റ് ക്വാർട്ടർ ഫൈനൽ മൽസരം കാണാനെത്തിയത്. സ്യൂട്ട് ധരിച്ചെത്തിയ പ്രസിഡന്റ് മൽസരം തുടങ്ങിയതോടെ ക്രൊയേഷ്യയുടെ ചുവപ്പും വെള്ളയും ജഴ്സിയിലേക്കു മാറി. ഈ ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ മൽസരമായിരുന്നു റഷ്യയുമായുള്ള ക്വാർട്ടർ ഫൈനൽ. അധിക സമയത്തു ക്രൊയേഷ്യ 2–1 നു മുന്നിൽനിൽക്കുമ്പോൾ ജയം ഏതാണ്ട് ഉറപ്പിച്ചിരുന്നു.
അപ്പോഴായിരുന്നു ക്യാമറകൾ ഒപ്പിയെടുത്ത ആനന്ദനൃത്തം പ്രസിഡന്റ് നടത്തിയത്. തോൽവി മുന്നിൽകണ്ടു നിരാശനായ റഷ്യൻ പ്രധാനമന്ത്രിക്കു മുന്നിലായിരുന്നു പ്രസിഡന്റിന്റെ നൃത്തം. ഓരോ തവണ ടീം ഗോളുകൾ നേടുമ്പോഴുമുണ്ടായിരുന്നു പ്രസിഡന്റിന്റെ വിജയാഹ്ലാദങ്ങൾ. അപ്പോഴൊക്കെ വലിയൊരു പദവിയിൽ ഇരിക്കുന്ന ആളെന്ന നിലയിലായിരുന്നില്ല, മറിച്ച് ഒരു സാധാരണ ഫുട്ബോൾ ആരാധികയുടെ ഭാവപ്രകടനങ്ങളായിരുന്നു പ്രസിഡന്റിൽ ജനം കണ്ടത്. ടൈ ബ്രേക്കറിലേക്കു നീണ്ട മൽസരത്തിൽ വിജയം ഉറപ്പിച്ചശേഷം ടീം അംഗങ്ങൾക്കൊപ്പവും കോലിൻഡ നൃത്തം ചെയ്തു. സമൂഹമാധ്യമങ്ങളിൽ പ്രസിഡന്റിന്റെ ആഘോഷം വൈറലാവുകയും ചെയ്തു.
മൂന്നു വർഷം മുമ്പ് 2015 ലാണ് 50– വയസ്സുകാരിയായ കോലിൻഡ ക്രൊയേഷ്യയുടെ പ്രസിഡന്റാകുന്നത്. യൂഗോസ്ലാവിയയിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചശേഷം ചുമതലയേറ്റ നാലാമത്തെ പ്രസിഡന്റ് കൂടിയാണ് ക്രൊയേഷ്യൻ ഡെമോക്രാറ്റിക് യൂണിയൻ പ്രവർത്തകയായ കോലിൻഡ. അമേരിക്കയിലെ ക്രൊയേഷ്യൻ സ്ഥാനപതി ഉൾപ്പെടെയുള്ള പ്രധാന ചുമതലകൾ വഹിച്ചു കഴിവു തെളിയിച്ച ശേഷമാണ് പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്.
രണ്ടാം സെമിഫൈനൽ മൽസരം മോസ്കോയിലെ ലുഷ്കിനി സ്റ്റേഡിയത്തിൽ ഇന്നു നടക്കുമ്പോൾ ടീമിനു പിന്തുണയുമായി കോലിൻഡ എത്തുമെന്നു പ്രതീക്ഷിക്കാം; ആനന്ദനൃത്തത്തിന് അവസരമുണ്ടാകുമോ എന്നത് മൽസരത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കുന്നു.അതിനുവേണ്ടി അവസാന വിസിൽ വരെ കാത്തിരിക്കേണ്ടിവന്നേക്കാം.