Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൃത്ത വിഡിയോ പോസ്റ്റ് ചെയ്ത പെൺകുട്ടി ജയിലിൽ

maeade-mahi

ജയിലിലടയ്ക്കപ്പെടാൻ ആ പതിനെട്ടുവയസ്സുകാരി ചെയ്ത തെറ്റ് ഒന്നുമാത്രം – സന്തോഷത്തോടെ വീട്ടിനുള്ളിൽവച്ചു ചെയ്ത നൃത്തം റെക്കോർഡു ചെയ്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ശിരോവസ്ത്രം ധരിക്കാതെയായിരുന്നു പാട്ടും നൃത്തവും. അറസ്റ്റ് ചെയ്യപ്പെട്ടു ജയിലഴികൾക്കുള്ളിൽ അടയ്ക്കപ്പെട്ട പെൺകുട്ടി തെറ്റു സമ്മതിച്ച് മാപ്പപേക്ഷിച്ചിരിക്കുന്നു. പെൺകുട്ടിയെ എത്രയും വേഗം മോചിപ്പിക്കണം എന്നാവശ്യപ്പെട്ടും തങ്ങൾ അവൾക്കൊപ്പമാണെന്നു ബോധ്യപ്പെടുത്താൻ നൃത്തരംഗങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്തും പ്രതിഷേധം കനക്കുകയാണ് ലോകമെങ്ങും. 

ഇറാനിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയിരിക്കുന്നത്. പ്രതിഷേധത്തിന്റെ മുൻനിരയിൽ ഇപ്പോൾ ഇറാനിലുള്ളവർ മാത്രമല്ല, ലോകത്തെല്ലായിടത്തുമുള്ളവരുമുണ്ട്. നർത്തകിയും ജിംനാസ്റ്റുമായ പതിനെട്ടുകാരിയെ മോചിപ്പിക്കണം എന്നാണു വ്യാപക ആവശ്യം.

മദേ ഹോജാബ്രി എന്നാണു പെൺകുട്ടിയുടെ പേര്. ശിരോവസ്ത്രമില്ലാതെ വീട്ടിൽ ചെയ്ത നൃത്തം റെക്കോർഡ് ചെയ്തു പോസ്റ്റ് ചെയ്തതിന്റെ പേരിൽ കഴിഞ്ഞയാഴ്ച പൊലീസ് പെൺകുട്ടിയെ തടഞ്ഞുവച്ചിരുന്നു. വെള്ളിയാഴ്ച ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ട വീഡിയോയിൽ‌ തന്റെ തെറ്റു സമ്മതിച്ചു മാപ്പപേക്ഷിക്കുന്ന ഹൊജാബ്രിയെ കാണാം. ധാർമിക നിയമങ്ങളുടെ ലംഘനമാണ് എന്റെ പ്രവൃത്തി. സമൂഹമാധ്യമത്തിൽ കൂടുതൽ പിന്തുണ നേടാനുള്ള ശ്രമം മാത്രമാണ് ഞാൻ നടത്തിയത്. ദുരുദ്ദേശ്യങ്ങളൊന്നുമില്ല എന്നു പറയുന്ന ഹൊജാബ്രിയെ കാണാം. സമ്മർദത്തെത്തുടർന്നു പൊലീസ് നിർബന്ധിച്ചാണോ ഹോജാബ്രിയെക്കൊണ്ട് തെറ്റു സമ്മതിപ്പിച്ചു വീഡിയോ രേഖപ്പെടുത്തിയത് എന്നു വ്യക്തമല്ല. 

നൃത്തം ചെയ്യുന്ന വീഡിയോയുടെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്യുന്നതു പരിഹാസ്യമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന അഭിപ്രായം. സൗന്ദര്യമുള്ള, സന്തോഷത്തോടെ ജീവിക്കുന്ന, നൃത്തം ചെയ്യുന്ന 17 ഉം 18 ഉം വയസ്സു പ്രായമുള്ള പെൺകുട്ടികളെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്നു. പീഡിപ്പിക്കുന്നവരെയും കുട്ടികളെ മാനഭംഗപ്പെടുത്തുന്നവരെയും സ്വതന്ത്രരാക്കുന്നു. ഇങ്ങനെയൊരു വാർത്ത കേട്ടാൽ ലോകം ചിരിക്കുമെന്നു പറയുന്നു ബ്ലോഗ് എഴുത്തുകാരൻ ഹൊസ്സെയ്ൻ റോണാഗി. അവിശ്വസനീയമാണു സംഭവമെന്നും അദ്ദേഹം എഴുതി. 

നൃത്തം ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്തതു തെറ്റ്. കുറ്റം സമ്മതിപ്പിച്ചു വീഡിയോ പുറത്തുവിട്ടത് അതിലും ഹീനമായ കുറ്റകൃത്യം എന്നു പറയുന്നു സമൂഹ മാധ്യമങ്ങളിൽ പെൺകുട്ടിക്കുവേണ്ടി ശബ്ദമുയർത്തുന്നവർ. ഒരു നർത്തകിക്കു നൃത്തം ചെയ്യാതിരിക്കാനാവില്ല. പാട്ടുകാരിക്കു പാട്ടു പാടാതിരിക്കാനും. എഴുത്തുകാരന് എഴുതുകയാണു പ്രധാനം. ഇവയിൽനിന്നെല്ലാം വിലക്കിയാൽ ഭ്രാന്തു പിടിക്കുകയാവും ഫലം. അത്മപ്രകാശനം അസാധ്യമായ ഒരു രാജ്യമാണോ ഇറാൻ എന്നു ചോദിക്കുന്നവരുമുണ്ട്. 

നൃത്തം ഒരു കലയാണ്. കുറ്റകൃത്യമൊന്നുമല്ല. പിന്നെന്തിനാണ് അറസ്റ്റ് എന്നാണ് എല്ലാവരുടെയും ചോദ്യം. 40 വർഷം മുമ്പ് ഇറാനിലെ സ്കൂളുകളിൽ നൃത്തം പഠിപ്പിച്ചിരുന്നു. പുതിയ ഭരണകൂടത്തിന്റെ വരവോടെയാണ് നൃത്തം നിരോധിച്ചതും നൃത്തം ചെയ്യുന്നവരെ തടവുകാരാക്കുന്നതുമൊക്കെ എന്ന് ചരിത്രത്തിൽനിന്നുള്ള ഉദാഹരണം കൂട്ടുപിടിച്ചു പറയുന്നവരുമുണ്ട്. 

വാക്കുകളിലൂടെ മാത്രമല്ല പ്രതിഷേധം. ആയിരക്കണക്കിനുപേർ തങ്ങൾ നൃത്തം ചെയ്യുന്ന വീഡിയോകൾ പോസ്റ്റു ചെയ്തുകൊണ്ടു പ്രതിഷേധത്തിൽ പങ്കുചേരുകയാണ്. ഹാഷ്ടാഗുകൾ ഉപയോഗിച്ചു ഹോജാബ്രിയുടെ മോചനത്തിനുവേണ്ടി സമൂഹമാധ്യമങ്ങളിലെ പ്രചാരണവും ശക്തം. ഓരോരുത്തും വിഡിയോ പോസ്റ്റ് ചെയ്യാനാണ് ആവശ്യം. ഒരു കലാകാരിയുടെ മോചനത്തിനുവേണ്ടി കലയിലൂടെ തന്നെ പ്രതിഷേധിക്കുക.