ഹിമാ ദാസ്; ഫുട്ബോളിൽ ആൺകുട്ടികളെ തോൽപ്പിച്ച പെൺകരുത്ത്

ലോകകപ്പ് ഫുട്ബോളിന്റെ ആരവത്തിലും ആവേശത്തിലാണ് കായികപ്രേമികൾ. സ്വന്തം രാജ്യമോ അയൽരാജ്യമോ പോലും മൽസരിക്കാനില്ലാതിരുന്നിട്ടും അവേശത്തിനൊട്ടും കുറവില്ല ഇന്ത്യയിൽ. രാത്രികൾ ഉറങ്ങാതെയിരുന്നും ഫ്ലക്സ് അടിക്കാൻ കാശുമുടക്കിയും ഇഷ്ടതാരങ്ങളുടെ തോൽവിയിൽ ഹൃദയനൊമ്പരമനുഭവിക്കുന്നവരുടെ എണ്ണം ഏറെയാണ്.

കാൽപന്തിൽ‌ കണ്ണും മനസ്സും അർപ്പിച്ച് അവേശത്തിന്റെ അലമാലകൾ തീർക്കുന്നവർ അങ്ങകലെ ഫിൻലൻഡിലെ ടാംപരെയിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങിയത് വൈകിയാണ് അറിഞ്ഞത്. വൻരാജ്യങ്ങളുടെ കുത്തകയായ ട്രാക്ക് ഇനത്തിൽ ഒരു ഇന്ത്യക്കാരി പെൺകുട്ടി ചരിത്രം തിരുത്തി സ്വർണം നേടിയപ്പോൾ ടാംപരെയിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങി; ത്രിവർണപതാക പാറിപ്പറന്നു. ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിലാണ് രാജ്യത്തിനു മുഴുവൻ അഭിമാനമായ നേട്ടത്തിൽ ആസ്സാമിൽനിന്നുള്ള ഒരു പതിനെട്ടുകാരി എത്തിയത്– ഹിമ ദാസ്. പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ‌ 51.46 സെക്കൻഡിൽ ഫിനിഷ് ചെയതാണു ഹിമ സ്വർണം സ്വന്തമാക്കിയത്. ഒരു ലോക ചാംപ്യൻഷിപ്പിൽ ട്രാക്ക് ഇനത്തിൽ ഇതാദ്യമാണ് ഒരു ഇന്ത്യക്കാരിയുടെ സ്വർണനേട്ടം. 

ഒരു രാജ്യം മുഴുവനും രാഷ്ട്രത്തലവൻമാർ ഉൾപ്പെടെയും പൂർണ പിന്തുണയുമായി ഫുട്ബോൾ ടീമുകൾക്കു പിന്നിലുണ്ടെങ്കിൽ ഹിമ ദാസിനെ സ്വന്തം സംസ്ഥാനത്തുള്ളവർക്കുപോലും അറിയില്ല. രോൺജിത് ദാസിന്റെയും ജൊമാലിയുടെയും ആറുമക്കളിൽ ഇളയവളാണ് ഹിമ. നാളത്തെ താരം എന്നുറപ്പിച്ചുപറയാവുന്ന കുട്ടി. അമേരിക്കൻ താരങ്ങളുൾപ്പെടെ കൊടിപാറിക്കുന്ന അത്‍ലറ്റിക്സിൽ ഇന്ത്യയുടെ ഭാവി പ്രതീക്ഷ. വാർത്ത പുറത്തുവന്നയുടൻ ഫുട്ബോൾ ലഹരിക്ക് അവധി കൊടുത്ത് അഭിനന്ദന സന്ദേശങ്ങൾ പോസ്റ്റു ചെയ്യുകയാണ് അമിതാഭ് ബച്ചനും ഫർഹാൻ അക്തറുമുൾപ്പെടെയുള്ളവർ. 

അറിഞ്ഞില്ലേ ഫിൻലൻഡിൽ ഇന്ത്യൻ ദേശീയഗാനം മുഴങ്ങിയത്..ഇനിയെങ്കിലും നമുക്ക് അത്‍ലറ്റിക്സിനെക്കുറിച്ചു സംസാരിക്കാം....ഒരു കളിയാരാധകന്റെ ഈ ചെറിയ സന്ദേശത്തിലുണ്ട് ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യ അതിന്റെ താരങ്ങൾക്കു കൊടുക്കുന്ന പരിഗണനയും അവഗണനയും. 

ഹിമാ, രാജ്യം നിന്നെയോർത്ത് അഭിമാനിക്കുന്നു. ഇനി ഞങ്ങൾക്കും തലയുയർത്തിപ്പിടിച്ചു നിൽക്കാം. മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ജയ്ഹിന്ദ് പറയാനും മറക്കുന്നില്ല. 

ആസ്സാമിലെ ധാന്യവയലുകൾ പോലും ഇപ്പോൾ ഹിമയുടെ നേട്ടത്തിൽ ആനന്ദിക്കുന്നുണ്ടെന്നാണു ഗിതിക സ്വാമി അഭിപ്രായപ്പെട്ടത്. രവീന്ദ്ര ജഡേജ ഉൾപ്പെടെയുള്ള താരങ്ങളും ഹിമയുടെ നേട്ടത്തെ പുകഴ്ത്തുന്നു. 13–ാം വയസ്സിലാണ് ബന്ധുവായ ഒരു പയ്യനൊപ്പം ഹിമ മൈതാനത്തിലിറങ്ങി ഫുട്ബോൾ കളിക്കാൻ തുടങ്ങിയത്. ഫുട്ബോൾ ആൺകുട്ടികളുടെ മാത്രം കളിയാണെന്നു പറഞ്ഞപ്പോൾ അവളത് ചിരിച്ചു തള്ളി. പിന്നെയവൾ കളിക്കളത്തിലെ ആൺകുട്ടികളെ വെല്ലുന്ന വേഗത്തിൽ ഫുട്ബോൾ കളിച്ച് മൈതാനം കീഴടക്കി. കളിക്കളത്തിൽ ഒരിക്കലും ക്ഷീണം പ്രകടിപ്പിക്കാത്ത കൂട്ടുകാരിയെക്കുറിച്ച് സുഹൃത്തുക്കൾ പറയുന്നു.