ഐഎഎസ് മോഹം സുരഭി ഗുപ്ത എന്ന പെൺകുട്ടിയിൽ ആദ്യമുണ്ടാകുന്നതു പത്താം ക്ലാസിൽ പഠിക്കുമ്പോൾ. തനിക്കതു നേടിയെടുക്കാൻ ആകുമോ എന്നൊന്നും കുട്ടിക്ക് അറിയില്ല. സിവിൽ സർവീസുകാരെ എല്ലാവരും ബഹുമാനിക്കും, ആദരിക്കും. തനിക്കും ആ ബഹുമാനം നേടണം. അതായിരുന്നു ആഗ്രഹം.
മോഹം സഫലീകരിക്കാൻ സുരഭി നടത്തിയ പോരാട്ടത്തിൽ കഠിനാധ്വാനമുണ്ട്. കഷ്ടപ്പാടും വേദനയും സന്തോഷവുമുണ്ട്. ‘ആഗ്രഹം ഉള്ളതുകൊണ്ടു മാത്രം കാര്യമില്ല. എത്രമാത്രം അധ്വാനിക്കാൻ തയാറാണെന്നതാണു കാര്യം’ – സുരഭി പറയുന്നു. മധ്യപ്രദേശിലെ ഒരു ഉൾനാടൻ ഗ്രാമത്തിലാണു സുരഭിയുടെ വീട്. യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ ജനനം. കൂട്ടുകുടുംബമായിരുന്നു. മുപ്പതോളം പേർ എപ്പോഴും വീട്ടിലുണ്ടാകും. സുരഭി ജനിച്ചപ്പോൾ അച്ഛനമ്മമാർ ആഹ്ലാദിച്ചു. വീട്ടിലുള്ള മറ്റുള്ളവർക്കെല്ലാം പതിവുദിവസം മാത്രമായിരുന്നു അത്. പക്ഷേ, ഇരുപത്തഞ്ചു വർഷത്തിനുശേഷം അതേ വീട്ടിലേക്ക് സുരഭി കടന്നുവന്നപ്പോൾ പൂമാലകളും ബൊക്കെകളുമായി അവർ കാത്തുനിന്നു – ഐഎഎസുകാരിയെ സ്വീകരിച്ചാനയിക്കാൻ.
അഞ്ചാം ക്ലാസ് മുതലേ ഗണിതശാസ്ത്രം ഉൾപ്പെടെയുള്ള വിഷയങ്ങൾക്കു മുഴുവൻ മാർക്കും നേടുമായിരുന്നു സുരഭി. പത്താം ക്ലാസിലെ ബോർഡ് പരീക്ഷയിലും ഗണിതശാസ്ത്രത്തിനും സയൻസിനും നൂറിൽ നൂറു മാർക്കു തന്നെ വാങ്ങി. അവികസിതമായ സ്വന്തം ഗ്രാമത്തിലെ അപര്യാപ്തതകൾ സുരഭിയെ എന്നും വേദനിപ്പിച്ചിരുന്നു. ചികിൽസാ സൗകര്യമില്ല, വൈദ്യുതിയില്ല, മറ്റ് അടിസ്ഥാനസൗകര്യങ്ങളും കുറവ്. കലക്ടർ ആകുന്നതോടെ ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കാം എന്നും ആ പെൺകുട്ടി കണക്കുകൂട്ടി. സുരഭിയുടെ ഗ്രാമത്തിൽ പുറത്തുപോയി കോളജ് വിദ്യാഭ്യാസം നേടിയ ആദ്യത്തെ പെൺകുട്ടി അവൾ തന്നെയായിരുന്നു. സുരഭി ഭോപാലിൽ എൻജിനീയറിങ് ബിരുദത്തിനു ചേർന്നു.
ഭാഷയായിരുന്നു ആദ്യത്തെ വെല്ലുവിളി. ഹിന്ദി മാത്രമേ അറിയൂ. ഇംഗ്ലിഷിൽ നന്നായി ആശയവിനിമയം ചെയ്യാൻ അറിയില്ല. കോളജിൽ ചേർന്ന ആദ്യ ദിവസം സ്വയം പരിചയപ്പെടുത്താൻ പറഞ്ഞപ്പോൾ സുരഭി പരുങ്ങി. ഫിസിക്സിലെ ഒരു ആശയം വ്യക്തമാക്കാൻ പറഞ്ഞപ്പോഴും അറിയാമായിരുന്നെങ്കിലും ഇംഗ്ലിഷ് അറിവില്ലാത്തതിനാൽ ശരിക്കും ബുദ്ധിമുട്ടി. അന്നു തിരിച്ചു മുറിയിലെത്തിയ സുരഭി നിർത്താതെ കരഞ്ഞു. ബാഗുമെടുത്തു വീട്ടിലേക്കു തിരിച്ചുപോകാൻ തീരുമാനിച്ചു. വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ കോളജിൽതന്നെ തുടർന്നു പഠിക്കാനായിരുന്നു നിർദേശം. സുരഭി പഠനം നിർത്തി തിരിച്ചുപോയാൽ പിന്നീടു ഗ്രാമത്തിൽനിന്ന് ഒരു പെൺകുട്ടി പോലും പഠിക്കാൻ ആഗ്രഹിക്കുകയില്ല എന്നുമവർ പറഞ്ഞു. അതോടെ പഠിത്തം മാത്രമായി മനസ്സിൽ. ഇരട്ടി അധ്വാനം തന്നെ നടത്തി. ഇംഗ്ലിഷും പഠിച്ചു. ഒടുവിൽ കോളജിൽ മാത്രമല്ല, സർവകലാശാലയിൽതന്നെ ഏറ്റമുയർന്ന മാർക്ക് വാങ്ങി വിജയിച്ചു– ചാൻസലേഴ്സ് സ്കോളർഷിപ്പും കരസ്ഥമാക്കി.
സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനുമുമ്പുതന്നെ വേറെ കുറെ പരീക്ഷകൾ സുരഭി എഴുതി. എല്ലാ മൽസരപരീക്ഷകളിലും മികച്ച വിജയം. ഇന്ത്യൻ എൻജിനീയറിങ് സർവീസസ് പരീക്ഷ വിജയിക്കുന്നത് രാജ്യത്തെ ഒന്നാംസ്ഥാനക്കാരിയായി. പക്ഷേ അപ്പോഴും സിവിൽ സർവീസ് എന്ന മോഹം കൈവിട്ടിരുന്നില്ല. വീട്ടിൽവിളിക്കുമ്പോൾ അമ്മയും ഓർമിപ്പിച്ചു കുട്ടിക്കാലത്തുതന്നെ മനസ്സിൽ വളർന്ന ഐഎഎസ് മോഹം. അക്കാലത്ത് റെയിൽവേയിൽ സുരഭി ജോലിക്കുചേർന്നു, ഒപ്പം ഐഎഎസ് പരിശീലനവും. അപ്പോഴൊക്കെയും ഒരു നിമിഷം പോലും കളയാതെ സുരഭി പഠിച്ചു.
നിരാശയുടെ നിമിഷങ്ങൾ ഇല്ലെന്നല്ല. അപ്പോൾ അമ്മയെ വിളിക്കും. സുരഭിയുടെ അമ്മയ്ക്ക് 23 ാം വയസ്സിൽ മൂന്നു മക്കളുണ്ടായിരുന്നു. ഇളയകുട്ടിക്കു 10 മാസം മാത്രം പ്രായം. വീട്ടിൽനിന്നു 10 കിലോമീറ്റർ അകലെ ഒരു സ്ഥാപനത്തിൽ ജോലിയും പിന്നെ വീട്ടുജോലികളും. അത്രയും കഷ്ടപ്പാടൊന്നും ഇല്ലല്ലോ ഇപ്പോൾ എന്നോർമിക്കുമ്പോൾ സുരഭി നിരാശ മറന്നു പഠിക്കാനിരിക്കും. ഒടുവിൽ 50 ാം റാങ്കോടെ സിവിൽ സർവീസിൽ. ഗുജറാത്ത് കേഡറിൽ ഉദ്യോഗസ്ഥയായി ചേർന്നു. ഇപ്പോൾ വഡോദരയിൽ അസിസ്റ്റന്റ് കലക്ടറാണ് ഒരിക്കൽ ഇംഗ്ലിഷിൽ സംസാരിക്കാൻ കഴിവില്ലാത്തതിന്റെ പേരിൽ കരഞ്ഞുതളർന്ന അതേ പെൺകുട്ടി.