രാജ്യത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഡെലിവറി ഏജന്റ്; ഇത് പ്രീതിഷയുടെ കഥ

ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളും ഉണ്ട്. നല്ലതും ചീത്തയുമായ സംഭവങ്ങളുമുണ്ട്. നല്ല ഓർമകളാണ് എനിക്കു വേണ്ടത്. ചീത്ത ഓർമകളെ കഴിഞ്ഞ കാലത്തിൽ ഉപേക്ഷിക്കാം. പറയുന്നതു പ്രീതിഷ പ്രേംകുമാരൻ. ആൺകുട്ടിയായി ജനിച്ചെങ്കിലും സ്ത്രീത്വം തിരിച്ചുപിടിച്ചു കുടുംബജീവിതം നയിക്കുന്ന ട്രാൻസ്ജെൻഡർ. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഡെലിവറി ഏജന്റാണ് ഇപ്പോൾ പ്രീതിഷ. ചെന്നൈയിൽ ഊബർ ഈറ്റ്സിൽ ജോലി. ഏറെ പ്രതിസന്ധികളെ അതിജീവിക്കേണ്ടിവന്നു. സന്തോഷത്തിന്റെ ഇന്നിലെത്താൻ ഇന്നലെകളിൽ കണ്ണീരിന്റെ പുഴകളും ധർമസങ്കടങ്ങളുടെ വെല്ലുവിളികളും ഏറ്റെടുക്കേണ്ടിവന്നു. ഇന്നു സന്തോഷവതിയാണ് പ്രീതിഷ. സംതൃപ്തയും. 

പ്രീതിഷ ജനിക്കുന്നത് ആൺകുട്ടിയായി; തമിഴ്നാട്ടിലെ തിരുനൽവേലിയിൽ. തന്റെ ഉള്ളിലെ പെൺകുട്ടിയെ പ്രീതിഷ തിരിച്ചറിയാൻ തുടങ്ങുന്നത് 9–ാം ക്ലാസ് വിദ്യാർഥിയായിരിക്കുമ്പോൾ. പക്ഷേ, അന്നു ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ മനസ്സിലായില്ല; വൈകാരിക പ്രതിസന്ധിയിലേക്കാണു നീങ്ങുന്നതെന്നും. 11–ാം ക്ലാസിൽ പഠിക്കുമ്പോൾ തീർച്ചയായി. എല്ലാവരും കരുതുന്നതുപോലെ താൻ ആണല്ല, പെണ്ണാണ്. എത്രയും വേഗം പെൺജീവിതം തിരിച്ചുപിടിക്കുക. 

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതു പുണെയിൽ. എതിർപ്പിനേക്കാൾ ആശങ്കയായിരുന്നു കുടുംബത്തിൽ. സമൂഹം എന്നെ എങ്ങനെ കാണും, എന്താകും ഭാവി. എന്തു ജോലിയെടുത്തു ജീവിക്കും തുടങ്ങിയ ആശങ്കകൾ– പ്രീതിഷ ഓർമകളിലേക്ക്. ട്രാൻസ്ഡെൻഡറുകൾ വീണുപോകാവുന്ന ചതിക്കുഴികളെക്കുറിച്ചും കുടുംബത്തിന് അറിയാമായിരുന്നു. അത്തരം ചതിക്കുഴികളിൽ തങ്ങളുടെ കുട്ടി വീഴരുതെന്ന് അവർ ആഗ്രഹിച്ചു. എങ്കിലും പരിഹാസത്തിനൊപ്പം മർദനവും അംഗീകാരത്തിനു പകരം അവഗണനയും നേരിടേണ്ടിവന്നു. ആ ചീത്തക്കാലത്തെക്കുറിച്ച് ഇന്ന് ഓർമിക്കാൻപോലും താൽപര്യമില്ല പ്രീതിഷയ്ക്ക്. 

അന്തസ്സോടുകൂടി ജോലിയെടുത്ത്, മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കണം. അങ്ങനെയൊരു തീരുമാനം ആദ്യംതന്നെ കൈക്കൊണ്ടു. ലോക്കൽ ട്രെയിനുകളിൽ കീ ചെയിൻ വിൽക്കുന്ന ജോലിയാണ് ആദ്യം ചെയ്തത്. ഭിക്ഷ യാചിക്കാൻ തയാറല്ലായിരുന്നു. അതുകൊണ്ടാണ് ചെറിയ ജോലി ആദ്യം ഏറ്റെടുത്തത്. ദിവസം 400 രൂപ വരെ ലഭിക്കുമായിരുന്നു അന്ന്. 

ശസ്തക്രക്രിയയ്ക്കുശേഷം രണ്ടുവർ‌ഷം പുണെയിൽ. പിന്നീട് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക്. അവിടെ നീണ്ട ആറുവർഷം. അക്കാലത്താണു കലാകാരിയിലേക്കുള്ള മാറ്റം സംഭവിക്കുന്നതും. തെരുവുനാടകങ്ങളിൽ സജീവമായി. ട്രാൻസ്ജെൻഡർ ഗ്രൂപ്പുകളിലും ചേർന്നു. വിവാഹങ്ങളും ജൻമദിന ആഘോഷങ്ങളുമൊക്കെയായി ആഹ്ലാദകാലം. പാട്ടു പാടി,നൃത്തം ചെയ്തു. കലയിലൂടെ ജീവിതമാർഗം കണ്ടെത്തുന്നതിൽ ഒരു നാണക്കേടും തോന്നിയില്ല. ഡൽഹിയിൽ‌നിന്നു ചെന്നൈയിലേക്ക്. അവടെയും കലാപ്രവർത്തനങ്ങൾ.

പക്ഷേ, സ്ഥിരമായ വരുമാനം ഇല്ല എന്നതു പ്രതിസന്ധിയുണ്ടാക്കി. ട്രാൻസ്ജെൻഡറുകളുടെ പുനരധിവാസത്തിനുവേണ്ടി പ്രവർത്തിക്കുന്ന പെരിഫെറി എന്ന സംഘടനയുമായി പരിചയപ്പെട്ടു. അങ്ങനെയാണ് ഊബർ ഈറ്റ്സിൽ ജോലി ശരിയാകുന്നത്. ഉച്ചയോടെ ജോലി തുടങ്ങും. അർധരാത്രി വരെ നീണ്ടുനിൽക്കും. ഉച്ചയ്ക്കുമുമ്പ് വീട്ടുജോലികൾ ചെയ്തിട്ടാണു ജോലിക്കു പോകുന്നത്. പത്തിൽക്കൂടുതൽ ഓർഡറുകൾ എല്ലാ ദിവസവും ഉണ്ടാകും. 700 രൂപ വരെ ദിവസ വരുമാനം.

ഡെലിവറി ഏജന്റ് എന്ന നിലയിൽ തനിക്കു സ്നേഹവും പിന്തുണയും കിട്ടുന്നുണ്ടെന്നു പറയുന്നു പ്രീതിഷ. അടുത്തിടെ ഒരു വീട്ടിൽ ചെന്നപ്പോൾ അവിടുത്തെ അമ്മ സ്വീകരിച്ചതു സ്നേഹത്തോടെ. ചായ കുടിക്കാൻ 20 രൂപയും അവർ കൊടുത്തു. പണമല്ല സ്നേഹമാണ് പ്രീതിഷയുടെ ഹൃദയത്തെ സ്പർശിച്ചത്. 

മറ്റൊരിടത്ത് മൂന്നാം നില വരെ നടന്നുകയറേണ്ടിവന്നു. ആ വീട്ടിലെ അമ്മ അകത്തേക്കു ക്ഷണിച്ച് ഇരിക്കാൻ പറഞ്ഞ് വെള്ളം കുടിക്കാൻ തന്നു. 

ട്രാൻസ്ജെൻഡറുകളെ പ്രത്യേകതയുള്ളവരായല്ല സാധാരണ മനുഷ്യരായാണ് കാണേണ്ടതെന്നു പറയുന്നു പ്രീതിഷ. അവർക്ക് ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും ലഭിക്കേണ്ടതുണ്ട്. 

ഒരു പ്രണയകഥയിലെ നായിക കൂടിയാണ് പ്രീതിഷ. ജീവിതപങ്കാളി പ്രേം കുമാരനെ കണ്ടെത്തുന്നത് സമൂഹമാധ്യമത്തിലൂടെ. തമിഴ്നാട്ടിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ വിവാഹം. അഞ്ചുവർഷത്തോളം നീണ്ട സൗഹൃദത്തിനൊടുവിൽ ഈ വർഷത്തെ വനിതാദിനത്തിൽ അവർ ഒന്നായി.