ആഗ്രഹിച്ചാൽ ഒരു നിമിഷം മതി മുഖ്യമന്ത്രിയാകാൻ: ഹേമ മാലിനി

യഥാർഥ ജീവിതത്തിൽ ആരുതന്നെയായാലും, വെള്ളിത്തിരയിൽ നടീനടൻമാർക്ക് വ്യത്യസ്ത വേഷങ്ങൾ അഭിനയിക്കാം. അവിടെ അവർ കഥകളിലെ കഥാപാത്രങ്ങൾ. ഡോക്ടർ,എൻജിനീയർ, വക്കീൽ, മന്ത്രി, രാഷ്ട്രീയനേതാവ് എന്നിങ്ങനെ വ്യത്യസ്ത വേഷങ്ങൾ. പാട്ടു പാടാം,ആടാം,കരയാം,ചിരിക്കാം. അതൊക്കെ കഥയ്ക്കും കഥാപാത്രങ്ങൾക്കും വേണ്ടി. സിനിമയിലെ വ്യത്യസ്ത വേഷങ്ങളിലൂടെ ആർജിച്ച പ്രശസ്തിയിൽ പൊതുജീവിതത്തിൽ ഉയരങ്ങളിലെത്തിയ ഏറെപ്പേരുണ്ട് ഇന്ത്യയിൽ. തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയ എംജിആറും ജയലളിതയും മുതൽ എൻ.ടി. രാമറാവു ഉൾപ്പെടെ ഒട്ടേറെ താര– നേതാക്കൾ. 

ബോളിവുഡിൽ ഡ്രീം ഗേൾ എന്നു പേരും പെരുമയും നേടിയ പ്രശസ്ത നടി ഹേമ മാലിനി രാഷ്ട്രീയത്തിലെത്തിയതും എംപി വരെയായയും സിനിമയിലൂടെ നേടിയ പ്രശസ്തിയിലൂടെത്തന്നെ. ബിജെപി അംഗവും നിലവിൽ ഉത്തർപ്രദേശിലെ മധുരയിൽ നിന്നുള്ള പാർലമെന്റംഗവുമാണ് ഹേമ. ഇക്കഴിഞ്ഞദിവസം അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിച്ചിരിക്കുകയാണ് നടി.

ഒപ്പം ബിജെപിയിൽ വലിയൊരു വിവാദത്തിനും വിത്തിട്ടിരിക്കുന്നു. തനിക്ക് ആഗ്രഹമുണ്ടെങ്കിൽ ആ നിമിഷം തന്നെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകാം എന്നാണു നടി പറഞ്ഞത്. പക്ഷേ മുഖ്യമന്ത്രി സ്ഥാനത്തോടു തനിക്കു താൽപര്യമില്ലെന്നും നടി വെളിപ്പെടുത്തി. ഇന്ത്യയുടെ ഹൃദയഭൂമി എന്നുപോലും അറിയപ്പെടുന്ന, ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഹേമ മാലിനി അഭിപ്രായം പറഞ്ഞതിന്റെ ലക്ഷ്യം വ്യക്തമല്ലെങ്കിലും പാർട്ടിയും പൊതുസമൂഹത്തിലും ചർച്ചയായിരിക്കുകയാണ് അവരുടെ വാക്കുകൾ. 

പാർട്ടി പ്രവർത്തകരെപ്പോലും ഞെട്ടിച്ച് അപ്രതീക്ഷിത നോമിനിയായി എത്തിയ യോഗി ആദിത്യനാഥാണ് ഇപ്പോൾ ഉത്തർപ്രദേശിലെ മുഖ്യമന്ത്രി. പാർലമെന്റംഗമായിരുന്ന അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്തേക്കു നിയോഗിക്കുകയായിരുന്നു ബിജെപി. സംസ്ഥാനത്തുനിന്നുള്ള മറ്റൊരു പാർലമെന്റംഗമായ ഹേമമാലിനിയാകട്ടെ, മുഖ്യമന്ത്രി സ്ഥാനത്ത് എത്താൻ തനിക്കു മുന്നിൽ തടങ്ങളൊന്നുമില്ലെന്നു വ്യക്തമാക്കിയിരിക്കുന്നു. 

ആഗ്രഹിച്ചാൽ ആ നിമിഷം തന്നെ എനിക്കു മുഖ്യമന്ത്രിയാകാം. പക്ഷേ അത്തരമൊരു സ്ഥാനത്ത് കെട്ടിയിടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ സ്വാതന്ത്ര്യം അതോടെ അവസാനിക്കും– അവസരം കിട്ടിയാൽ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിനു മറുപടിയായി നടി പറഞ്ഞു. 

ബോളിവുഡിലെ പ്രശസ്തിയുടെ പേരിലാണ് താൻ പൊതുജനങ്ങൾക്കിടയിൽ അറിയപ്പെട്ടതെന്നു പറഞ്ഞ നടി ഡ്രീം ഗേൾ എന്ന വിശേഷണത്തെക്കുറിച്ചും കൗതുകത്തോടെ പരാമർശിച്ചു. പാർലമെന്റംഗമാകുന്നതിനുമുമ്പു തന്നെ താൻ ഭാരതീയ ജനതാ പാർട്ടിയുടെ അടിയുറച്ച പ്രവർത്തകയായിരുന്നുവെന്നും ഹേമ മാലിനി പറഞ്ഞു. കഴിഞ്ഞ നാലുവർഷമായി മണ്ഡലത്തിനുവേണ്ടിയും ഒത്തിരി കാര്യങ്ങൾ ചെയ്തു. റോഡുകളുടെ അവസ്ഥയും മറ്റും മെച്ചപ്പെട്ടത് തന്റെ പ്രവർത്തനങ്ങളിലൂടെയാണെന്ന് അവകാശപ്പെടാനും ഹേമമാലിനി മറന്നില്ല. കൃഷ്ണന്റെ നഗരം എന്നു പേരു കേട്ട നഗരത്തിനുവേണ്ടി അധ്വാനിച്ച തനിക്ക് മണ്ഡലത്തിലെ ജനങ്ങളെ ഏറെ പ്രിയമാണെന്നും അവർ പറഞ്ഞു. ശുദ്ധജല ദൗർലഭ്യം മധുരയിൽ മാത്രമല്ല ലോകത്തുതന്നെ വലിയൊരു പ്രശ്നമാണെന്നും നടി സമ്മതിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താനും ഹേമമാലിനി മറന്നില്ല. രാജ്യത്തെ കർഷകർക്കും പാവപ്പെട്ടവർക്കും സ്ത്രീകൾക്കുംവേണ്ടി പ്രധാനമന്ത്രി നന്നായി അധ്വാനിക്കുന്നു. അദ്ദേഹത്തിന്റെ വലിയ പ്രവൃത്തികൾ കാണാതെ പോകരുത്. എതിർപാർട്ടികളിൽ ഉള്ളവർ എന്തുതന്നെ പറഞ്ഞാലും മോദി രാജ്യത്തു വികസനം സാധ്യമാക്കിയെന്നും നടി പറയുന്നു.