കടക്ക് പുറത്ത്; മാധ്യമ പ്രവർത്തകയോട് ട്രംപ് ഭരണകൂടം

ഇഷ്ടമില്ലാത്ത ചോദ്യം ചോദിക്കുന്ന പത്രപ്രവർത്തകയെ എങ്ങനെ നേരിടണം ? ‍ഉത്തരത്തിനുവേണ്ടി വിഷമിക്കേണ്ട. ഇഷ്ടമില്ലാത്ത ചോദ്യം ആവർത്തിച്ചു ചോദിക്കുന്ന പത്രപ്രവർത്തകരെ അടുത്ത പത്രസമ്മേളത്തിൽനിന്നു പുറത്താക്കുക എന്നതാണ് നയമെന്നു വ്യക്തമാക്കിയിരിക്കുന്നു അമേരിക്കയിലെ ട്രംപ് ഭരണകൂടം. സിഎൻഎൻ പത്രപ്രവർത്തക കെയ്റ്റ്‍ലൻ കോളിൻസിനാണ് പ്രസിഡന്റ് പങ്കെടുക്കുന്ന ചടങ്ങിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രസിഡന്റിന്റെ പദവിയെ പത്രപ്രവർത്തകരുൾപ്പെടെ എല്ലാവരും ബഹുമാനിക്കണം എന്ന വാദം ചൂണ്ടിക്കാട്ടിയാണ് പത്രപ്രവർത്തകയെ വിലക്കാനുള്ള തീരുമാനം വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓവൽ ഓഫിസിൽ പ്രസിഡന്റ് ട്രംപിനോട് ശബ്ദമുയർത്തി ചോദ്യം ചോദിച്ചു എന്നതാണു പത്രപ്രവർത്തകയെ പുറത്താക്കാനുള്ള കാരണമായി പറയുന്നത്. ശബ്ദമുയർത്തിയ പത്രപ്രവർത്തകയ്ക്ക് റോസ് ഗാർഡനിൽ നടക്കുന്ന ചടങ്ങിലേക്കു ക്ഷണമില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. 

സ്വതന്ത്ര പത്രപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ട്രംപ് ഭരണകൂടത്തിന്റേത്. പക്ഷേ, പ്രസിഡന്റ് പദവിയെ ബഹുമാനിക്കാത്തതിനു ന്യായീകരണില്ല: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ഒരു പത്രപ്രവർത്തകയ്ക്കു മാത്രമാണു വിലക്കെന്നും അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്നുള്ള മറ്റാർക്കുവേണമെങ്കിലും പ്രസിഡന്റിന്റെ ചടങ്ങിൽ പങ്കെടുക്കാവുന്നതാണെന്നും സാൻഡേഴ്സ് വിശദീകരിച്ചു. 

ഓവൽ ഓഫിൽവച്ച് കോളിൻസ് ഉറക്കെയാണത്രെ ചോദ്യങ്ങൾ ചോദിച്ചത്. ഉത്തരം കിട്ടാതെവന്നപ്പോൾ അവ ആവർത്തിച്ചു എന്നു മാത്രമല്ല ഉത്തരം കിട്ടാതെ മടങ്ങിപ്പോകില്ലെന്നു വാശിപിടിച്ചത്രേ. ഇതാണ് വൈറ്റ് ഹൗസ് അധികൃതരെ ചൊടിപ്പിച്ചതും പത്രപ്രവർത്തകയ്ക്ക് വിലക്ക് ഏർപ്പെടുത്താൻ കാരണമായതും. 

ട്രംപിന്റെ പുതിയ നയത്തിന് വ്യാപക എതിർപ്പാണ് പത്രപ്രവർത്തകർക്കും കോളിൻസ് ജോലി ചെയ്യുന്ന പത്രസ്ഥാപനത്തിനും. വൈറ്റ് ഹൗസും മാധ്യമ പ്രവർത്തകരും തമ്മിൽ നിരന്തര സംഘർഷത്തിലാണെങ്കിലും ഇതാദ്യമായാണ് ഒരു വനിതയെ ഒറ്റപ്പെടുത്തിയുള്ള വിലക്കു വരുന്നത്. 

ഓവൽ ഓഫിസിൽ പ്രസിഡന്റ് പങ്കെടുത്ത ചടങ്ങ് കഴിഞ്ഞയുടൻ വൈറ്റ് ഹൗസ് ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയെന്നു പറയുന്നു കോളിൻസ്. റോസ് ഗാർഡനിൽ നടക്കുന്ന ചടങ്ങിലേക്കു നിങ്ങൾക്കു ക്ഷണമില്ലെന്നും അവിടെവച്ച് കോളിൻസിനോടു പറഞ്ഞു. ചോദ്യങ്ങൾ അനവസരത്തിലായിപ്പോയി എന്നവർ പറഞ്ഞു. ചോദ്യം ചോദിക്കുന്നതിനുപകരം ബഹളമുണ്ടാക്കാനാണു ശ്രമിച്ചെതെന്നും പറഞ്ഞത്രേ.