പെണ്ണെന്നാൽ കിടക്ക പങ്കിടാനുള്ള ഉപകരണം എന്നു ചിന്തിക്കുന്നവർക്ക്; സീമയുടെ മറുപടി

ജീവിതത്തിലെ കഷ്ടപ്പാടുകളെ പൊരുതി തോൽപ്പിച്ച ഹനാൻ എന്ന പെൺകുട്ടിയും അവളെക്കുറിച്ചുള്ള വാർത്തകളുമായിരുന്നു  കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം. പെൺകുട്ടിയുടെ പോരാട്ടത്തിന്റെ കരുത്തറിഞ്ഞ പലരും അവളെ അഭിനന്ദിച്ചുകൊണ്ട് സഹായവാഗ്ദാനങ്ങൾ നൽകിയതിനു പിന്നാലെയാണ് ചിലർ ഹനാൻ എന്ന പെൺകുട്ടിയ്ക്കെതിരെ ചില ലൈവ് വിഡിയോകളുമായി രംഗത്തെത്തിയത്.

വ്യാജവാർത്തയുടെ ഉറവിടമറിയാതെ, സത്യം എന്തെന്ന് അന്വേഷിക്കുക പോലും ചെയ്യാതെ പലരും ആ ഫെയ്ക്ക് വിഡിയോകളുടെ അടിസ്ഥാനത്തിൽ അവളെ വിലയിരുത്തി. അവൾക്കു നേരെ ആക്ഷേപശരങ്ങൾ തൊടുത്തു. കൗമാരം വിടാത്ത ഒരു കൊച്ചുപെൺകുട്ടിയാണെന്ന കരുതൽ പോലും നൽകാതെ ചിലർ സഭ്യമല്ലാത്ത ഭാഷയുപയോഗിച്ച് അവളെ അധിക്ഷേപിച്ചു.

ഹനാന്റെ ജീവിതത്തിനു പിന്നിലെ സത്യാവസ്ഥ അവളുടെ അധ്യാപകരും സഹപാഠികളും ലോകത്തോടു വിളിച്ചു പറഞ്ഞു. ഹനാനിൽ അഭിമാനമുണ്ടെന്നു പറഞ്ഞ് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിപ്പെഴുതി. അവൾക്കെതിരെ നടന്ന സൈബർ ആക്രമണങ്ങളുടെ പിന്നിലുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി. സമൂഹമാധ്യമങ്ങളിലൂടെ അവളെ അധിക്ഷേപിച്ചവരെയൊക്കെ ഒന്നൊന്നായി അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ഇപ്പോൾ.

പെൺകുട്ടി ക്രൂരമായ സൈബർ ആക്രമണത്തിന് വിധേയരായപ്പോൾ സഭ്യതയുടെ സകല സീമകളും ലംഘിച്ച് അവളെ അധിക്ഷേപിച്ച ചിലരുടെ പ്രൊഫൈലുകൾ പങ്കുവച്ചുകൊണ്ട് ഒരുപാടാളുകൾ അവൾക്ക് പിന്തുണയുമായെത്തി. അത്തരമൊരു പ്രൊഫൈൽ പങ്കുവച്ചിരിക്കുകയാണ് ഫൊട്ടോഗ്രാഫറായ സീമ സുരേഷ് നീലാംബരി മോഹൻ. സഭ്യതയുടെ സകല അതിരുകളും ലംഘിച്ചുകൊണ്ട് ഹനാനെ അധിക്ഷേപിച്ച വ്യക്തിയുടെ പ്രൊഫൈൽ പങ്കുവച്ചുകൊണ്ട് സീമ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ :- 

പെണ്ണെന്നാൽ ...കിടക്ക പങ്കിടാനുള്ള ഉപകരണം മാത്രമാണെന്ന് ചിന്തിക്കുന്ന ചിലരുണ്ട് ...

അഭിമാനബോധത്തിൽ ജീവിക്കുന്ന സ്‌ത്രീകളെ മൊബൈൽ കീ പാടിലെ അക്ഷരങ്ങൾ കൊണ്ട്

മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നവരുമുണ്ട് ...

മറ്റു ചിലരുണ്ട് ...അധികാരത്തിന്റെ ഹുങ്ക് കൊണ്ട് "ചീത്ത പേരുണ്ടാക്കിയവൾ ,ട്രൈ ചെയ്‌താൽ കിട്ടും "എന്ന് വാമൊഴി കൊണ്ട്

സ്വന്തം മുഖത്തെ ചളിപ്പു മാറ്റാൻ ശ്രമിക്കുന്ന

തലത്തൊട്ടപ്പന്മാർ ...വിദ്യാഭാസം കൊണ്ടും ഉന്നത കുലജാതരെന്നും സ്വയം അവകാശപ്പെടുന്നവർ ...

ഇതൊക്കെ കേട്ടിട്ടും പ്രതികരിക്കാതിരിക്കുകയാണ് നല്ലതെന്ന് വിചാരിക്കുന്നവരുണ്ട് ...സ്ത്രീകളിൽ ...

അവർ പലപ്പോഴും മൗനം

പാലിക്കുന്നത് കൊണ്ട് .. ആരും ,അത് അവരുടെ കഴിവുകേടാണെന്നു വിചാരിക്കുകയുമരുത് ...

പ്രിയ ഹനാൻ .....

നീ തളരരുത് ...പൊരുതുക ....

ഇരുപതാം വയസ്സിൽ നീ നേരിട്ട ഈ വേദനകൾ ...നിനക്ക് നാളെയിലേക്ക്

മനക്കരുത്തോടെ ഉയിർത്തെഴുന്നേൽക്കാനുള്ള ചുവടാണ് ...

ഹനാൻ ....

നിനക്കെതിരെ അപവാദ പ്രചാരണം നടത്തിയവരെ

നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നുള്ള

വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നു ...

ഇത്തരത്തിൽ അപവാദ പ്രചാരണം നടത്തുന്ന

മഹാന്മാരെ ചൂണ്ടിക്കാണിക്കുമ്പോൾ ഞങ്ങളുണ്ട് കൂടെ എന്ന് പറയുന്ന പോലീസും കോടതിയും പൊതു ജനവും ...

അത് തന്നെയാണ് കുഞ്ഞേ നിന്റെ കരുത്ത് ...

ഞങ്ങളുടെയും ....എന്റെയും ....