ദിവസേന വായ്പ തിരിച്ചടയ്ക്കാം, അതും 15 രൂപ മുതൽ; 3 ലക്ഷം സ്ത്രീകളുടെ സ്വപ്നസാക്ഷാത്കാരം

Photo Credit: World Economic Forum.

ദിവസേന വായ്പാത്തുക തിരിച്ചടയ്ക്കാൻ കഴിയുന്ന ഒരു ബാങ്ക്. 15 രൂപ മുതൽ എത്ര തുക വേണമെങ്കിലും തിരിച്ചടയ്ക്കാം. അയ്യായിരം രൂപ പോലും വായ്പ ലഭിക്കും. ബാങ്കിൽ പോകാൻ സാധിക്കാത്തവരെ വീടുകളിൽ തേടിവരുന്ന ഫീൽഡ് ഓഫിസർമാർ. ഒരു ധനകാര്യ സ്ഥാപനം എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം.

സ്വപ്നത്തിലെ ബാങ്കിനെക്കുറിച്ചല്ല ഈ വിവരണം. ഇന്ത്യയിൽ മഹാരാഷ്ട്ര സംസ്ഥാനത്തു പ്രവർത്തിക്കുന്ന മൻ ദേശി ബാങ്ക്. ഗ്രാമീണ സ്ത്രീകളുടെ അഭയം. വായ്പ കൊടുക്കുക മാത്രമല്ല, ശാക്തീകരണത്തിലൂടെ ഗ്രാമീണ സ്ത്രീകളെ സ്വയം പര്യാപ്തതയുള്ള വ്യക്തികളാക്കി മാറ്റുന്ന മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനം. മൊബൈൽ ഫോൺ വാങ്ങാൻ പോലും വായ്പ. സ്വന്തമായ സംരഭങ്ങൾ തുടങ്ങാൻ സഹായം. ലളിതമായ തിരിച്ചടവു വ്യവസ്ഥകൾ. ഒരു യുവതി തുടക്കമിട്ട മൻ ദേശി ബാങ്ക് ഗ്രാമീണ സ്ത്രീകളുടെ ഏതാവശ്യത്തിനും വിളിപ്പുറത്തുള്ള സ്ഥാപനമായി മാറിയിരിക്കുന്നു. 

ബാങ്കിന്റെ തുടക്കം 1997–ൽ. സ്ഥാപക ചേതനാ സിൻഹ. എട്ടു ശാഖകൾ വഴി 140 പ്രവർത്തകരിലൂടെ മൂന്നുലക്ഷത്തിലധികം സ്ത്രീകൾക്കു കരുതലിന്റെ കരം നീട്ടുകയാണു ബാങ്ക്. സ്ഥാപകയായ ചേതന സിൻഹ ജനിച്ചുവളര്‍ന്നതു മുംബൈയിൽ. സാമൂഹിക പ്രവർത്തനത്തിലേക്കു ചെറുപ്പത്തിലേ ആകർഷിക്കപ്പെട്ടു. ബാങ്ക് അക്കൗണ്ട് എങ്ങനെ തുടങ്ങുമെന്ന് ഒരു ഗ്രാമീണ സ്ത്രീ അന്വേഷിച്ചപ്പോഴാണ് ഗ്രാമങ്ങൾക്കും ഗ്രാമീണ സ്ത്രീകൾക്കുംവേണ്ടി ബാങ്ക് എന്ന ആശയം ചേതനയിൽ ഉടലെടുക്കുന്നത്. 

കാരുണ്യം പ്രതീക്ഷിച്ചല്ല ആ സ്ത്രീ എന്നെ സമീപിച്ചത്. സാമ്പത്തിക സഹായവും അവർക്കു വേണ്ട. പണം ഭദ്രമായി നിക്ഷേപിച്ച്, കുടുംബത്തിനു മികച്ച ഭാവി ഉറപ്പാക്കുകയാണ്  ലക്ഷ്യം. ദിവസ വേതനക്കാരായ ഇത്തരം സ്ത്രീകളെ സഹായിക്കാൻ എന്തു ചെയ്യാമെന്നു ഞാൻ ആലോചിച്ചു. അങ്ങനെയാണ് ബാങ്ക് എന്ന ആശയം മനസ്സിൽവരുന്നത് – ചേതന ഓർമിക്കുന്നു. പക്ഷേ, ഒന്നോ രണ്ടോ ദിവസംകൊണ്ട് സ്വപ്നം സഫലമായില്ല. ചേതന സഹായിക്കാൻ ആഗ്രഹിച്ച വനിതകൾ നിരക്ഷരരാണ്. അവർക്കുവേണ്ടി ഒരു ബാങ്ക് തുടങ്ങാൻ അനുമതി നിഷേധിക്കപ്പെട്ടു. അധികൃതർ അനുകൂല മനോഭാവം കാണിച്ചില്ലെങ്കിലും ഗ്രാമങ്ങളിലെ പാവപ്പെട്ടവർ ചേതനയ്ക്കൊപ്പം നിന്നു. ആദ്യം തങ്ങളെ എഴുത്തും വായനയും പഠിപ്പിക്കാൻ അവർ ആവശ്യപ്പെട്ടു. അങ്ങനെ ഇച്ഛാശക്തിയും ദൃഡനിശ്ചയവും ആത്മവിശ്വസവും കൂടിയായപ്പോൾ ബാങ്ക് എന്ന ആശയത്തിനു ചിറകു മുളച്ചു. 

ബാങ്കിന്റെ തുടക്കം ആറുലക്ഷം രൂപയുടെ മൂലധന നിക്ഷേപവുമായി. മഹാരാഷ്ട്രയിലും കർണാടകയിലും പ്രവർത്തനം. ഐഎസ്ഒ 9001–2000 സർട്ടിഫിക്കേഷനുള്ള സ്ഥാപനം വിജയകരമായി പ്രവർത്തിക്കുന്നു. ചെറുകിട വായ്പ പദ്ധതികളിലൂടെ തുടക്കം. അഞ്ചു വർഷത്തേക്കും ഒരുദിവസത്തേക്കും വരെ വായ്പ. അയ്യായിരം രൂപ വരെയും വായ്പ. ദിവസേന തിരിച്ചടയ്ക്കാനുള്ള സൗകര്യം. ഗ്രാമീണ സ്ത്രീകൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥാപനം എന്ന പേര് നേടിക്കഴിഞ്ഞു മൻ ദേശി ബാങ്ക്. 

സ്വർണപ്പണയത്തിലും വായ്പ നൽകുന്ന സ്ഥാപനം രണ്ടു പേരുടെ ഗ്യാരന്റിയിൽ  വ്യക്തികൾക്ക് 15,000 രൂപ വരെ വായ്പ അനുവദിക്കുന്നു. തിരിച്ചടയ്ക്കാൻ ലളിതമായ വ്യവസ്ഥകൾ. 15 രൂപ, 20 രൂപ എന്നിങ്ങനെയും തിരിച്ചടയ്ക്കാം. ഓരോ ഫീൽഡ് ഓഫിസർമാരും ദിവസേന മുന്നൂറോളം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നു. മൻ ദേശി ബാങ്കിന്റെ വിവിധ ശാഖകളിലായി ദിവസേന നടക്കുന്നത് പതിനയ്യായിരത്തോളം ഇടപാടുകൾ. ബാങ്കിൽ എത്താൻ കഴിയാത്തവർക്കു വീട്ടിലിരുന്നും ഇടപാടുകൾ നടത്താം. ബാങ്ക് എങ്ങനെയാകണമെന്നാണോ ആഗ്രഹിക്കുന്നത് ആ സ്വപ്നത്തിന്റെ സാഫല്യമാണു മൻ ദേശി ബാങ്ക്– പ്രതിജ്ഞാബദ്ധതയുള്ള ഒരു വനിതയുടെ ഇച്ഛാശക്തിയുടെ സാഫല്യം.